അയ്യപ്പനും അവധിക്കാല ഓർമ്മകളും..!!!!

അയ്യപ്പനും അവധിക്കാല ഓർമ്മകളും

■ പദ്മശ്രീ നായർ ■

പതിവു പോലെ ഈ ഞായറാഴ്ചയും ഒമ്പത് മണിക്ക് അമ്മയും മകളും പങ്കെടുക്കുന്ന ടെലഫോണിക് നാട്ടുവിശേഷം പരിപാടി. ഒരുമണിക്കൂറില്‍ അധികം നീണ്ടു പോയി വിശേഷങ്ങൾക്കിടയിൽ അമ്മ പറഞ്ഞു   “ങാ.. പറയാന്‍ മറന്നു.. നമ്മുടെ അയ്യപ്പന്‍ മരിച്ചൂ ട്ടോ. കുറെ കാലായി സുഖല്ല്യാതെ കിടപ്പിലായിരുന്നു..”

മനസ്സ് വർഷങ്ങൾ പുറകോട്ടു തിരിച്ചു നടന്നു. കട്ടുറുമ്പും കുഴിയാനയും മേഞ്ഞു നടന്നിരുന്ന അമ്മ വീടിന്‍റെ തിരുമുറ്റം. പേരു കേട്ട തറവാട്ടിലെ, പത്തിരുനൂറു പറക്കു കൃഷി നടത്തിയിരുന്ന, പണിക്കാർക്ക് കൂലി കൊടുക്കേണ്ട സമയത്ത് കൃത്യമായി നെഞ്ചു വേദന അഭിനയിക്കുന്ന ധനാഡ്യനായ മുത്തശ്ശന്‍. ഭർത്താവിനെ ഭയഭക്തി ബഹുമാനത്തോടെ “പിന്നേയ്” എന്നഭിസംബോധന ചെയ്തിരുന്ന അമ്മമ്മ.. അവിവാഹിതയായ വല്യമ്മ.. പിന്നെ അമ്മാമന്‍.

വർഷത്തിലൊരിക്കൽ വേനലവധിക്ക് ഞങ്ങളും ചെറ്യമ്മയുടെ മക്കളും ഒക്കെ ഒത്തുകൂടുന്നിടം. ‘കുട്ടികളൊന്നും കക്കൂസ് വൃത്തികേടാക്കണ്ട.. കുളതൊടിയില്‍ പോയാ മതി’ എന്ന് നേരത്തെ തന്നെ വല്യമ്മയുടെ ഓർഡർ ഉള്ളത് കൊണ്ട് രാവിലെ എഴുന്നേറ്റു അഞ്ചാറുപേരുള്ള സംഘം ഉമിക്കരിയും ഈർക്കിലിയുമായി ആയി കുളത്തോടിയിലേക്ക്. പോകുന്ന വഴിക്ക് വീണു കിടക്കുന്ന ഞാവൽപ്പഴങ്ങൾ പെറുക്കി കൂട്ടി പറ്റിപ്പിടിച്ചിരിക്കുന്നു മണ്ണ് കുളക്കടവില്‍ ഇരുന്നു കഴുകി വൃത്തിയാക്കുമ്പോള്‍ വരുന്നു അയ്യപ്പന്‍.

‘ഉണ്ണ്യേളെ .. അതിലപ്പടി മണ്ണല്ലേ.. തിന്നാനാക്വോ .തെരക്ക്‌ ഇത്തിരി ഒഴിയട്ടെ ഐപ്പന്‍ മരത്തീ കേറി ഞാറംമ്പഴം പറിച്ചു തരാട്ടോ.’

