പുതിയ സൂര്യനെ കാത്ത്..!! – വിരോധാഭാസൻ

sun     ഓടിത്തളര്‍ന്ന ട്രെയിന്‍ ചൂളം വിളിച്ച് കിതച്ച് നിന്നു. ഹാവു, വടക്കാഞ്ചേരി എത്തി. ഉണര്‍ന്ന് മൂരി നിവര്‍ത്തി, ഷട്ടര്‍ പൊക്കി, നാടിന്‍റെ പ്രകാശവും വായുവും അകത്തേയ്ക്ക് ഇരച്ചുകയറി, രാവിലെ അഞ്ച് മണി.  എണ്ണിക്കൊണ്ട് നാല് വര്‍ഷം, അഞ്ച് മാസം നാട്ടില്‍നിന്നും മാറി നിന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ പ്രതീതി. നാടിന്‍റെ പ്രത്യേകത നിറഞ്ഞ പച്ച നിറവും പുതിയ സൂര്യനും, കണ്ണിന് ആഘോഷമൊരുക്കിത്തന്നു. ആരോ വലിച്ചെറിഞ്ഞ ഭക്ഷണത്തിന് ചുറ്റും ബഹളം വയ്ക്കുന്ന കാക്കകളെ ശല്യം ചെയ്തുകൊണ്ട്‍ കുറേ ബലിക്കാക്കകള്‍ കാറിപ്പറക്കുന്നു..! പ്ലാറ്റ്ഫോമില്‍ ചാരനിറമുള്ള കുപ്പായമിട്ട കാപ്പിക്കച്ചവടക്കാര്‍ കലപില കൂട്ടുന്നു, കാക്കകളെപ്പോലെ തന്നെ..!!

നാട് എത്തിക്കിട്ടാന്‍ ധൃതിയായി. ഇനിയും ഏകദേശം ഒരു മണിക്കൂര്‍ ദൂരം. എല്ലാവരും സ്റ്റേഷനില്‍ കാത്തു നില്‍പ്പുണ്ടാവും. എന്‍റെ വരവ് അറിയിക്കാതിരിയ്ക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ നടന്നുപോയിരുന്ന ചെമ്മണ്‍ വഴികള്‍ ടാറിട്ട് പൊട്ടിപ്പൊളിഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്നവയായിട്ടുണ്ടാകാം, നിറയെ പുസ്തകങ്ങളുണ്ടായിരുന്ന വായനശാല ഇന്ന്‍ പൂട്ടി,മാറാല പിടിച്ചിട്ടുണ്ടാവും. തുറസ്സായ മൈതാനമുള്ള അമ്പലവും, കൈത്തോട് തൊട്ടുകിടക്കുന്ന വലിയ പാടശേഖരവും, വയലിലേക്ക് ചാഞ്ഞുകിടക്കുന്ന തെങ്ങോലകളില്‍ തൂങ്ങിയാടുന്ന കുരുവിക്കൂടുകള്‍. ഓരോ വീടിന്‍റെ വേലിക്കലും വയലറ്റ് കോളാമ്പിപ്പൂക്കള്‍.ഇതൊക്കെ ഓര്‍മ്മകളുടെ നിലയില്ലാക്കയങ്ങളില്‍ പൂണ്ട് കിടക്കുന്നു. സമയത്തിന് വിലയില്ലാതിരുന്ന കാലം. ആരേയും വകവെയ്ക്കാതെ, എല്ലാറ്റിനോടും, എല്ലാവരോടും പുശ്ചം. അലസമായി ജീവിച്ചുതീര്‍ത്ത വര്‍ഷങ്ങള്‍. ചിലപ്പോള്‍ സന്യാസിയെപ്പോലെ നീട്ടിയ താടി, മറ്റുചിലപ്പോള്‍ മുടിയും താടിയും പറ്റെ വെട്ടി പല കോലത്തില്‍ നടന്ന കാലം. തഴച്ച് നിന്ന നിലാവില്‍ രാവേറേ ചെന്നാലും പിരിയാത്ത സൌഹൃദസദസ്സുകള്‍..! രാത്രിക്ഷയിക്കുന്നതുവരെ ആല്‍ത്തറയില്‍ തമ്പടിച്ചിരിക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല. കീറിയടുക്കിയ കരിങ്കല്ലില്‍ നിന്നും തണുപ്പ് നട്ടെല്ലിലേക്ക് അരിച്ചുകയറി മസ്തിഷ്കത്തിലെത്തി എരിയുന്ന ചിന്തകള്‍ക്ക് ആശ്വാസപ്രദായകമാകുന്നു. എല്ലാം ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുമെങ്കിലും, വെറുതെ ഒന്ന് കണ്ണടക്കുമ്പോള്‍, ഭൂതകാലത്തിന്റെ കല്‍പടവുകളില്‍ വികൃതിക്കുട്ടിയെപ്പോലെ വെറുതെ ഓടിക്കേറുന്ന മനസ്സ്.

