ഗാസയിൽ നിന്നും പഠിക്കാനുള്ളത് – എം.കെ.ഖരീം

editorial1   ഗാസ കത്തുന്നത്, കശ്മീർ പുകയുന്നത് ഒരേ മസ്തിഷ്കത്തിന്റെ പ്രവർത്തനഫലമെന്ന് ആർക്കാണറിയാത്തത്. അതേ വിരലുകൾ തന്നെയാണ് ഇറാക്കിലും കാഞ്ചിവലിക്കാൻ പഠിപ്പിക്കുന്നത്. നിങ്ങളുടെ സ്വന്തം വാക്കെന്ന് നിങ്ങൾ അഹങ്കരിക്കുമെങ്കിലും അത് ആ മസ്തിഷ്കത്തിന്റെ നിലപാടാണ്. അതേതെന്നല്ലേ, യുദ്ധം. ഒരു കവലയിലെ ചട്ടമ്പിത്തരം തന്നെയാണത്, കയ്യൂക്കുള്ളവൻ കാര്യക്കാരനാവുന്നത്. അധികാരത്തിന്റെ ദേശങ്ങൾക്ക് മാനുഷിക പരിഗണന നൽകാനാവില്ല. അവർ മനുഷ്യത്വം കെട്ടവർ. ലക്ഷ്യം മാത്രം നന്നായാൽ പോരാ മാർഗവും നന്നാവണമെന്ന് നമ്മെ പഠിപ്പിക്കാൻ ശ്രമിച്ചത് വിദേശിയൊന്നുമല്ല, നമ്മുടെ സ്വന്തം മോഹൻ ദാസ് ഗാന്ധി. എന്നാൽ നമുക്കിന്ന് ഗാന്ധി മറ്റെന്തൊക്കെയോ ആണ്. പോലീസ് സ്റ്റേഷനിൽ ചില്ലിട്ട് വച്ച് അതിനടിയിൽ ഇരയെ നിർത്തി കൂമ്പിനിട്ട് ചവിട്ടാനൊരു ലൈസൻസ് പോലുമാണത്. രാഷ്ട്രീയക്കാർ അതേ ഗാന്ധിയുടെ ചിത്രം വച്ച് ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്നു.

പാലസ്തീൻ പ്രശ്നം ഇസ്ലാമിന്റെ പ്രശ്നമായി കാണാൻ ശീലിച്ചുകഴിഞ്ഞു. ജാഫ്ന തമിഴന്റെ ദുരിതവുമായി, കാശ്മീർ പണ്ഡിറ്റിന്റേയും. ഒരു തുണ്ട് ഭൂമിക്ക് വേണ്ടി വാദിക്കുന്ന നാം മനുഷ്യന്റെ വേദന അറിയാതെ പോകുന്നു. ഒരു ഭൂകമ്പമുണ്ടാകുമ്പോൾ ജാതിമതവും ദേശവും നോക്കി സഹായമെത്തിക്കാൻ മത്സരിക്കുന്ന ലോകത്തിന് മനുഷ്യനെന്ന വാക്ക് പോലും ഉച്ചരിക്കാൻ യോഗ്യതയില്ലാതായിരിക്കുന്നു. ലോകത്ത് നടക്കുന്ന ഏതൊരു ദുരിതത്തിലും ദു:ഖിക്കുക. അതല്ലാതെ ഹിന്ദുവിന്റെ പ്രശ്നം ഇസ്ലാമിന്റെ പ്രശ്നം എന്ന മട്ടിൽ നടക്കുന്നവർക്ക് മനുഷ്യരെ കുറിച്ച് പറയാൻ എന്ത് യോഗ്യതയാണുള്ളത്.