വീട്ടിലെ സ്ഥിരം ജോലിക്കാരനാണ് അവിവാഹിതനായ അയ്യപ്പന്‍. കറുത്ത് കുറുകിയ അയ്യപ്പന് തെങ്ങ് ചെത്തായിരുന്നു പണി. ഒരിക്കല്‍ തെങ്ങില്‍ നിന്ന് വീണു അപകടം പറ്റിയതിനു ശേഷം ആ പണി ഉപേക്ഷിച്ചു. എങ്കിലും കള്ളുകുടി ഉപേക്ഷിച്ചില്ല. പശുവിനെ കറക്കലും പാല് കൊണ്ടുപോയി കൊടുക്കലും അങ്ങാടിയില്‍ പോക്കും ഒക്കെയായി അയ്യപ്പന്‍ ഏതു സമയത്തും വീട്ടില്‍ കാണും. ചാണകത്തിന്റെയും തെങ്ങിന്പൂക്കുലയുടെയും കൂടിക്കുഴഞ്ഞ ഗന്ധമായിരുന്നു അയ്യപ്പന്. വീട്ടിലുള്ളവരെല്ലാം ഉച്ചമയക്കത്തില്‍ ആണ്ടിരിക്കുമ്പോള്‍, ആയ കാലത്ത് തെങ്ങില്‍ കേറിയതും, അടുത്ത വീട്ടിലെ മിലിട്ടറിക്കാരന്‍ ഗോപ്യാരുടെ വീട്ടില്‍ കേറിക്കൂടിയ മൂർഖൻ പാമ്പിനെ ഒറ്റയ്ക്ക് തല്ലിക്കൊന്ന വീര സാഹസിക കഥകള്‍ ഒക്കെ പറയും.. മൂർഖനെ തല്ലിക്കൊന്ന സംഭവത്തിന്‌ ശേഷം ഗോപ്യാരുടെ ഭാര്യ വിലാസിനയേട്ടത്തിക്ക് അയ്യപ്പനോട് ഭയങ്കര ആരാധന ആണത്രേ!

 ” ഇടക്കൊക്കെ ഈ വഴിക്ക് പോമ്പോ ഇങ്ങട് കേറീട്ട് ഒരു ചായ കുടിച്ചിട്ട് പൊക്കൂടെ ഐപ്പാ” എന്ന് ചോദിക്ക്വോത്രേ വിലാസിനിയേടത്തി.

ഒരിക്കല്‍ വൈക്കോല്‍ കൂനയില്‍ കള്ളുകുടം ഒളിപ്പിച്ചു വെച്ച് മദ്യപിച്ചു കൊണ്ടിരുന്ന അയ്യപ്പനെ മുത്തശ്ശന്‍ കൈയ്യോടെ പിടി കൂടി. കുറെ തല്ലി. ബൂർഷ്വാ മുതലാളിമാര്‍ പണ്ടും അങ്ങനെയായിരുന്നല്ലോ. നിസ്സഹായതയുടെ പര്യായം പോലെ അയ്യപ്പന്‍ നിന്നുകൊണ്ടു.

ഐപ്പന് വേദനിച്ചോ?
” ഹേയ്.. ഇല്ല്യ ഉണ്ണ്യേ..” അങ്ങിനെ പറഞ്ഞെങ്കിലും അയ്യപ്പന്‍റെ  വാക്കുകളില്‍ വേദനയുണ്ടായിരുന്നു..
“ഐപ്പെട്ടോ .. ങ്ങളെ കഞ്ഞി കുടിക്കാന്‍ വിളിക്കണ് അമ്മ്രാള്”.. ഖദീജയുടെ കളമൊഴി.
“ഖദീസു എപ്പ വന്നു..? ” ഖദീജയെ കണ്ടപ്പോള്‍ അയ്യപ്പന്‍റെ മുഖത്ത് ആയിരം സൂര്യ ശോഭ.
“ഞാന്‍ ദാ ഇപ്പൊ വന്നേള്ളൂ ഐപ്പേട്ടാ .. ഉമ്മാനേം കൊണ്ട് ആസൂത്രീ പോയി. റേഷന്‍ പീട്യെ പോയപ്പോ അരീം മണ്ണെണ്ണയും കിട്ടീതൂല്ല്യ.. ഇത്തവണേം മഹാപാപ്യേള് മറിച്ചു വിറ്റൂന്നാ തോന്നണെ. ഗതി പിടിക്കില്ല ഇവറ്റോള്.”
“ങ്ങള് അപ്രത്തക്ക് വന്നോളീന്‍.. നിക്ക് കൊറേ പണീണ്ട്.. അരി ഇടിക്കണം. “