പ്രണയിക്കുന്നതൊക്കെ ഗ്രാമത്തില്‍ ഒരുതരമായികണക്കാക്കിയിരുന്നെങ്കിലും അത് വകവെയ്ക്കാന്‍ മനസ്സ് ഒരുക്കമായിരുന്നില്ല. എന്നാല്‍ ആരെ..? അതൊരു ചോദ്യമായിരുന്നു കോളജ് കാലത്ത്. ആദ്യ പ്രണയം പാഴാക്കിക്കളയാനുള്ള മനസ്സിന്റെ ഇഷ്ടക്കേട്. വെറുതെ ജീവിതത്തെ പരിഹസിക്കാന്‍ വേണ്ടി മാത്രം പരിഹസിച്ചിരുന്ന ദിവസങ്ങള്‍..! ഓര്‍ക്കുമ്പോള്‍ എല്ലാം അവ്യക്തമായ മുഖങ്ങള്‍..മാത്രം.. കാമം പ്രണയത്തെക്കടത്തിവെട്ടിയന്ന്‍ തിരിച്ചറിഞ്ഞപ്പോള്‍, മനോരഥത്തില്‍ കല്‍പിച്ചുകൂട്ടിയ അനേകം കൊഴുത്ത ശരീരാവയവങ്ങള്‍ താല്‍ക്കാലിക രതിനിര്‍വൃതിയുടെ ലോകത്തേക്ക് പൊടുന്നനെ പൊക്കിയെടുത്തു, അതേപോലെ താഴെയിടുകയും ചെയ്തു. ഒരിക്കലും മനസ്സിലാകാഞ്ഞത് എന്നെ ആരും എന്തേ ഇതുവരെ മനസ്സറിഞ്ഞ് ഇഷ്ടപ്പെടാഞ്ഞത് എന്നാണ്. വലിയ തറവാടിന്‍റെ ഹുങ്ക് പെരുമാറ്റത്തിലും ഉണ്ടായിരുന്നത് കൊണ്ടാവാം. പൊരുത്തകേടുകളില്‍ നിന്നും പൊരുത്തക്കേടുകളിലേയ്ക്ക് പുളഞ്ഞൊഴുകുന്ന ദിവസങ്ങള്‍ക്ക് വിരാമമിട്ടത് എനിക്ക് അന്യനാട്ടില്‍ കിട്ടിയ ജോലിയായിരുന്നു.