യുദ്ധവും യുദ്ധം ചെയ്യാനുള്ള പ്രേരണയും ഭീകരത തന്നെയാണ്… അതുകൊണ്ട് തന്നെ ലാദനെന്ന നാണയത്തിന്റെ മറുവശമാണ് ഇസ്രയേൽ ഭരണകൂടം. ആ ഭീകര ഭരണകൂടത്തെ പിന്താങ്ങുന്നവർ ഭീകരതക്ക് കൂട്ടുനിൽക്കുകയാണ്. കൊല്ലപ്പെടുന്നവരുടെ ജാതിമതവും ദേശവും നോക്കി പിന്താങ്ങുകയോ എതിർക്കുകയോ ചെയ്യുന്നവർ എത്രയോ. അവരുടേത് വെറും മുതലക്കണ്ണീരല്ലാതെ മറ്റെന്ത്. യുദ്ധക്കൊതിയന്മാർ പാനം ചെയ്യാൻ തരിക അവിശ്വാസത്തിന്റെ വീഞ്ഞാണ്, സ്വന്തം സഹോദരനെ അവിശ്വസിക്കുന്നിടത്ത് പകയുടെ കനലുകൾ തെളിയുന്നു. നിരത്തിലൂടെ നടക്കുമ്പോൾ എതിരെ വരുന്ന അയൽ വാസിയെ സംശയത്തോടെ വീക്ഷിക്കാൻ ആധുനിക ലോകം പഠിപ്പിക്കുന്നു. വിദ്ധ്യാസമ്പന്നരെന്ന് കരുതുന്ന എത്രയോ പേർ നിരന്നിരുന്ന് മുഖപുസ്തകം വഴി വർഗീയ വിഷം ചീറ്റുന്നു. എങ്കിൽ നാം നേടിയെന്ന് പറയുന്ന വിദ്ധ്യാഭ്യാസത്തിന് എന്തോ കുഴപ്പമുണ്ട്. ഇവിടെ ഗാസയിലെ അക്രമത്തിനെതിരെ സമരം സംഘടിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ ലക്ഷ്യം ന്യൂനപക്ഷ വോട്ട് ആയി മാറുന്നതാണ് അപകടം. നമ്മുടെ രാഷ്ടീയം നമ്മുടെ പ്രവർത്തനം മുതലെടുപ്പിന്റെ സൂത്രവാക്യത്തിലൂന്നിയാവരുത്. ഒരുകാലത്ത് മറ്റ് ദേശങ്ങളിലെ അക്രമത്തിനെതിരെ പ്ലേകാർഡുകളുമായി വായ മൂടികെട്ടിയോ മറ്റോ പ്രതിഷേധം പ്രകടിപ്പിച്ചിരുന്ന കലാലയ മക്കളുടെ അഭാവം ശ്രദ്ധിക്കപ്പെടേണ്ടിയിരിക്കുന്നു. വിദ്യായിടങ്ങൾ അരാഷ്ടീയമാക്കി സമുദായ തട്ടകങ്ങളിൽ ഒതുക്കുന്നത് ഫാസിസത്തിന് മണ്ണൊരുക്കൽ തന്നെയാണ്.

നാം നിത്യവും ഭീകരതയെ കുറിച്ച് വാചാലരാവുന്നു. ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവരെ മാത്രം ഭീകരരായി ചിത്രീകരിക്കുന്നു. എന്താണ് ഭീകരതയെന്ന നിർവചനത്തിനു മാറ്റം വരേണ്ടിയിരിക്കുന്നു. മനുഷ്യനോ പക്ഷി മൃഗാദികൾക്കോ സസ്യ ജലാദികൾക്കോ ദുരിതം വിതക്കുന്നത് ഭീകരതയെന്ന് പറഞ്ഞാലെന്ത്. അങ്ങനെ വരുമ്പോൾ യുദ്ധക്കൊതിയന്മാർ ഭീകരരായി മാറും. വിയറ്റ്നാം, നാഗസാക്കിയൊക്കെ ഭീകരത തന്നെയെന്ന് പറയുന്നിടത്ത് നിലവിലെ സമാധാനത്തിന്റെ അപ്പസ്തലന്മാർ ഭീകരപട്ടികയിലെത്തുമെന്ന് ഭയന്നിട്ടോ. എന്തിന് ഇങ്ങ് ഈ കൊച്ച് കേരളത്തിൽ നടക്കുന്ന പ്രകൃതി ചൂഷണം പോലും ഭീകരതയുടെ പട്ടികയിൽ പെടും.

ലോകത്തുണ്ടാവുന്ന കെടുതിയുടേയും അക്രമത്തിന്റേയും ഇരകൾchild എന്നും സ്ത്രീകളും കുട്ടികളും ദരിദ്രരുമാണ്. മതങ്ങളുടേയും രാഷ്ട്രീയത്തിന്റേയും ചട്ടക്കൂടുകൾക്ക് പുറത്ത് നിന്ന് സംസാരിക്കുന്നവർ വിരളമായിരിക്കുന്നു.. അതുവഴി നാം വലിയൊരു ദുരന്തത്തെ ഇരന്ന് വാങ്ങുകയാണ്..