നെല്ലു പുഴുങ്ങാനും അരി ഇടിക്കാനും മറ്റു വല്ല പണികളും ഉണ്ടെങ്കില്‍ ആളെ വിട്ടു വിളിപ്പിക്കും ഖദീജയെ. കുട്ടികളുടെ ഖദീജാത്താ. നിറയെ മുടിയുള്ള വെളുത്തു കൊലുന്നനെയുള്ള, വെള്ള നൂല് കൊണ്ട് തുന്നിക്കൂട്ടിയ ഇറക്കമുള്ള പുള്ളി പാവാടയും ബ്ലൌസും ധരിക്കുന്ന തട്ടമിടാത്ത മൊഞ്ചത്തി. പാട വരമ്പത്ത് നിന്ന് കൈയ്യോന്നി പറിച്ചെടുത്തു ചാറെടുത്ത് എണ്ണ കാച്ചി തരുന്ന, ചുണ്ടില്‍ മാപ്പിളപ്പാട്ടിന്റെ ഇശലുമായി നടക്കുന്ന സുന്ദരി. ചന്ദ്രികാ സോപ്പിന്‍റെ മണമുള്ള , സുറുമ എഴുതിയ സുന്ദര മിഴികളുടെ അവകാശി ഖദീജാത്ത.

ഖദീജാത്തയുടെ ബാപ്പ മഞ്ഞപ്പിത്തം വന്നു മരിച്ചു. അതിനു ശേഷം ഉമ്മക്ക് വയ്യാണ്ടായി. അതോടെ നാലാം ക്ലാസ്സില്‍ ഖദീജാത്ത പഠിത്തം നിരത്തി . ഒരാങ്ങള ഉള്ളത് വയനാട്ടില്‍ പണിക്ക് പോയി അന്യജാതിയിലുള്ള പെണ്ണിനെ സ്നേഹിച്ചു കെട്ടി എന്നൊക്കെ നാട്ടുകാര് പറയുന്നത് കേട്ടു. അമ്മിക്കല്ലും ആട്ടുകല്ലും ഒക്കെ ഇട്ടിരിക്കുന്ന ചായ്പ്പില്‍ ഇരുന്നു ഐപ്പന്‍ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. എന്തോ ഒരു പ്രത്യേകത. ഒരിക്കല്‍ ചോദിച്ചു ” ചമ്മന്തി കൂട്ടീട്ടു ഒരു ഒരുള തര്വോ? ” അയ്യപ്പന്‍ പേടിച്ചു.

 “യ്യോ കുട്ടിക്ക് ന്നെ മുത്തശ്ശന്‍റെ കൈയ്യോണ്ട് ഇനീം തല്ലു കൊള്ളിക്കണോ?” വിഷമത്തോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങ്യപ്പോ അയ്യപ്പന്‍റെ വിളി.. “ന്നാ വേം കഴിച്ചോ.. ആരും കാണണ്ട. നമ്മള് രണ്ടാളേം കൊല്ലും “. പിന്നീട് പല തവണ അയ്യപ്പന്‍ ഉരുള വായില്‍ വെച്ച് തന്നിട്ടുണ്ട്.

അയ്യപ്പന്‍ ഉള്ളിടത്തോക്കെ ഖദീജാത്തയും ചുറ്റി പറ്റി നില്ക്കു ന്നത് കാണാം.  “ഖദീജോ. പിണ്ണാക്ക് വെള്ളത്തിലിട്ട്വോ. പശുക്കൾക്ക് കൊടുക്കാനുള്ള വെള്ളം തൊഴുത്തു പെരേല് കൊണ്ട് വെച്ച്വോടുക്ക്.. കറക്കാറാമ്പോ ഐപ്പന്‍ കൊടുത്തോളും. പിന്നെ അരി ഇടിച്ചു കഴിഞ്ഞൂച്ചാല്‍ അപ്പത്തിനുള്ള വെല്ലം പാവ് കാച്ചി വെക്ക്.” ഉച്ചമയക്കത്തിനുള്ള തയ്യാറെടുപ്പില്‍ അമ്മ.