കോളജ് കഴിഞ്ഞ് ട്യൂട്ടോറിയലുകളില്‍ പഠിപ്പിച്ചിരുന്ന കാലത്ത്, കൂട്ടുകാരനായ അദ്ധ്യാപകന്‍ വഴി ഇവിടെ പഠിപ്പിക്കാന്‍ കഴിഞ്ഞത് ജീവിതത്തെ ഒറ്റക്ക് നേരിടാന്‍ എത്ര പ്രയാസമാണെന്ന് മനസ്സിലാക്കിത്തന്നു. ഇവിടെ എന്ന് ഉദ്ദേശിച്ചത് റക്സോള്‍ എന്ന ചെറു പട്ടണം, പട്ടണം എന്നൊക്കെ പറയാമെന്നേ ഉള്ളൂ.. ഇന്ത്യയെയും നേപ്പാളിനെയും വേര്‍തിരിക്കുന്ന വര ഇവിടെയാണ്. ബിഹാറിലെ ഒരു ചതഞ്ഞ പട്ടണം. തകര്‍ന്നടിഞ്ഞ ചെമ്മന്‍ നിറം പിടിച്ച വലിയകെട്ടിടങ്ങള്‍ പഴയ സംസ്കാരത്തിന്‍റെ പ്രൌഢി നിലനിര്‍ത്തിയിരിക്കുന്നു.സ്വന്തം രഹസ്യങ്ങള്‍ ആരുമായും പങ്കുവയ്ക്കരുതെന്ന് ഉപദേശിച്ച അര്‍ത്ഥശാസ്ത്രകാരന്‍ ചാണക്യന്‍റെ പാദസ്പര്‍ശമേറ്റ നാട്..!!

പിന്നില്‍ നിര്‍ത്തിയ സ്റ്റേഷനില്‍ നിന്ന് മണ്ണില്‍ തീര്‍ത്ത ഗ്ലാസിലെ ചൂടുചായ കുടിച്ചിരുന്നപ്പോള്‍ ഇതൊരു പുതിയ ലോകമാണെന്ന് കരുതിയത് തെറ്റായില്ല. കയ്യില്‍ പുകയിലയും, ചുണ്ണാമ്പും കശക്കി ചുണ്ടുകള്‍ക്കിടയിലേയ്ക്ക് തിരുകി വെയ്ക്കുന്ന പൂണൂല്‍ ധാരികള്‍. അങ്കവാലുപോലെ പിന്നില്‍ കുടുമി വളര്‍ത്തിയിരുന്നു പലരും. ട്രെയിനിറങ്ങിയപ്പോഴാണ് മനസ്സിലായത് ഉള്ളിനുള്ളതിനേക്കാള്‍ ആണും പെണ്ണും ട്രെയിനിന് മുകളിലാണെന്ന്.

സൈക്കിള്‍ റിക്ഷായില്‍ താമസസ്ഥലത്തേയ്ക്ക്, റിക്ഷാ ചവിട്ടുന്നയാളുടെ ഉന്തിയ എല്ല് അഴുക്ക്പുരണ്ട് പിഞ്ഞിയ ബനിയനിലൂടെ വല്ലാതെ കഷ്ടപ്പെടുന്നു. എന്‍റെ നെഞ്ചില്‍ ഒരു കല്ല് പിടിച്ച് വച്ച അവസ്ഥ. യാത്രയില്‍ അയാളെന്തൊക്കെയോ പറഞ്ഞ് ചിരിക്കുകയും എതിരെ വരുന്ന റിക്ഷാക്കാരോട് ഒച്ച വെച്ച് സൌഹൃദം പുതുക്കി. എങ്ങും കടുകപാടങ്ങള്‍ പൂക്കാന്‍ തുടങ്ങിയിരുന്നു. തലയുയര്‍ത്തി നില്‍ക്കുന്ന പഴയരീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങളും കടന്ന്, റോഡരികിലെ തൊലി പൊളിഞ്ഞ് തുടങ്ങിയ അപ്പൂപ്പന്‍ മരങ്ങളുടെ നീണ്ട നിരകളുടെ ഓരത്ത്കൂടെ മുന്നോട്ട്.
ബാഗ് എടുത്ത് കെട്ടിടത്തിന്‍റെ പടിയിലേയ്ക്ക് വെച്ചുതന്നു
“കിത്ത്നാ..?”
“ദോ റുപ്യാ”
ഇത്രേം റിക്ഷാ ചവിട്ടിയതിന് രണ്ട് രൂപയോ?

ഈ തണുപ്പിലും വിയര്‍ത്തൊഴുകിയി ബനിയന്‍ കുതിര്‍ന്നിരുന്നു. തോളില്‍ക്കിടന്ന തുണിയെടുത്ത് മുഖം തുടച്ച് രണ്ട് രൂപയ്ക്ക് വേണ്ടി നിര്‍ജ്ജീവമായ കണ്ണുകള്‍ നീട്ടി കെഞ്ചി നില്‍ക്കുന്നു. കരച്ചിലും ചിരിയും ആകാംഷയും ഒരുമിച്ച് പ്രതിഫലിപ്പിക്കുന്ന മുഖം.