സോവിയറ്റ് യൂണിയൻ മൂന്നാം ലോക പൌരന്മാർക്ക് ഒരാശ്വാസമായിരുന്നു.. അത് തകർന്നപ്പോൾ ഏറ്റവും കയ്യടിയുയർന്നത് നാലാം ലോകത്തുനിന്നുതന്നെ.. നാളെ ദരിദ്ര ലോകത്തെ മൊത്തമായും സാമ്രാജ്യത്വം കശാപ്പു ചെയ്യുമ്പോൾ വാവിട്ട് കരയാമെന്ന് മാത്രം.. യുണയിറ്റഡ് നേഷൻസ് എന്നത് ഒരു സാമ്രാജ്യത്വ ഏജന്റാണ്.. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആളും അർത്ഥവും നഷ്ടപ്പെട്ട സാമ്രാജ്യത്വ ശക്തികൾ തങ്ങൾക്ക് കോളനികളിൽ നേരിട്ട് ഇടപ്പെടുന്നതിലും ലാഭം ഏജന്റ് വഴി ആധിപത്യം നിലനിർത്തുന്നതാണ് നല്ലതെന്ന് കണ്ട് രൂപീകരിച്ച ഒരു ദല്ലാളാണ് അത്. അതിൽ നിന്നും എന്തെങ്കിലും സഹായം നാലാം ലോകം പ്രതീക്ഷിക്കേണ്ടതില്ല. ഇസ്രയേൽ ഗാസ വിഷയത്തിൽ യുണൈറ്റഡ് നേഷൻസിന്റെ ഇരട്ടത്താപ്പ് പരിശോധിച്ചാൽ അത് മനസ്സിലാവും.. ഇസ്രയേലിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും നാലാം ലോകം ആയിരുന്നെകിൽ ഉപരോധവും മറ്റ് സൈനിക നടപടികളും കൊണ്ട് ആ ദേശത്തെ ശവപ്പറമ്പാക്കി മാറ്റിയേനേ…

സോവിയറ്റ് യൂണിയന്റെ തകർച്ച നാലാം ലോകത്തിന്റെ നഷ്ടമായി തുടരുന്നു. നാലാം ലോകങ്ങൾ തമ്മിൽ അവിശ്വസിക്കുകയോ തമ്മിൽ കലഹിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്ന പഴുതിലൂടെയാണ് സാമ്രാജ്യത്വ ചരടുകൾ മുറുക്കപ്പെടുക. അതുപോലെ നാലാം ലോകത്തെ ജനതയെ പരസ്പരം ഭിന്നിപ്പിലും അവിശ്വാസത്തിലും പെടുത്തുകയെന്നതും സാമ്രാജ്യത്വ കെണിയായി മനസ്സിലാക്കിയില്ലെങ്കിൽ ഇറാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കും. ഭാരതത്തിന്റെ ശക്തി മതേരത്വവും കൃഷിയുമാണ്. അത് തകർക്കാനുള്ള നീക്കം കണ്ടില്ലെന്ന് നടിച്ചാൽ നാം അതിനു വലിയ വില നൽകേണ്ടിവരും.

=================

എം.കെ.ഖരീം

60 Comments

 1. ലോകത്ത് നടക്കുന്ന ഏതൊരു ദുരിതത്തിലും ദു:ഖിക്കുക. അതല്ലാതെ ഹിന്ദുവിന്റെ പ്രശ്നം ഇസ്മാലിന്റെ പ്രശ്നം എന്ന മട്ടിൽ നടക്കുന്നവർക്ക് മനുഷ്യരെ കുറിച്ച് പറയാൻ എന്ത് യോഗ്യതയാണുള്ളത്…….ngade editorial illathenthu vettam mashe

 2. ‘ഭാരതത്തിന്റെ ശക്തി മതേരത്വവും കൃഷിയുമാണ്. അത് തകർക്കാനുള്ള നീക്കം കണ്ടില്ലെന്ന് നടിച്ചാൽ നാം അതിനു വലിയ വില നൽകേണ്ടിവരും.’..അതെ മാഷെ..പലതും നാം കണ്ടില്ലെന്നു നടിച്ചു വികസിക്കുന്നു..കൃഷി പ്രധാന തൊഴിലായ ഒരു രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ അതിനെ വികസനം എന്നു എങ്ങനെ പറയും..?പട്ടിണിവര മാറ്റി വരച്ചാണല്ലോ നാം ദരിദ്രരെ ഇല്ലാതാക്കുന്നതു.
  ആഹാരം ഇല്ലാത്തതു മാത്രമല്ല ദാരിദ്ര്യം…കുടിവെള്ളമില്ലാത്തതും ,രോഗങ്ങളും,നിരക്ഷരതയും ,സാമൂഹ്യ നീതിയില്ലാത്തതുമൊക്കെ ദാരിദ്ര്യം തന്നെയാണ് .അതുപോലെ യുദ്ധം മാത്രമല്ല ഭീകരത ..എല്ലാ കയ്യേറ്റങ്ങളും ..മണ്ണിനോടും പെണ്ണിനോടും കുഞ്ഞുങ്ങളോടും പുഴയോടും കടലിനോടും കാടിനോടും ഉള്ള എല്ലാ കയ്യേറ്റങ്ങളും ഭീകരത തന്നെയാണ്.
  മികച്ച എഡിറ്റോറിയല്‍ മാഷേ..