 “ഞാന്‍ കൊണ്ട് വെച്ചോളാം..”
‘കുട്ട്യോളെ നോക്കിക്കോ.. ഉച്ചാമ്പോ ഒരിടത്ത് കെടക്കാന്‍ പറഞ്ഞാലും കേക്കില്ല..”
“ഞാന്‍ നോക്കിക്കോളാം മ്മ്രാളെ.. ” ഖദീജാത്ത മൊഴിഞ്ഞു.
ഇനി കണ്ണാരം പൊത്തിക്കളി. മുത്തശ്ശന്‍ ഉണർന്നാൽ നടക്കില്ല. ഞാനെണ്ണാ൦ നിങ്ങള്‍ ഒളിച്ചോ. ഒന്ന്, രണ്ടു, മൂന്നു, നാല്.. മുറ്റത്തെ ചക്കര മാവിന്റെ൦ തടിയോടു ചേർന്ന് നിന്ന് ഓട്ടക്കണ്ണ്‍ ഇട്ടു പത്തു വരെ എണ്ണി തീർന്നു. ഒളിച്ചവരെ കണ്ടു പിടിക്കാനായി നടന്നു നടന്നു തൊഴുത്ത് പുരയുടെ അടുത്തുള്ള വൈക്കോല്‍ കൂനകളുടെ ഇടയില്‍ എത്തി.

പെട്ടെന്ന് തൊട്ടടുത്ത വൈക്കോല്‍ കൂനക്ക് അപ്പുറത്ത് നിന്നും ഒരു അടക്കം പറച്ചില്‍. കുപ്പിവളയുടെ കിലുക്കം. ഒളിച്ചവരെ കണ്ടു പിടിക്കാനുള്ള വ്യഗ്രതയില്‍ ഒച്ചയുണ്ടാക്കാതെ വൈക്കോൽ കൂനയുടെ അപ്പുറത്ത് കടന്നു. ഖദീജത്താനെ ഐപ്പന്‍ ചേർത്ത് പിടിച്ചു നെഞ്ചില്‍ തിരുമ്മുന്നു !!! എന്നെ കണ്ടതും തിരുമ്മല്‍ നിർത്തി ഐപ്പന്‍ പശുവിന് വെള്ളം കൊടുക്കാന്‍ തൊഴുത്തിലേക്ക് പോയി. ഓട്ടു മൊന്തയിലെ വെള്ളം കമഴ്ത്തിക്കളഞ്ഞു ഖദീജാത്ത അടുക്കളയിലേക്കും. പോകുന്ന വഴിക്ക് എനിക്ക് കേൾക്കാൻ പാകത്തിൽ ഖദീജാത്ത പിറുപിറുത്തു.
“പെട്ടെന്നൊരു നെഞ്ചു വേദന. പാവം ഐപ്പെട്ടന്‍ തിരുമ്മി തന്നതാ. ഇപ്പൊ വേദന കൊറഞ്ഞു.”

അരിയിടിക്കുന്ന ഖദീജാത്തക്ക് അപ്പോള്‍ അയ്യപ്പന്‍റെ മണമായിരുന്നു.. വിയർപ്പിന്‍റെയും തെങ്ങിൻ പൂക്കുലയുടെയും മണം.. !!!

 “കുട്ടി ഇതാരോടും പറയണ്ടാട്ടോ.. ഉണ്ണ്യപ്പം ണ്ടാക്കുമ്പോ ഞാന്‍ കൂടുതല് തരാം ആരും കാണാതെ..”

