വരൾച്ചയുടെ ദേശങ്ങൾ

Editorial1■ എം.കെ.ഖരീം■
 

കലാസാഹിത്യകാരിൽ ചിലരുണ്ട്, കലയും എഴുത്തും മുട്ടുമ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റാൻ വിവാദവുമായി പുറപ്പെടുന്നു. കൂടുതൽ വിമർശനം കിട്ടാൻ ഏതാ വഴിയെന്ന് ചിലരെങ്കിലും തിരഞ്ഞുകൊണ്ടിരിപ്പുണ്ട്. ഗാന്ധിജിയെ ആക്രമിച്ചാൽ കിട്ടുന്നതിലും കൂടുതൽ ശ്രദ്ധ മറ്റു പലതിലും നിന്നുമാണെന്ന് കണ്ടാൽ അതിലേക്ക് തിരിയും.. പിന്നെ അവരെ വാഴിക്കാനും ചവിട്ടികൂട്ടാനും ഒരു നിര തന്നെയുണ്ടാവും. എഴുതാനൊന്നും ഇല്ലെങ്കിൽ നിശബ്ദമായിരിക്കുക. താൻ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് കണ്ടാൽ പലർക്കും അസ്വസ്ഥതയാണ്. എഴുത്തായാലും മറ്റേതൊരു കർമ്മമായാലും പ്രതിഫലമാഗ്രഹിക്കാതെ ചെയ്യുക. എങ്കിലേ അത് വിശുദ്ധമാകൂ. ദൈവ പ്രചരണത്തിനു പോലും ദിവസക്കൂലിക്ക് ആളെ വയ്ക്കുന്ന ദേശമാണ് നമ്മുടേത്. ദൈവത്തെ എന്തിനാണ് പ്രചരിപ്പിക്കുന്നത്. ദൈവം തൊണ്ടകീരി നിലവിളിക്കുന്നുണ്ടോ തന്നെ പ്രചരിപ്പിക്കാൻ; അല്ലെങ്കിൽ പ്രചരിപ്പിക്കാത്തവരെ നരകത്തിലെറിയുമെന്ന്? അവർക്കൊക്കെ മതത്തിൽ അംഗ സംഖ്യ കൂട്ടണമെന്നേയുള്ളൂ. മത മുതലാളിമാർക്ക് വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാവണം. അധികാരം ഒരു രോഗമാണ്. മതത്തിലായാലും മറ്റെവിടെയായാലും ആ രോഗം ചികിത്സിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെയാണ് ചില വാർദ്ധക്യങ്ങൾ കുഴിയിലെക്ക് കാലുനീട്ടുമ്പോഴും അധികാരത്തെ മുറുകെ പിടിക്കുന്നത്.

രാഷ്ട്രീയത്തിലെ പേയ്മെന്റ് സീറ്റ് നമുക്കൊരു പുതുമയല്ലാതായിരിക്കുന്നു. കോടികൾ കൊടുത്ത് മത്സരിക്കാൻ സീറ്റ് തരപ്പെടുത്തുന്നവർ മുതൽമുടക്കും ലാഭവും തിരിച്ചുപിടിക്കുക സ്വാഭാവികം. അവർ ജയിച്ചാലോ വോട്ടു ചെയ്തവരെ കുത്തകകൾക്ക് ഒറ്റിക്കൊടുത്ത് ധനം നേടും. രാഷ്ട്രീയമൊരു ലാഭകച്ചവടമാണ്. ജനസേവനമെന്നതൊക്കെ പഴയകഥ.

ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തെ കുറിച്ച് ആയിരം കവിതകൾ എഴുതും കവികൾ.. സദ്ദാം ഹുസ്സൈനെ കഴുവിലേറ്റിയപ്പോൾ കറുത്ത ബാഡ്ജ് ധരിച്ചവരുമുണ്ട്. കവലകൾ തോറും പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. ഗാസയിലെ ഭീകരാക്രമണത്തിനെതിരെ ഒച്ചവയ്ക്കും. എന്നാൽ നമ്മുടെ വീട്ടുമുറ്റത്ത് നമ്മുടെ തന്നെ മണ്ണിന്റെ അവകാശികളായ ആദിവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ നമുക്കൊരു വിഷയമല്ല. രണ്ട് മാസത്തോളമായി നിൽ‌പ്പ് സമരം നടത്തുന്ന ആദിവാസികളുടെ വേദന വായിക്കപ്പെടാതെ പോകുന്നു. സരിതയുടെ സാരിക്ക് കൊടുത്ത പ്രചരണം പോലും കിട്ടാതെ പോകുമ്പോൾ ദേശമേ നീ ദൈവത്തിന്റെ സ്വന്തം നാടല്ല, പിശാചുവാഴും നാട്.