ഹൈസ്കൂള്‍, പ്ലസ് റ്റൂ കാസുകളില്‍ ഇകണൊമിക്സും, പൊളിറ്റിക്സും പഠിപ്പിക്കാന്‍ ആദ്യമായി നിയമനം കിട്ടിയപ്പോള്‍ സന്തോഷമായിരുന്നു. റൂമില്‍ മറ്റൊരു മലയാളി ഉണ്ട് എന്നറിഞ്ഞതില്‍ അതിലേറെ സന്തോഷം. പക്ഷേ ഒഴിഞ്ഞ കിടക്ക എന്നെ അലോസരപ്പെടുത്തി. ഇയാള്‍ എവിടെ? എന്നെ അലട്ടിയിരുന്ന ചിന്തകളെ ഞാന്‍ അതിന്‍റെ വഴിയ്ക്ക് വിട്ടു. പത്രത്താളുകളും, സിഗററ്റ് പായ്കറ്റുകളും, കുറ്റികളും അവിടവിടെ ചിതറിക്കിടക്കുന്നു. അടുക്കും ചിട്ടയുമില്ലാത്ത മുറി. വൃത്തിയാക്കിയെടുക്കാന്‍ ഒരു കൊച്ചുകുട്ടിയെത്തി എട്ട്, ഒന്‍പത് വയസ്സുകാണും.

രാത്രി എന്തോ ബഹളം കേട്ട് എഴുന്നേറ്റ് കോറിഡോറില്‍ എത്തിയതും മറ്റെല്ലാവരും എന്നെത്തന്നെ നോക്കുന്നു.
“പോലീസ് റേഡ്‘..ഒരാള്‍ ഉറക്കെ പറഞ്ഞു
ബൂട്ടിന്‍റെ ശബ്ദവും നിലവിളികളും പുറത്ത്..
നക്സലുകളെ പിടിക്കാന്‍ പോലീസ് എത്തിയതാണത്രേ..!! നേപ്പാളിനടുത്തായതുകൊണ്ടും, ബംഗാള്‍ അത്ര അകലത്തിലല്ലാത്തതും ഇവിടെ നക്സലുകള്‍ വളരാന്‍ ഒരു കാരണമായെന്ന് വിവരം പകര്‍ന്ന് നല്‍കി സഹഅദ്ധ്യാപകര്‍.

നക്സലുകള്‍ സമൂഹത്തിനും രാഷ്ട്രീയക്കാര്‍ക്കും പോലീസിനും തലവേദയായിട്ട് കാലം കുറെയായി. ഇവിടം തികഞ്ഞ ഒരു നക്സല്‍ ബല്‍റ്റ് ആണ്. ഒരു കാലത്ത് ജന്മിത്തം കൊടികുത്തിവാണ നാട്. ഭൂമി കൃഷിക്കാരനില്‍ എത്തിയത് വളരെപ്പെട്ടെന്നായിരുന്നു.എന്നാല്‍ ഇപ്പോഴും ജന്മികള്‍ കുറവല്ല. താഴ്ന്ന ജാതിക്കാര്‍ ഇന്നും അടിമകള്‍ തന്നെ. പട്ടികളെക്കാള്‍ കഷ്ടത്തില്‍ ജീവിക്കുന്ന മനുഷ്യര്‍. പത്രങ്ങളായ പത്രങ്ങളില്‍ എല്ലാം നക്സല്‍ ആക്രമങ്ങള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍..! പട്നയിലും, റാഞ്ചിയിലും, ഭാഗല്പൂരിലും, മുസ്സഫര്‍പൂറിലും, ദര്‍ഭംഗയിലും റെയിഡുകള്‍ നടന്നു. ഒരു പാട് നക്സലുകളെ അറസ്റ്റ് ചെയ്തു. കുറെപ്പേര്‍ക്ക് വെടിയേറ്റു. ഒരു പാട് സ്ത്രീകള്‍ ചവിട്ടിമെതിയ്ക്കപ്പെട്ടു.കുട്ടികള്‍ മരിച്ചു വീണു. കൊല്ലപ്പെട്ടവരും ചത്തവരുമെല്ലാം ഗവണ്മെന്‍റ് കണക്ക് പ്രകാരം നക്സലുകള്‍ തന്നെ..!