പിറ്റേന്ന് അങ്ങാടിയില്‍ പലവ്യഞ്ജനം വാങ്ങാന്‍ പോയി വന്നപ്പോള്‍ അയ്യപ്പന്‍ ഒരു പോപ്പിന്‍സ്‌ ‌ എന്റെ കൈവെള്ളയില്‍ വെച്ച് തന്നു. പിന്നീട് പലവട്ടം ഖദീജാത്താക്ക് നെഞ്ചുവേദന വന്നു. അയ്യപ്പന്‍ തിരുമ്മി കൊടുക്കുന്നത് യാദൃശ്ചികമായി കാണേണ്ടിയും വന്നു. അപ്പോഴെല്ലാം പോപ്പിന്‍സും അച്ചപ്പവും എന്നെ തേടി വന്നു. ഒരിക്കല്‍ കുളത്തില്‍ തുണി അലക്കി കൊണ്ടിരുന്ന ഖദീജാത്തയുടെ പിന്കുഴുത്തില്‍ ചുവന്നു തിണർത്ത് കിടക്കുന്ന പാടു കണ്ടു നിഷ്കളങ്കമായി ചോദിച്ചു.. “ഇതും ഖദീജാത്തക്ക് നെഞ്ചു വേദന വന്നപ്പോ ഐപ്പെട്ടന്‍ തിരുമ്മി തന്നപ്പോള്‍ നഖം കൊണ്ട പാടാ ?? “

കൈക്കുടന്നയില്‍ വെള്ളമെടുത്ത് എന്‍റെ ദേഹത്തേക്ക് കുടഞ്ഞു കൊണ്ട് നാണത്തോടെ ഖദീജാത്ത പറഞ്ഞു.. “ഒന്ന് മിണ്ടാതിരി കുട്ടീ.. “

വേനലവധി കഴിഞ്ഞു ഓരോരുത്തരും അവരവരുടെ താവളങ്ങളിലേക്ക് തിരിച്ചു പോയി.. മാസങ്ങൾക്ക് ശേഷം അറിഞ്ഞതിങ്ങനെ. ഖദീജയുടെ നിക്കാഹ് കഴിഞ്ഞു. ഇറച്ചിവെട്ടുകാരന്‍ സെയ്തുമുഹമ്മദായിരുന്നു പുത്യാപ്ല. ഖദീജാത്താന്‍റെ ഭാഗ്യം. പണ്ടോം പണോം ഒന്നും വാങ്ങീല്ല്യാത്രേ. നല്ല സ്നേഹാത്രേ. എട്ടാം മാസത്തില് ഖദീജാത്ത പെറ്റു. നല്ല എണ്ണ കറുപ്പുള്ള ഒരാങ്കുട്ടി.

എന്‍റെ മനസ്സ് എന്നോട് തന്നെ വെറുതെ ചോദിച്ചു.. ഖദീജാത്തയുടെ കുട്ടിക്കും തെങ്ങിന്പൂക്കിലയുടെ മണം ആയിരിക്ക്വോ?? !!!!!! പിന്നീടെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു.. ഖദീജാത്തക്ക് ആ ഒരു ആണ്കു്ട്ടി മാത്രേ ഉള്ളൂ എന്ന്.

അയ്യപ്പന്‍ മരിച്ചിരിക്കുന്നു !!! പുളിയുറുമ്പ് കൂടുകൂട്ടിയ ചക്കര മാവില്‍ കേറി പഴുത്ത മാമ്പഴം പറിച്ചു തന്ന ഐപ്പന്, മണ്ണു പുരളാത്ത ഞാവല്‍പ്പഴം കൊണ്ട് തന്ന ഐപ്പന്, വിലാസിനി യേടത്തി വിളിച്ചിട്ടും ചായ കുടിക്കാന്‍ ചെല്ലാതിരുന്ന ,മൂർഖൻ പാമ്പിനെ തല്ലിക്കൊന്ന വീരനായകന്‍ ഐപ്പന്.. ഖദീജാത്തയുടെ നെഞ്ചു വേദന തിരുമ്മി ഭേദമാക്കിയത് കണ്ടുപിടിച്ചതിനു എനിക്ക് പോപ്പിന്‍സ് മുട്ടായി കൈക്കൂലിയായി തന്ന ഐപ്പന്.  തറവാട്ടു തൊടിയിലൂടെ പശുവിനെയും കൊണ്ട് ഒരു ഹീറോയെ പോലെ നടന്നു നീങ്ങിയിരുന്ന ഐപ്പന്. അയ്യപ്പൻ എന്ന ഐപ്പന് എന്‍റെ സ്മരണാഞ്ജലി.  O