മാധ്യമങ്ങൾ ഊതിവീർപ്പിച്ച ആദർശവാന്മാരായ വി.എസ്.അച്ചുതാനന്ദനും വി.എം.സുധീരനും ആദിവാസികൾക്കായി ശബ്ദിച്ചതായി അറിവില്ല. രണ്ടായിരത്തി ഒന്നാമാണ്ടിൽ ആദർശ അവതാരമായ ഏ.കെ.ആന്റണി മുഖ്യമന്ത്രിയായി വാണപ്പോൾ ഉണ്ടാക്കിയ കരാർ നടപ്പായിട്ടില്ല. അന്നത്തെ കുടിൽകെട്ടി സമരം ആന്റണിയോ ആന്റണിയെ തുടർന്ന് അധികാരത്തിലെത്തിയ ഇടത് മനസ്സുകളോ മറന്നുപോയി. ഇന്ന് ചില ഇടതുകാർ നിൽ‌പ്പ് സമരത്തിന് അനുകൂലമായി ഒച്ചവയ്ക്കുന്നത് ആരെ ബോധിപ്പിക്കാനെന്ന് അറിയില്ല… എന്നാൽ നാമൊരു സമരത്തെ പിന്താങ്ങുന്നത് ഭരണത്തിലുള്ളവരോടുള്ള എതിർപ്പ് മൂലമാവരുത്, രാഷ്ട്രീയ മുതലെടുപ്പിനും ആവരുത്. എങ്കിലുമിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് മുതലെടുപ്പിന്റെ രാഷ്ട്രീയമാണല്ലോ, ചെങ്ങറയും എൻഡോസൾഫാനും നമുക്ക് മുന്നിലുണ്ട്. ഈ ഭരണകൂടം മാത്രമല്ല എല്ലാ ഭരണകൂടങ്ങളും ആദിവാസിപ്രശ്നത്തിൽ കുറ്റവാളികളാണ്. അതുകൊണ്ട് ഇടതെന്നോ വലതെന്നോ ഇല്ലാതെ എല്ലാവരും പ്രതിസ്ഥാനത്ത് തന്നെയാണ്.

പ്ലസ് റ്റു വാങ്ങിയെടുക്കാൻ, വൈസ് ചാൻസലർ പധവി നേടിയെടുക്കാൻ സാമുദായിക സംഘടനകളുടെ പൈശാചിക പോരാട്ടം കാണുന്നവരാണ് നാം. കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്കും, കെ.എം.മാണിയും മുക്യമന്ത്രി കസേര മോഹവും അരങ്ങുവാഴുമ്പോൾ മദ്യനിരോധനം വരുന്നു. അതിൽ മുങ്ങിപോകുന്ന പ്ലസ് വൺ കോഴ വാർത്തയും. സോളാറിൽ തട്ടി വീഴുമായിരുന്നൊരു സർക്കാർ ഇതുവരെ എത്തിയത് ജനതയുടെ ഗതികേട് എന്നല്ലാതെ മറ്റെന്ത് പറയാൻ. മദ്യം നാടിനു വിപത്തുതന്നെയാണ്. എന്നാൽ അതേക്കാൾ എത്രയോ ഭീകരമാണ് ജാതിമത വർഗീയത. ഒരുകാലത്ത് ഹിന്ദുവെന്നും മുസൽമാനെന്നുമൊക്കെ തന്റെ ചങ്ങാതിയെ ചൂണ്ടി പറയാൻ മടിച്ചിരുന്നവർക്ക് ഇന്നൊരു നാണക്കേടല്ലാതെയായി.. മദ്യത്തെക്കാൾ മുമ്പേ ആട്ടിയോടിക്കേണ്ടത് വർഗീയത തന്നെ. എന്നാൽ ജാതിമത വർഗീയത മുതലെടുത്ത് അധികാരത്തിലേറുന്നവർക്ക് അതിനാവില്ലെന്ന് ഉറപ്പ്. സാമുദായിക നേതാക്കൾ തുമ്മിയാൽ ഉറക്കം നഷ്ടപ്പെടുന്നവരുടെ കാതിൽ എന്ത് ഓതിയിട്ടും കാര്യമില്ല.. മദ്യം കുടുംബത്തെ നശിപ്പിക്കുമ്പോൾ വർഗീയത ദേശത്തെ തകർക്കുന്നു.