  • യാതൊന്നിന്റെ നിലനിൽ‌പ്പ് അപകടപ്പെടുത്തുന്നുവോ അത് ഭീകരത തന്നെയാണ്..

   വായനക്ക്, അഭിപ്രായങ്ങൾക്ക് നന്ദി..

 3. യുദ്ധത്തിനും ഭീകരവാദത്തിനും എതിരെയുള്ള എഴുത്തുകാരന്റെ ശബ്ദമാണ് ഈ
  മുഖപ്രസംഗം …അതിരുകളില്ലാത്ത മോഹത്തിന് വളമിട്ടുകൊടുക്കുന്ന ആധുനിക
  മുതലാളിത്തം …ഏറ്റവും ലാഭകരമായ വ്യവസായമായി ആയുധ വ്യാപാരം മാറിക്കഴിഞ്ഞു …
  ലോകമെങ്ങും ഇസ്രായേൽ നിർമ്മിത ആയുധങ്ങൾക്ക് പ്രിയം ഏറി വരുകയാണ് …അതിനു
  കാരണം ‘ഉപയോഗിച്ച് മികവു തെളിയിച്ച ഉത്പന്നങ്ങളാണ് ‘ അവരുടേത് എന്നതാണത് …
  അപ്പോൾ സമാധാനം എത്ര അകലെയായിരിക്കും ….യുദ്ധക്കൊതി തീരാത്ത കാലത്തോളം
  ചെറുത്തു നിൽപ്പുകളും തുടരും ….ജാതിയുടെയും മതത്തിന്റെയും പേരിൽ ചേരി തിരിയുന്നതെങ്കിലും
  അവസാനിച്ചിരുന്നെങ്കിൽ എന്ന് ലേഖനം ആഗ്രഹിക്കുന്നു …

 4. ജാതിമത, വർണ, ലിംഗ വേലിക്കെട്ടുകളിൽ പെടാതെ തിന്മയോട് എതിരിടുമ്പോൾ മാത്രമേ വിജയം നുകരാനാവൂ.. അല്ലാത്തപക്ഷം മറ്റൊരു തിന്മക്ക് വെള്ളവും വളവും പകരലാവും..

  നന്ദി വായനക്ക്, അഭിപ്രായത്തിനും, സുരേന്ദ്രൻ ചേട്ടാ..

 5. ഗാസ വിഷയത്തില്‍, ഭീകരതയുടെ വിഷയത്തില്‍, ആഴത്തിലുള്ള, ചിന്തിപ്പിക്കുന്ന , ശക്തമായ എഡിറ്റോറിയല്‍

 6. യാതൊന്നിന്റെ നിലനിൽ‌പ്പ് അപകടപ്പെടുത്തുന്നുവോ അത് ഭീകരത തന്നെയാണ്.അതിൽ പക്ഷി മൃഗാതികൾ നദി,കാടു ഈ ലൊകത്തെസർവ്വവും ഉൾപെടും. ഇത്രായും വിശാല അർത്തമുള്ള ഈ വാക്ക്‌ എപ്പൊയാൺ ഒരു പ്രത്യേക ‘ജന’വിഭാകതിൽ ഒതുങ്ങിപ്പൊയതു…?..

 7. ഏതെങ്കിലും കോളത്തിൽ ഒതുങ്ങുമ്പോൾ മനുഷ്യത്വം നഷ്ടപ്പെടുന്നു.. മനുഷ്യന് മാത്രമായി പ്രകൃതിയിലൊരു അവകാശവുമില്ല.. ഒരു പുൽനാമ്പിന്റെ നിലനിൽ‌പ്പ് പോലും അപകടപ്പെടുത്തരുത്, മറ്റൊന്നിന്റെ നിലനിൽ‌പ്പിനെ ആശ്രയിച്ചാണ് മനുഷ്യന്റെ നിലനിൽ‌പ്പും..