padmashree nair
പദ്മശ്രീ നായർ

36 Comments

 1. ഓപ്പോളുടെ മനോഹരമായ പതിവുശൈലിയില്‍ നിന്നും വ്യത്യസ്തമായി
  സുഖമുള്ള ഒരു വായാനാനുഭവം സമ്മാനിച്ചു.,അയ്യപ്പന്‍റെയും. ഖദീജാത്തായുടെയും
  ഈ കഥ. അശ്ലീലത്തിലേയ്ക്ക് വഴുതിമാറിയേക്കാവുന്ന ഈ കഥ ബാല്യത്തിന്‍റെ
  നിഷ്കളങ്കതയില്‍ തന്നെ പറഞ്ഞത് ഓപ്പോളിലെ പ്രതിഭയ്ക്ക് മാറ്റുകൂട്ടുന്നു.
  എഴുത്തിന്‍റെ മാറിമാറി വരുന്ന ഈ ശൈലിയുടെ പ്രത്യേകത അഭിനന്ദനാര്‍ഹം തന്നെ..
  എഴുത്തിന്‍റെ ലോകത്തില്‍ ഓപ്പോള്‍ ഉയരങ്ങള്‍ കീഴടക്കട്ടെ..

  ആശംസകളോടെ..
  -അക്കാകുക്ക-

 2. കൂട്ടി കൊണ്ടുഹുഴ് പോയി വല്ലുവനാട്ടിലെക്ക്…….. ഇനി മറ്റൊന്ന് എഴുതെനടി വരും തിരിച്ചു വരാന്‍’………

  • ഹഹഹ.. സന്തോഷം.. കുറച്ചു ദിവസം വള്ളുവനാട്ടില്‍ താമസിച്ചിട്ട് വന്നാല്‍ മതി ട്ടോ.

 3. മനോഹരമായ ഒരെഴുത്ത് …തെങ്ങിൻ പൂക്കുലയുടെ മണമുള്ള അയ്യപ്പനും ചന്ദ്രികാ
  സോപ്പിന്റെ മണമുള്ള ഖദീജയും തമ്മിലുള്ള ‘സൃംഗാരം’ ഒരു കുട്ടിയുടെ കണ്ണിലൂടെ
  നോക്കിക്കാണുകയാണ് കഥാകാരി ….അത് രണ്ടു ശരീരങ്ങൾ തമ്മിലുള്ള വെറുമൊരു
  അടുപ്പം മാത്രമല്ലെന്ന് നമുക്കിതിൽ തെളിഞ്ഞു കാണാം …സ്നേഹിക്കുന്ന രണ്ടു
  മനസ്സുകൾ…പക്ഷേ സാമൂഹ്യ സാഹചര്യങ്ങൾ അവർക്കെതിരാണ് …അവരുടെ
  പ്രണയം അധിക്ഷേപിക്കപ്പെടുകയും ചവുട്ടിയരക്കപ്പെടുകയും ചെയ്യും …അങ്ങനെ
  അവരുടെ പ്രണയവും പൂവണിയാത് പോകുന്നു …രസകരമായ ആഖ്യാനം …ഒരു
  ഫ്യൂഡൽ കുടുംബ പശ്ചാത്തലത്തിൽ സത്യസന്ധതയോടെ പകർത്തിയിരിക്കുന്നു…

  • താങ്കളുടെ സാരഥ്യത്തിലുള്ള ഏറെ പ്രചാരമുള്ള ഈ മാഗസിനില്‍ എനിക്കും ഒരിടം തന്നതില്‍ നന്ദി രേഖപ്പെടുത്തുന്നു..

 4. ഐപ്പനിലൂടെ വായനയുടെ ഹൃദ്യതയിലെക്ക് കൂട്ടികൊണ്ടുപോയി… ഗ്രാമീണതയുടെ നിഷ്കളങ്ക ഭാവങ്ങൾ… നല്ലൊരു ഇഷ്ടം.