ദളിതന്റെയും ആദിവാസിയുടേയും സ്വരത്തിന് കാതുകൊടുക്കാത്ത, അവരുടെ അവകാശത്തെ തിരസ്കരിക്കുന്ന ദേശം… തല ചായ്ക്കാൻ ഇടത്തിനായുള്ള നിൽ‌പ്പ് സമരത്തെ അവഗണിക്കുന്നവരുടെ പൂട്ടിയ ബാറുകൾ തുറക്കാനുള്ള ബദ്ധപ്പാട് നാം കണ്ടുകഴിഞ്ഞു. ദലിതരുടെ നികുതിപ്പണം കൂടി ഖജനാവിൽ ഒഴുകിയെത്തുന്നുണ്ട്. അവർ നല്ല വസ്ത്രങ്ങൾ ധരിക്കുന്നില്ല, മുന്തിയ വീടുകളിൽ പാർക്കുന്നില്ല എന്നുകരുതി അവർ മനുഷ്യരാവാതിരിക്കുന്നില്ല. മന്ത്രിക്കസേരകളിൽ വേഷങ്ങൾ മാത്രമാണ് മാറിവരിക. ആരുവരട്ടെ, അടിച്ചമർത്തപ്പെട്ടവന്റെ നിലവിളി അവന്റെ മാത്രം ഉള്ളിലൊതുങ്ങുന്നു.

ദേശത്തെ ജനതയിൽ സിംഹഭാഗവും സർക്കാർ ജീവനക്കാരോ, പെൻഷണേഴ്സോ അല്ല. നമ്മുടെ നികുതിപ്പണത്തിൽ നിന്നും മുന്തിയ ഭാഗം ഒഴുകിപോകുന്നത് പെൻഷൻ തുക നൽകാനാണ്. പെൻഷൻ തുക അരുതെന്നല്ല. അതിനൊരു പരിതി നിശ്ചയിക്കേണ്ടതുണ്ട്. നിലവിലുള്ള പെൻഷൻ പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരാൾക്ക് ലഭിക്കുന്ന പെൻഷൻ തുക പതിനായിരത്തിൽ കൂടാതിരിക്കാനൊരു ശ്രമം എന്തുകൊണ്ട് നടത്തികൂടാ? മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നും വരുന്ന നികുതിയെ ആശ്രയിക്കുന്ന കേരളം പോലൊരു ഇടത്ത് പെൻഷൻ വെട്ടിക്കുറക്കേണ്ടതുണ്ട്. എത്രകാലം നമുക്ക് കടം വാങ്ങി ശമ്പളവും പെൻഷനും നൽകാനാവും.

kareem
എം. കെ. ഖരീം.

വെറുതെയെങ്കിലും നമുക്ക് പാടികൊണ്ടിരിക്കാം, മനുഷ്യത്വത്തെ കുറിച്ച്, സ്നേഹത്തെ കുറിച്ച്. മനുഷ്യന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നെന്ന് തുടരെ ഓർത്തുകൊണ്ടിരിക്കാം… മനുഷ്യത്വത്തിന്റെ കണ്ണാടി കളഞ്ഞുപോയത് എങ്ങനെയാണ്? സുനാമി വന്നാൽ ഭൂമി തകിടം മറിഞ്ഞാൽ ദേശത്തെ ജനതയുടെ മതത്തിലൂടെ, വർണത്തിലൂടെ, ഭാഷയിലൂടെ, അതൊരു ദുരന്തമെന്നോ ദൈവകോപമെന്നോ നാവിട്ടലക്കാൻ പഠിപ്പിച്ചതാരാണ്? ഉണ്ണുകയും ഉറങ്ങുകയും രതിവേഴ്ച്ചകളിലേർപ്പെടുകയും ചെയ്യുമെങ്കിലും ഇത് കൊല്ലപ്പെട്ടവരുടെ ദേശം…. രണ്ടുകാലിൽ നെഞ്ചുവിരിച്ച് കാഞ്ചിവലിക്കാനൊരുങ്ങുന്നവൻ എന്നേ മരിച്ച് പോയവൻ… ദൈവം പുറപ്പെട്ടുപോയ ഇടമാണിത്, ഹൃദയമോ മരുഭൂമിയായി മാറികൊണ്ടിരിക്കുന്നു. O