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ക്ഷീണിച്ച് അവശനായ ഒരു വേഷം, പാതിരാത്രിയില്‍ കതക് തുറന്നെത്തി.
“ഉണ്ണി അല്ലേ..?, അലക്സേട്ടന്‍റെ കത്തുണ്ടായിരുന്നു… ഞാന്‍ സുല്‍ഫിക്കര്‍.. ഈ കട്ടിലിന്‍റെ അവകാശി..ഹ..ഹ..ഹ. എന്നെ സുല്‍ഫി എന്ന് മാത്രം വിളിക്കാം..!!”
കട്ടില്‍ ചൂണ്ടി അദ്ദേഹം ഉറക്കെച്ചിരിച്ചു.

എനിക്ക് അലക്സേട്ടന്‍ ജോലി തരപ്പെടുത്തിത്തന്നത്, ഇദ്ദേഹം വഴിയായിരുന്നോ? ഞാന്‍ അത്ഭുതപ്പെട്ടുപോയി. നാട്ടില്‍ വച്ച് എത്രയോ തവണ കണ്ടിരിയ്ക്കുന്നു. സംസാരിയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രം. അതെങ്ങിനെയാ ഇദ്ദേഹം എപ്പോഴും ഒരുപാട് ആളുകളാല്‍ വലയം ചെയ്ത് തിരക്കിലായിരിയ്ക്കും, മിക്കവാറും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ തന്നെ. നല്ല ഒരു കമ്യൂണിസ്റ്റ്..!!ഒരുപാട് പണമുണ്ടാക്കാന്‍ കഴിയുമായിരുന്നെങ്കിലും, അഹിതമായതില്‍ കണ്ണ് വെയ്ക്കാത്ത വലിയ മനുഷ്യന്‍. കള്ളക്കേസുകള്‍ കൂടിയപ്പോള്‍ പലായനം ചെയ്തതാവാം. പാര്‍ട്ടിയും സഹായിച്ചില്ല എന്നതും സത്യം. എന്തായാലും കുടിയേറാന്‍ പറ്റിയ സ്ഥലം കൊള്ളാം.ഇവിടെ ആര്‍ക്കും പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയില്ല.
എന്നെക്കാള്‍ ആറേഴ് വയസ് എങ്കിലും കൂടുതല്‍ കാണും, എങ്ങനെയാ പേര് വിളിക്കുക..
ചിരിയോട് കൂടി കൈ നീട്ടിയപ്പോള്‍ , കെട്ടിപ്പിടിക്കയാണ് അദ്ദേഹം ചെയ്തത്..! ആത്മവിശ്വാസത്തിന്‍റെ സുഹൃദ്സ്പര്‍ശം.എന്‍റെ കണ്ണ് നിറഞ്ഞു.

“ഇങ്ങനെയല്ലേടോ വേണ്ടത്…, എനിക്കറിയാം നിങ്ങടെ തറവാട് ഒക്കെ, ഇടയ്ക്കെപ്പൊഴോ ഞാന്‍ അവിടെ വന്നിട്ടുണ്ട്.”
അല്പം ജാള്യത തോന്നി..!
അതുമനസ്സിലാക്കിയിട്ടെന്നവണ്ണം …“ഒരു സമയം കഴിഞ്ഞാല്‍ നാട്ടില്‍ നില്‍ക്കാന്‍ പാടാ..“
പിന്നീട് സുല്‍ഫിക്കാ ചിന്താമഗ്നനായി കുറ്റിത്താടി തടവിക്കൊണ്ടിരുന്നു..!
‘രാഷ്ട്രീയക്കേസുകള്‍ ഒക്കെ എന്തായി സുല്‍ഫിക്ക’
“ഓ..അതൊക്കെ ആരു തിരക്കുന്നു..ഹ ഹ”
ഉറക്കെയുള്ള ചിരി.അനന്തരം നിശബ്ദത കുമിഞ്ഞുകൂടി.
എന്തെങ്കിലും ഒന്ന് സംസാരിക്കണം എന്ന് എനിക്കുണ്ടായിരുന്നു. വാ തുറന്നതും..സുല്‍ഫിക്കാ ഇടയ്ക്ക് കയറി.
“വായിക്കണമെങ്കില്‍ ആവാം …എനിക്ക് ലൈറ്റ് അണയ്ക്കണമെന്നില്ലാ..അപ്പൊ ഗുഡ് നൈറ്റ്..!”
“ഓ..ഇപ്പോള്‍ വായന ഒക്കെ കുറവാ..”