 5. അയ്യപ്പന്‍റെ സ്വഭാവത്തിന് വിലാസിനി ഏടത്തിക്കും ഇടയ്ക്കെങ്കിലും നെഞ്ചുവേദന വന്നിരിക്കാനിടയുണ്ട്. ദൈവാധീനം കൊണ്ട് കുട്ടി അബദ്ധത്തില്‍ കാണാതെപോയതാവാനാ ചാന്‍സ്.

  നല്ല കഥ നായര് കുട്ട്യേ….

  • അതന്നെ.. എനിക്ക് പണ്ടുമുതലേ ദൈവാധീനം ത്തിരി കൂടുതലാ..
   നേരത്തെ തന്നെ പായും തലയണയും ഇവിടെ ഇട്ടു കിടപ്പാല്ലേ.. ന്‍റെ ദിലോ.. സന്തോഷം ട്ടോ..

 6. വളരെയേറേ ഇഷ്ടപ്പെട്ട രചന…
  പദ്മശ്രീനായരുടെ ഗൃഹാതുരത തുളുമ്പുന്ന വരികള്‍ ..
  അഭിവാദ്യങ്ങള്‍ ….

 7. നാടൻ ഗ്രാമീണത നിറഞ്ഞ oഒരു കൊച്ചു കഥ.. ആ നാട്ടിലേക്ക് കൂട്ടികൊണ്ടുപോയി.
  ഐപ്പനുംkഖദീസൂം എന്നും വാഴും;വായനക്കാരന്റെ മനസ്സില്!!..

 8. നല്ല ഒഴുക്കുള്ള എഴുത്ത്.നല്ലൊരു വായന തന്നതിന് നന്ദി…അരിയിടിക്കുന്ന ഖദീജാത്തക്ക് അപ്പോള്‍ അയ്യപ്പന്‍റെ മണമായിരുന്നു.. വിയർപ്പിന്‍റെയും തെങ്ങിൻ പൂക്കുലയുടെയും മണം.. !!![അയ്യപ്പന്‍റെ മണമായിരുന്നു…..]എന്നത് ഒഴിവാക്കിയിരുന്നെങ്കില്‍ ഒന്നൂടെ ഈ വരികള്‍ നാന്നവുമായിരിന്നെന്നു തോന്നി…..അശ്ലീലം പോലും എഴുത്തിന്‍റെ ,ആഖ്യാനത്തിന്‍റെ മികവിനാല്‍ ശ്ലീലമാക്കി മാറ്റിയ കഥാകാരിക്ക് അഭിനന്ദനങ്ങള്‍…… .

 9. ഇഷ്ടമായി പപ്പേച്ചി., സമാനമായ ഒരനുഭവം എനിക്കും ഉണ്ട്‌.

  അതു മനസ്സിലാവാൻ കാലമെടുത്തു എന്നു മാത്രം

 10. മനോഹരം ഈ സ്മരണാഞ്ജലി. വായന മരിക്കുന്നു എന്ന് വിലപിക്കുന്ന ഇന്നിന്‍റെ മുഖത്തേക്ക് സധൈര്യം നീക്കി വെക്കാവുന്ന വായനാനുഭവം. നന്ദി……………………..

 11. വരച്ചിട്ട അയ്യപ്പന്‍റെ ചിത്രം വായനക്കാരന്‍റെ മനസ്സില്‍ നിന്ന് പെട്ടന്നൊന്നും ഇറങ്ങിപ്പോവില്ല .

 12. ഈ ഐപ്പേട്ടനെ വേറെവെടിയോ കണ്ടത് പോല്‍!
  പപ്പേച്ചി എന്നും എന്നെ ഓര്‍മ്മകളില്‍ കൊതിപ്പിക്കാറുണ്ട് .. ഇപ്പോഴും മാറ്റമില്ല – ഞാവല്‍പ്പഴത്തെ കുറിച്ച് എനിക്കും ഉണ്ട്ട്ടോ ഒരൂട്ടം എഴുതാന്‍ 🙂

Leave a Reply

Your email address will not be published.


*


*