 8. ഓരോരുത്തരുടെയും താല്പര്യങ്ങല്‍ക്കെതിരില്‍ സ്വന്തം പിതാവാണെങ്കിലും ആപിതാവിന്റെ തലയരിയാന്‍ മടിക്കാത്ത സമൂഹത്തില്‍ സ്നേഹത്തിനും സാഹോദര്യത്തിനും മാനവികതക്കും എന്ത് വിലയാണുള്ളത് എനിക്കും നിങ്ങള്‍ക്കും നമ്മളെപ്പോലുള്ള ഏതാനും ജന്മങ്ങള്‍ക്ക് ഉരുകിതീര്‍ക്കാനായി മാത്രം ഒരു ജന്മം ആയുധതേക്കാള്‍ മൂര്‍ച്ചയുണ്ട്‌ നാവുകള്‍ക്ക് എന്ന് പറഞ്ഞിരുന്ന കാലവും അസ്തമിച്ചിരിക്കുന്നു ഇന്ന് അതും അരിഞ്ഞുതള്ളുകയാണ്

 9. സ്നേഹത്തിന്റെ കാലം വരുമെന്ന് പ്രതീക്ഷിക്കാം.. ലോകം മൊത്തമായുമിരുണ്ടാൽ പിന്നെ വെളിച്ചത്തിന് അടങ്ങിയിരിക്കാനാവില്ല.. അത് വരികതന്നെ ചെയ്യും..

 10. ഇവിടെ കണ്ട അഭിപ്രായ പ്രകടനങ്ങളിൽ നിന്നും ഒരു കാര്യം മനസ്സിലായി, കുറേ അഭിനവ മനുക്ഷ്യസ്നേഹികൾ. ഇപ്പോൾ ഗാസയിൽ ഒരു വിഭാഗത്തിനു തിരിച്ചടി കിട്ടിയപ്പോള്‍ പോള്ള്ന്നതെന്തേ? കാശ്മീരില്‍ നിന്നും, എത്ര ഹിന്ദു കുടുംബങ്ങള്‍ നാടുവിട്ടു, എത്ര കുടുംബങ്ങളെ നിര്ബിന്ധിച്ചു മതം മാറ്റി? മറ്റുള്ളവരുടെ മുന്പിടൽ ആളാവാനുള്ള എളുപ്പ വഴി ഇതൊക്കെ തന്നെ. എന്താ 2001ല്‍ അമേരിക്കയിൽ കരിഞ്ഞത് മനുഷ്യ ജീവനല്ലായിരുന്നോ? അതോ അവരെല്ലാം വെറും യന്ത്രങ്ങളായിരുന്നോ?

  ഗാസയില്‍ നടക്കുന്നത് നല്ലതാണെന്നോ ശരിയാണെന്നോ ഇതിനര്ത്തതമില്ല, ഈ വൃത്തികെട്ടവന്മാർ ചെയ്തു വെക്കുന്നതിനു അനുഭവിക്കുന്നത് ഒരുപറ്റം കൊച്ചു കുട്ടികള്‍. അതില്‍ മാത്രമേ എനിക്ക് സങ്കടമുള്ളൂ. പക്ഷെ ഒരു കാര്യം ഓര്ക്കുണം. പണ്ട് മഹാത്മാ ഗാന്ധി പറഞ്ഞപോലെ, ഇടത്തെ കാരണത്തടിച്ചാൽ വലത്തെ കരണം ഇവര്ക്ക് കാണിച്ചു കൊടുത്താല്‍ അവര്‍ ആ കരണത്തും അടിക്കും. അത് കൊള്ളണ-മെന്നാണോ ഈ അഭിപ്രായ പ്രകടനം നടത്തിയവരെല്ലാം ഉദ്ദ്യെഷ്ക്കുന്നത്. എല്ലാവര്ക്കുംവ ക്രിസ്തുവും ബുദ്ധനും അവാൻ കഴിയില്ല, സ്വന്തം ശരീരം നൊന്താൽ തിരിച്ചടിക്കും, എല്ലാ ജീവികളും സ്വന്തം ജീവന് ആപത്തുണ്ടാവുംബോള്‍ എതിര്ക്കും അത് ലോക നിയമം. ഇത് തുടങ്ങി വെക്കുന്നവര്‍ ഇതോര്താല്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ലായിരുന്നു. ഒരു വിഭാഗത്തിനെ വെറുതെ ഞ്യായീകരിക്കുന്നതിനു മുന്പ് അവര്ക്ക് നല്ലബുദ്ധി ഉപദേശിച്ചു കൊടുക്ക് ഒരുപക്ഷെ ഈ ലോകം നനാവും. അതിക്രമം ആര് കാണിച്ചാലും അതിനു തിരിച്ചടി ഉറപ്പ് ഇന്നല്ലെങ്കില്‍ നാളെ. Every action has an equal and opposit reaction… don’t forget it.