 

40 Comments

 1. വെറുതെയെങ്കിലും നമുക്ക് പാടികൊണ്ടിരിക്കാം, മനുഷ്യത്വത്തെ കുറിച്ച്, സ്നേഹത്തെ കുറിച്ച്

 2. വെറുതെയെങ്കിലും നമുക്ക് പാടികൊണ്ടിരിക്കാം, മനുഷ്യത്വത്തെ കുറിച്ച്, സ്നേഹത്തെ കുറിച്ച്. മനുഷ്യന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നെന്ന് തുടരെ ഓർത്തുകൊണ്ടിരിക്കാം

 3. വിവിധങ്ങളായ ചിന്തയുടെയും ചോദ്യങ്ങളുടെയും കലവറയാണി എഴുത്ത്..അവ വായനക്കാരനെ വിടാതെ പിന്തുടരുക തന്നെ ചെയ്യും…വളരെയേറെ ഇഷ്ടമായി…ആശംസകള്‍.

  • വെറുതെയെങ്കിലും നമുക്ക് പാടികൊണ്ടിരിക്കാം, മനുഷ്യത്വത്തെ കുറിച്ച്, സ്നേഹത്തെ കുറിച്ച്. മനുഷ്യന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നെന്ന് തുടരെ ഓർത്തുകൊണ്ടിരിക്കാം…

 4. ദൈവം പുറപ്പെട്ടുപോയ ഇടമാണിത്, ഹൃദയമോ മരുഭൂമിയായി മാറികൊണ്ടിരിക്കുന്നു. അതുകൊണ്ടാകാം ദൈവത്തെ വീണ്ടും വരുത്താന്‍ മരുഭൂമികള്‍ ഉറക്കെ പാടുന്നത്,,,,ദൈവം തൊണ്ടകീറി നിലവിളിക്കുന്നില്ലാ….അത് കൊണ്ടു തന്നെ വംശനാശം സംഭവിക്കേണ്ട “മതം” അവരവരുടെ ‘ദൈവത്തെ’ പ്രചരിപ്പിക്കാൻ; അല്ലെങ്കിൽ പ്രചരിപ്പിക്കാത്തവരെ നരകത്തിലെറിയുമെന്ന് ഭീഷണിപ്പെടുത്താന്‍ മത്സരിക്കുന്നു… ദീപസ്തംഭം മഹാശ്ചര്യം!!! “ഒരു ജാതി.ഒരു മതം…..ഒരു മനുഷ്യന്,,,,എന്ന് തിരുത്തി വായിക്കണം!!!

 5. പ്രസക്തമായ സാമൂഹിക വിഷയങ്ങളെല്ലാം പരാമശിച്ച്ചു.
  സ്വസ്ഥമായി കാട്ടു വിഭവങ്ങളും, പരമ്പരാഗത കൃഷിയുമായ്അല്ലലില്ലാതെ കഴിഞ്ഞിരുന്ന ഒരു സമൂഹം ഇന്ന് പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്നു. നാട്ടു വാസികളുടെ അധിനിവേശം അത്രകണ്ട് അവരെ തകർത്തുകളഞ്ഞു. അട്ടപ്പാടിയിലു വയനാട്ടിലും ഉള്ള അവിവാഹിതകളായ അമ്മമാരുടെ ദുരിതജീവിതം, ശബ്ദമില്ലാത്ത നിലവിളികൾ ഒരു മനുഷ്യാവകാശപ്രവർത്തകരും, സ്തീ സംഘടനകളും കാണുന്നില്ല.
  അധികാരികൾ
  വാഗ്ദാനങ്ങൾ നൽകുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. അവര്ക്ക് ഭരണം കച്ചവടമാണ്. സരിതയെപോലുല്ലവർക്ക് വേണ്ടി അവർ എത്ര സമയവും ചിലവഴിക്കും.