നവമ്പറിലെ തണുപ്പ് ഉറക്കത്തിന് ധൃതികൂട്ടിക്കൊണ്ടിരുന്നു. ഹോസ്റ്റലിലെ ഫ്രീയായ താമസവും ഒപ്പം ആഹാരവും. ആഹാരമെന്ന് വച്ചാല്‍ റൊട്ടി, ദാല്‍ക്കറി, ഒപ്പം സവാള, കീര എന്നിവ അരിഞ്ഞതും . സ്പെഷ്യലായി മുട്ടയോ , മാംസമോ ഒക്കെക്കാണും. രണ്ടായിരത്തി അഞ്ഞൂറു രൂപ ശംബളം. ശനിയും ഞായറും അവധിദിവസങ്ങള്‍. ചിലവുകള്‍ ഇല്ലാത്ത കാലം. എനിക്കിഷ്ടപ്പെട്ട അദ്ധ്യാപകന്‍റെ കുപ്പായത്തില്‍ ഞാന്‍ ഒരുപാട് പാകപ്പെട്ടു.

ഹോസ്റ്റലിന്‍റെ ജനാലയിലൂടെ കാണാന്‍ കഴിയുന്ന വീടുകള്‍, വീടുകള്‍ എന്ന് പറയാന്‍ പറ്റില്ല, മുകളീല്‍ ലൂസായി ഓടുകള്‍ പാകിയ ചരിപ്പുകള്‍ എന്നേ തോന്നൂ..! ജനാലക്ക് എതിര്‍വശം രണ്ട് കണ്ണുകള്‍ കൌതുകമുണര്‍ത്തി. ആരാണവള്‍ എന്തിനായിരിയ്ക്കും അവളുടെ കണ്ണുകള്‍ ജനാനയ്ക്കലേയ്ക്ക് നീളുന്നത്. ഒറ്റനോട്ടത്തില്‍ ഇഷ്ടപ്പെടുന്ന രൂപം,ചുവപ്പും മഞ്ഞയും പച്ചയും കലര്‍ന്ന മേലുടുപ്പുകള്‍, പിഞ്ഞിത്തുടങ്ങിയ തുണിയില്‍ പൊതിഞ്ഞ ഇവളെ ആരും കണ്ടിരുന്നില്ലെങ്കിലെന്ന് ആശിച്ചു. കൈയ്യില്‍ നിറയെ കുപ്പിവളകള്‍,
കാണെക്കാണെ ഇഷ്ടം കൂടിക്കൊണ്ടിരുന്നു.