  • ഇരയുടേയും വേട്ടക്കാരന്റേയും ദേശമോ മതമോ നോക്കാതെയുള്ള ഒരു ലോകമാണ് വേണ്ടത്.. തിന്മയെ ചെറുക്കുകയും നന്മയെ നെഞ്ചേറ്റുകയും ചെയ്യാൻ കഴിഞ്ഞെങ്കിൽ..

   വായനക്കും അഭിപ്രായത്തിനും നന്ദി..

 11. ഒരു പ്റതേക വിഭാഗത്തില്‍ പെട്ടവരെ ഭീകരരായി ചിത്രീകരിക്കുനനു ..അതിന് തകകതായ കാരണം ..ലോകമെങും അതിന് ഉദാഹരണം കാണുന്നിലേല?

 12. മുസ്ലീം നാമധാരികൾ എല്ലാം മുസ്ലീംഗളല്ലല്ലോ.. ലാദനും ഖൊമേനിമാരും തടിയന്റവിട നസീറുമൊക്കെ മുസ്ലീം നാമധാരികൾ ആണെങ്കിലും എല്ലാ മുസ്ലീം നാമധാരികളും തീവ്രവാദികൾ അല്ലല്ലോ.. ഇസ്രയേൽ ഗാസയെ ആക്രമിച്ചെന്ന് കരുതി ജൂദന്മാരെല്ലാം അക്രമകാരികൾ എന്ന് പറയുന്നതെങ്ങനെ… എല്ലാ മതത്തിലും തീവ്രവാദികളും ഭീകരന്മാരുമുണ്ട്.. എന്ന് കരുതി ആ മതങ്ങളിലുള്ളവരെ മൊത്തമായി ആക്ഷേപിക്കുന്നത് ശരിയല്ല..

 13. മതമോ വംശീയതയോ അതിര്‍ത്തിയോ എതിന്റെന്റെ പേരിലായാലും ഒരു യുദ്ധമുണ്ടാകണം. അതിലൂടെ ആയുധ കച്ചവടം നടക്കണം.ആ ചോര കുടിച്ചു കൊഴുത്തു വീര്‍ത്ത സാമ്രാജ്യത്വ ശക്തികള്‍ കയ്യൂക്കിന്റെ പുതിയ ചരിത്രങ്ങള്‍ രചിക്കുന്നു……ഗാസയില്‍ ചോരപ്പുഴ ഒഴുകുകയാണ് ഈ പറഞ്ഞ നാലാം ലോകം ലോക പോലീസിനെ ഭയന്ന് മൌനത്തിലും. മനുഷ്യന്‍ മനുഷ്യനെ കൊന്നൊടുക്കുന്ന ഈ ക്രൂരത എനാണ് അവസാനിക്കുക ..

 14. മനുഷ്യന്‍റെ യാതനകള്‍ മനുഷ്യന്റെതായി കാണാന്‍ ശീലിക്കേണ്ടിയിരിക്കുന്നു. മുസ്ലിമിന്റെ യാതന മുസ്ലിമിന്റെത് മാത്രമെന്ന് ബോധ്യപ്പെടുത്താന്‍ മത്സരിക്കുന്നതില്‍ നിര്‍ഭാഗ്യവശാല്‍ ചില മുസ്ലിം പേരുകാരെയും കണ്ടു വരുന്നു. എന്തായാലും കാലിക പ്രസക്തമായ ഈ ലേഖനം മതത്തെ മാറ്റി നിര്‍ത്തി മനുഷ്യത്വത്തോടെ ചിന്തിക്കാന്‍ പ്രേരണയേകട്ടെ….

 15. എല്ലാ തിരിച്ചറിവുകളും മനുഷ്യനുണ്ടാവുന്ന ഒരു കാലം വന്നു ചേരുമ്പോള്‍,എത്ര ചോരപ്പുഴകള്‍ നമുക്ക് താണ്ടേണ്ടി വരുമോ ആവോ…?നല്ല ശക്തിയായി എഴുതി…..നന്ദി…

  • നമുക്ക് കാത്തിരിക്കാമെന്ന് മാത്രം.. മനുഷ്യൻ പൈശാചികതയിൽ നിന്നും ഊരിപോരുന്ന നിമിഷത്തിന് വേണ്ടി..