  ആദിവാസികള്‍ക്കായി ആദിവാസി വകുപ്പും മാറി മാറി വരുന്ന സര്‍ക്കാരുകളും ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നടത്തുന്നു എന്നു പറയുമ്പോഴും ഫലം കാണാതെ അതര്‍ഹിക്കുന്ന വിധത്തില്‍ അവരിലെയ്ക്കെത്താതെ പോവുന്നു . ആദി വാസി സമൂഹം ഇന്നും പിന്നോക്കങ്ങളില്‍ പുറംപോക്കില്‍ പുറന്തള്ളപ്പെടുന്നു .

  നാട്ടുവാസികൾ അവരെ അനുസൃതം ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു . നമ്മുടെ ആദിവാസി സംരക്ഷണ നിയമം കാറ്റില്‍ പറത്തി അവരിന്നും സുഖമായി വാഴുന്നു. അങ്ങിനെ തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് ഈ ദുരന്തം ഒരു തുടര്‍ക്കഥയായ് തുടരുന്നു .

  ഈ സമരം ഇത്രദിവസം പിന്നിട്ടിട്ടും അധികാരികൾ കണ്ണു തുറക്കുന്നില്ല. പ്രതിപക്ഷവും വേണ്ട പിന്തുണ നൽകുന്നില്ല എന്നത്‌ അത്ഭുതപ്പെടുത്തുന്നു.
  ഇതു വിജയിപ്പിക്കേണ്ടതുണ്ട്‌.
  ഇവരും ഈ ഭൂമിയുടെ അവകാശികളാണ്. അല്ല, ഇവർ മാത്രമാണ് ഈ ഭൂമിയുടെ അവകാശികൾ.

 6. മതവും രാഷ്ട്രീയവും എല്ലാം കമ്പോള വ്യവസ്ഥക്ക് കീഴ്പ്പെട്ടു കഴിഞ്ഞിരിക്കുന്നു…
  സ്റോക്ക് എക്സ്ചേന്ജ് കളുടെ ദിശാ സൂചികകളാണ് ഇന്ന് നമ്മെ നയിക്കുന്നത് …
  ലാഭാധിഷ്ടിതമാല്ലാത്ത ഒരു ഇടപാടും ഇന്ന് നടക്കുന്നില്ല …പഞ്ചായത്ത് റോഡ്‌
  പണി മുതൽ കമ്മീഷൻ വ്യവസ്ഥാപിതമാക്കപ്പെട്ടു ….കമ്മീഷൻ വാങ്ങാത്ത മന്ത്രിമാരെ
  ഇനി ‘മണ്ടന്മാർ’ എന്ന് പൊതുജനം വിളിച്ചേക്കും ….മുഖം നോക്കാതുള്ള തുറന്നെഴുത്ത് …തികച്ചും അവസരോചിതമായി …

 7. മനുഷ്യത്വത്തിന്റെ കണ്ണാടി കളഞ്ഞുപോയത് എങ്ങനെയാണ്? സുനാമി വന്നാൽ ഭൂമി തകിടം മറിഞ്ഞാൽ ദേശത്തെ ജനതയുടെ മതത്തിലൂടെ, വർണത്തിലൂടെ, ഭാഷയിലൂടെ, അതൊരു ദുരന്തമെന്നോ ദൈവകോപമെന്നോ നാവിട്ടലക്കാൻ പഠിപ്പിച്ചതാരാണ്?

 8. സാഹിത്യ മാധ്യമ വിമര്‍ശനങ്ങള്‍, രാഷ്ട്രീയ ചൂതാട്ടം, ഭരണത്തിലെ പിഴവുകള്‍, അഴിമതി, തുടങ്ങി ഒട്ടനവധി മേഖലകളിലൂടെയുള്ള സഞ്ചാരവും, വിലയിരുത്തലും.. നന്നായി ഖരീം സര്‍.. അഭിവാദ്യങ്ങള്‍…. !!!

 9. ന്ത്രിക്കസേരകളിൽ വേഷങ്ങൾ മാത്രമാണ് മാറിവരിക. ആരുവരട്ടെ, അടിച്ചമർത്തപ്പെട്ടവന്റെ നിലവിളി അവന്റെ മാത്രം ഉള്ളിലൊതുങ്ങുന്നു.