ഒരു വേള മതില്‍ ചാടി ഒരുപാടിഷ്ടമാണെന്ന് പറഞ്ഞാലോ എന്ന് വരെ തോന്നിപ്പോയി. പുലരികളുണരുന്നത് അവളെക്കാണാനായി മാത്രം. പിഞ്ഞിക്കീറിയ വിവിധനിറങ്ങളിലുള്ള കുപ്പായം ധരിച്ച അവള്‍ വരുന്നതും നോക്കിയിരുന്ന പ്രണയാതുരമായ പ്രഭാതങ്ങള്‍ . മുറിയിലുള്ളപ്പോള്‍ ഒരു പാളി തുറന്നിട്ട് എപ്പോഴും അവളെ കാണാന്‍ കാത്തിരിക്കുമായിരുന്നു. ഇടയ്ക്ക് അവള്‍ കാണാന്‍ കൈകൊണ്ട് എന്താ എന്ന് കാണിച്ചതും അവള്‍ നാണിച്ച് കണ്ണുകള്‍ മാറ്റിക്കളഞ്ഞു..! പൂത്തകടുക്പാടങ്ങളുടെ നിറപുഞ്ചിരിയുമായി അവള്‍, ഗൌരി..!!
“ഗൌരീ..കോത്തി കരേച്ചി…യഹാ ആവോത്തൊ…”
(“ഗൌരീ എന്തു ചെയ്യുവാ..ഇവിടെ വരൂ”)
ഒരു തരം ഗ്രാമ്യ ഭാഷ. ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലായി.
വയസ്സായ തള്ള, കഷ്ടപ്പാടിന്‍റെ പ്രായം ബാധിച്ച ശരീരം ,അവളുടെ അമ്മയാണെങ്കിലും അമ്മൂമ്മയാണെന്നേ പറയൂ, അവള്‍ക്കൊപ്പം ഒരുപാട് കുട്ടികള്‍. അനുജന്മാരും, അനുജത്തിമാരും..! എഴെട്ടെണ്ണം വരും..!! അവളുടെ അച്ഛനെ മാത്രം എങ്ങും കണ്ടതില്ല.

പബ്ലിക് കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം എടുക്കുന്നതും, കറിക്കരിയുന്നതും കുട്ടികളെ ഒരുക്കുന്നതും തുടങ്ങി എല്ലാ പണികളും അവള്‍ തന്നെയായിരുന്നു ചെയ്തു പോന്നത്. മുറ്റത്തിട്ടിലിക്കുന്ന കയറ് കട്ടിലില്‍ രാവിലെ മുതല്‍ ഒരു കൂട്ടം കുട്ടികളും..ഒപ്പം ഗൌരിയും. കടുകെണ്ണയുടെ മണം നിറഞ്ഞു നിന്നിരുന്നു അവിടെയെല്ലാം..!!
ശനിയും ഞായറും ഞാന്‍ മിക്കവാറും ജനാലയ്ക്കല്‍ തന്നെയായിരുന്നു.പുറത്ത് വൈകുന്നേരങ്ങളില്‍ സുല്‍ഫിക്കായ്ക്കൊപ്പം അദ്രക് ചേര്‍ത്ത ചായ കുടിക്കാന്‍ പോയിരുന്നതൊഴിച്ചാല്‍ പുറത്ത് പോക്ക് കമ്മി തന്നെ. അവിനാശിന്‍റെ ചായ ഒന്നാം തരമായിരുന്നു. ചായ കുടിച്ചുകഴിഞ്ഞാല്‍ പിന്നെ ഇക്കാ സൈക്കിളില്‍ എങ്ങോട്ടോ പോകും, ഞാന്‍ റൂമിലേയ്ക്കും..!!
ബോറടിച്ച ഒരു ദിവസം ഞാന്‍ രണ്ടും കല്പിച്ച് സുല്‍ഫിക്കയോട് ചോദിച്ചു..
“വൈകിട്ട് ഞാനും കൂടട്ടേ….??“
“ഡോ..തനിക്ക് പത്ത് കിലോമിറ്റര്‍ എന്‍റെ സൈക്കിളിന്‍റെ പിന്നില്‍ ഇരിക്കാമോ..?”
“ഓഹോ..അതിനെന്താ..”

പൂത്തുലഞ്ഞ് നില്‍ക്കുന്ന കടുക് പാടങ്ങളിളിലൂടെ…ലീച്ച് മരങ്ങളും, തറയില്‍ പടര്‍ന്ന് നില്‍ക്കുന്ന മാന്തോപ്പുകളും കടന്ന് സുല്‍ഫിക്കായോടൊപ്പം ഞാനും ഏതോ ഗ്രാമത്തിലെത്തി. അകലെ ഒരു തടിയന്‍ ആല്‍മരം വേരുകള്‍ കെട്ടിപ്പിണച്ച് അജയ്യമായി നിലകൊണ്ടു. പോത്തുകള്‍ മുക്രയിട്ട് മേഞ്ഞ് നടന്നിരുന്നു. പോത്തിന്‍ പുറത്തിരിയ്ക്കുന്ന കുട്ടികള്‍ കൌതുകത്തോടെ ഞങ്ങളെ നോക്കി.