 16. നാഗസാക്കിയൊക്കെ ഭീകരത തന്നെയെന്ന് പറയുന്നിടത്ത് ……….athinu mumb Japan aanu Americaye yudhathilek valichizhachath pearl harbour akkramathiloode…ennukoodi parayendi varille sir….prakopanam undaakkunnavar shathruvinte shakthi thirichariyanam, illel valiya nashtam undaavum….

 17. കൊല്ലപ്പെടുന്നവരുടെ ജാതിമതവും ദേശവും നോക്കി പിന്താങ്ങുകയോ എതിർക്കുകയോ ചെയ്യുന്നവർ എത്രയോ. അവരുടേത് വെറും മുതലക്കണ്ണീരല്ലാതെ മറ്റെന്ത്. യുദ്ധക്കൊതിയന്മാർ പാനം ചെയ്യാൻ തരിക അവിശ്വാസത്തിന്റെ വീഞ്ഞാണ്, സ്വന്തം സഹോദരനെ അവിശ്വസിക്കുന്നിടത്ത് പകയുടെ കനലുകൾ തെളിയുന്നു.
  ഇതിലും ശക്തമായി ഇനി ആര് പറയാൻ …. മാഷെ നന്ദി……

 18. മനുഷ്യന്‍ എന്ന ഒരു വസ്തുവിന് തീരെ വിലയില്ലാതായി!!.. മനുഷ്യന്‍ ഒരു കച്ചവടച്ചരക്ക് പോലെയുമല്ല ,ഇവിടെ. ശപിക്കപ്പെട്ട ജന്മങ്ങളുടെ ഒരു ശവപറമ്പ് ആയി മാറിയ ഒരു രാജ്യത്തെ ജനങ്ങള്‍..അവരുടെമേല്‍ ഇടിത്തീ പോലെ ,മനുഷ്യന്‍ തന്നെ കാട്ടി കൂട്ടുന്ന അതിക്രമങ്ങള്‍ക്കെതിരെ,പ്രതികരണ ശേഷിയില്ലാതെ ജീവിക്കുന്ന ഒരു പറ്റം പരബ്രമങ്ങള്‍ക്കിടയില്‍ ഒരു ജീവിതംകൊണ്ടു,എന്ത് നേടാന്‍?..

 19. മതവും ജാതിയും മനുഷ്യനെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഏറ്റവും നല്ല എളുപ്പ വഴിയാണ്. ആസക്തിയുടെ ഇരുണ്ട ചിന്തകളിൽ സ്നേഹത്തിനോ സാന്ത്വനത്തിനോ സ്ഥാനമില്ല .പാർശ്വവത്കരിക്കപ്പെട്ടവരുടെ വേദനകളെ പോലും കാലം വരച്ചു വേര്തിരിച്ച് അഭിപ്രായവും ആശങ്കകളും പങ്കു വെക്കുന്ന നമ്മുടെ മനസ്സുകളിൽ ആരാണ് തിരി തെളിക്കുക..വേദനയെ വേദനയായി കാണുന്ന മനുഷ്യനെ മനുഷ്യനായി പരിഗണിക്കുന്ന കാലം എന്നത് സ്വപ്നം കാണാൻ പോലും ഒരു വേള അശക്തരാണ് നാം…പഴമയുടെ പാണൻ പാട്ടുകളിലെ സമത്വ സുന്ദര ചരിതം പാടി ഇനിയും നമുക്ക് കാലം കഴിക്കാം …..നന്ദി സാർ ….ശക്തമായ അങ്ങയുടെ വരികള്ക്ക്…..

  • ജാതിമതങ്ങളുടെ കെട്ടുകളിൽ നിന്നും മോചിതമാവുമ്പോൾ മാത്രമാണ് ശുദ്ധവായു അനുഭവിക്കാനാവുക..