 10. മന്ത്രിക്കസേരകളിൽ വേഷങ്ങൾ മാത്രമാണ് മാറിവരിക. ആരുവരട്ടെ, അടിച്ചമർത്തപ്പെട്ടവന്റെ നിലവിളി അവന്റെ മാത്രം ഉള്ളിലൊതുങ്ങുന്നു.

 11. ഉള്ളില്‍ വര്‍ഗീയ വിഷം സൂക്ഷിക്കുന്നവന്‍റെ മനുഷ്യ സ്നേഹം. രാഷ്ട്രീയ പ്രതിയോഗികളെ വെട്ടിയും കുട്ടിയും ഇല്ലാതാക്കുന്നവന്റെ പ്രത്യയശാസ്ത്ര പ്രസംഗം. രാജ്യത്ത് നടമാടുന്ന തിന്മകള്‍ക്കു നേരെ മുഖം തിരിച്ചു നടക്കുന്ന ദന്തഗോപുരവാസികളായ എഴുത്തുകാരന്‍….വാക്കും പ്രവര്‍ത്തിയും രണ്ടു ദിശയിലേക്കു സഞ്ചരിക്കുന്ന കപടതയുടെ മുഖങ്ങള്‍…എന്നിട്ടും അവനെ വണങ്ങാനും അവന്റെ മുമ്പില്‍ ഒച്ചാനിച്ചു നില്‍ക്കാനും പ്രജകളേറെ …..

  അതി ശക്തമായ വാക്കുകള്‍…

 12. “കലാസാഹിത്യകാരിൽ ചിലരുണ്ട്, കലയും എഴുത്തും മുട്ടുമ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റാൻ വിവാദവുമായി പുറപ്പെടുന്നു. കൂടുതൽ വിമർശനം കിട്ടാൻ ഏതാ വഴിയെന്ന് ചിലരെങ്കിലും തിരഞ്ഞുകൊണ്ടിരിപ്പുണ്ട്” – Well said sir..! !

 13. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ആദർശവാന്മാരായ വി.എസ്.അച്ചുതാനന്ദനും വി.എം.സുധീരനും ആദിവാസികൾക്കായി ശബ്ദിച്ചതായി അറിവില്ല. രണ്ടായിരത്തി ഒന്നാമാണ്ടിൽ ആദർശ അവതാരമായ ഏ.കെ.ആന്റണി മുഖ്യമന്ത്രിയായി വാണപ്പോൾ ഉണ്ടാക്കിയ കരാർ നടപ്പായിട്ടില്ല.

 14. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയോടുള്ള നന്മ നഷ്ടമാവാത്ത മനസ്സുകളുടെ ശക്തമായ ശബ്ദമാണ് ഈ മുഖ പ്ർസംഗത്തിലൂടെ പുറത്തു വന്നത്….ആദിവാസി സമൂഹം നടത്തുന്ന നിൽപ്പ് സമരത്തെ ഒത്തു തീർപ്പാക്കാനോ ആശ്വാസം നൽകാനോ കഴിയാതെ ബാറിലും ചേറിലും കിടന്നുരുളുകയാണ് അധികാരികൾ……നല്ല മനസ്സുകൾ ഉണരട്ടെ…

 15. എല്ലായിടവും തൊട്ടെഴുതി നല്ലവായന തീര്‍ത്തു.
  “എഴുതാനൊന്നും ഇല്ലെങ്കിൽ നിശബ്ദമായിരിക്കുക. താൻ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് കണ്ടാൽ പലർക്കും അസ്വസ്ഥതയാണ്. എഴുത്തായാലും മറ്റേതൊരു കർമ്മമായാലും പ്രതിഫലമാഗ്രഹിക്കാതെ ചെയ്യുക. എങ്കിലേ അത് വിശുദ്ധമാകൂ. ”
  എഫ് ബിയിലെ വാചക കസർത്തുകൾക്കിടയിൽ വളരെ പ്രസക്തം ആയ നിരീക്ഷണം .

  • എഫ്ബിയിൽ എന്നല്ല കടലാസ് ഇടത്തും ഇതൊക്കെ തന്നെയാണ് നടക്കുന്നത്.. വായനക്കും അഭിപ്രായത്തിനും നന്ദി..

Leave a Reply

Your email address will not be published.


*


*