 20. കരുത്തുള്ള വാക്കുകള്‍ ,എന്തും തുറന്നെഴുതാന്‍ കരുത്തുള്ള മനസ്സ് വേണം.അവിടെയാണ് എഴുത്ത് നല്ലതാകുന്നത്,നന്മയാകുന്നത്.ഇഷ്ടം (y)

 21. ..മനുഷ്യത്വത്തിന്റെ , നന്മയുടെ എഴുത്ത് ,
  മതം അവസ്സിയ്ക്കുന്നിടത്തു നിന്നാണ് മാനവികത ജനിയ്ക്കുന്നത് ,
  ഓരോ യുദ്ധങ്ങളും ഉണ്ടാകുന്നത് സഘർഷഭരിതമായ മനസ്സിൽ നിന്നാണ് ,
  അടിച്ചമർത്തലിൽ നന്നോ അസഹിഷ്ണുതയിൽ ൽ നിന്നോ ആയിരിയ്ക്കും ആ തീ പടരുക ,
  രക്തത്തിൽ കുതിര്ന്ന മനുഷ്യ ജഡങ്ങൾക്ക് മുകളിൽ താല്ക്കാലിക വിജയത്തിന്റെ കൊടി പാറു ന്നത്തിനു മുൻപേ,
  മറ്റൊരു കലുഷിതമായ മനസ്സില് നിന്ന്
  വേറൊരു യുദ്ധവും തീ പാറി വരുന്നു
  ആ കൊടികളും കത്തി ചാമ്പ ലാകുന്നു .
  ഇവിടെ നഷ്ടപ്ടുന്നവർ ചോരയിൽ തലവേർപെട്ടു കിടക്കുന്ന കൊച്ചു കുഞ്ഞുങ്ങളുടെ ചുണ്ടുകളിൽ ഒരു നേരിയ പുഞ്ചിരി ഒളിച്ചു വെയ്ക്കുന്നത് .ജീവിച്ചിരിക്കുന്ന ക്രൂരരായ നമ്മളോട് തന്നെയുള്ള പരിഹാസ്സമാണ്
  വിഭജനത്തിന്റെ ,വിവേചനത്തിന്റെ ആയുദങ്ങൾക്കു മൂര്ച്ചകൂട്ടുന്നത് നമ്മളുടെ മനസ്സുകളിൽ തന്നെയാണ് എന്ന് ആ ചേതനയറ്റ കുരുന്നുകൾ ഓരോ യുദ്ധങ്ങളിലും നമ്മുടെ ചെവികളിൽ മന്ത്രിയ്ക്കുന്നുണ്ട് —-അല്ലേ മാഷെ ?

  • ജാതിമതങ്ങൾക്കായി കക്ഷിരാഷ്ട്രീയത്തിനായി വാദിക്കാൻ ആളുകളെത്രയോ.. എന്നാൽ മനുഷ്യനായി സംസാരിക്കാൻ ആളില്ലാതെയാകുന്നു..

 22. ജയിക്കുന്നവനും തോല്‍ക്കുന്നവനും നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കുന്ന യുദ്ധങ്ങള്‍, വളരെ ചിന്തിപ്പിക്കുന്നതും ഒപ്പം ഉള്ളില്‍ നനവ്‌ പടര്ത്തുന്നതുമായ ശക്തവും മനോഹരവുമായ എഴുത്ത്. ശ്രി.ഖരിം സാറിന്‍റെ തൂലികയില്‍ നിന്നും ഇനിയും ഒരുപാട് അക്ഷക്കൂട്ടുകള്‍ പിറക്കട്ടെയെന്നു ആശംസിക്കുന്നു.

 23. യുദ്ധം ആദ്യം ഉടലെടുക്കുന്ന ത് മനുഷ്യന്‍റെമനസ്സിലാണ്.അധികാരമോഹത്തിന്റെ ലഹരിയില്‍ ചവുട്ടി മെതിക്കപ്ടുന്നത് ഏതെങ്കിലും മതമോ ആശയങ്ങളോ അല്ല..അവിടെ നിഷ്കരുണം ഇല്ലാതാക്കുന്നത്
  ഒരു ജനതയുടെ ജീവിക്കാന്‍ ഉളള അവകാശത്തെ യാണ്..ഒരു വിഭാഗത്തിന്‍റെ നീതിയെ നിഷേധിക്കുന്നവന് മനുഷ്യത്വത്തെ കുറിച് വാചാലമാനുളള അ൪ഹത ഇല്ല ….നല്ല എഴുത്ത് ..

 24. ഭാരതത്തിന്റെ ശക്തി മതേരത്വവും കൃഷിയുമാണ്. അത് തകർക്കാനുള്ള നീക്കം കണ്ടില്ലെന്ന് നടിച്ചാൽ നാം അതിനു വലിയ വില നൽകേണ്ടിവരും…യാഥാർത്യവും സത്യസന്തവുമായ വരികൾ ..
  ഇക്ക ആശംസകൾ …
  സ്നേഹം.

Leave a Reply

Your email address will not be published.


*


*