അദ്ദേഹത്തെയും കാത്ത് കുറെആള്‍ക്കാര്‍ ഇരിക്കുന്നു. പച്ചത്തലപ്പാവും, താടിയുമുള്ള മുസ്ലീം പണ്ഡിതരും, പൂണൂലിട്ട, കുടുമയുള്ളവരും ഒക്കെ. കുശലപ്രശ്നങ്ങള്‍ക്ക് ശേഷം ശുദ്ധഹിന്ദിയിലും, ഇടയ്ക്ക് ഇംഗ്ലീഷിലും സുല്‍ഫിക്കായുടെ ക്ലാസ് ശ്രവിച്ചിരിക്കുന്ന എല്ലുന്തിയ രൂപങ്ങള്‍….എനിക്കോര്‍മ്മവന്നത് നാട്ടിലെ വയോജനവിദ്യാഭ്യാസകേന്ദ്രത്തില്‍ ക്ലാസ് എടുക്കുന്ന സഖാവ്.സുല്‍ഫിക്കറിനെയാണ്. എന്തൊരു മാറ്റം..! പത്രം വായിച്ച് സംശയം ചോദിക്കുന്നതിന് മറുപടി കൊടുക്കുന്ന സുല്‍ഫിക്ക. പിന്നെക്കുറേ ആപ്ലിക്കേഷന്‍ വിളക്കുവെട്ടത്തില്‍ പൂരിപ്പിക്കുന്നതിരക്കില്‍ സുല്‍ഫിക്കായെ വിട്ട് ഞാന്‍ ചുറ്റും നടന്നു കണ്ടു.

ജീവിതത്തിന്‍റെ നിഗൂഢതപോലെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ആലിന്‍ വേരുകളില്‍ വിഷം ചീറ്റുന്ന പാമ്പുകള്‍ പതുങ്ങിയിരിയ്ക്കുന്നതായി എനിക്ക് തോന്നി. അവ രാത്രി ഒടുങ്ങുമ്പോള്‍ തകര്‍ന്നു തുടങ്ങിയ ക്ഷേത്രങ്ങളുടെ പൊത്തുകളിലേയ്ക്കും , പച്ച നിറം മനഃപൂര്‍വ്വം ഉള്‍ക്കൊണ്ട മീസാന്‍ കല്ലുകള്‍ നിരന്നിരിയ്ക്കുന്ന മണ്‍പുറ്റുകളിലേയ്ക്കും വിശ്രമിക്കാന്‍ നീന്തിയെത്തുന്നു.

പരന്ന് കിടക്കുന്ന കടുക് പാടങ്ങള്‍, പൂക്കള്‍ നിറച്ച് നിലാവില്‍ ചിരിച്ച് നില്‍ക്കുന്നു. ഗ്രാമ വാതില്‍ ഏതോ ഭരണത്തിന്‍റെ , മണ്മറഞ്ഞ സംസ്കാരത്തെ ദ്യോതിപ്പിക്കും വണ്ണം രാത്രികളെണ്ണി ചോരനിറത്തില്‍ പൂണ്ട് നിന്നു…എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ.. കടന്നുപോയവരെ മറന്ന് വരുന്നവര്‍ക്ക് വേണ്ടി.
തിരികെ സൈക്കിളില്‍ പോരുമ്പോള്‍…കൂടെ അനുഗമിക്കാനും നാല് പേര്‍..!
“അല്ല ..സുല്‍ഫിക്കാ നിങ്ങള്‍ എന്താ അവരെ പഠിപ്പിക്കുന്നത്…..?
“മനസ്സിലായില്ലേ…കുറച്ച് ഹിന്ദി, പിന്നെ ഇംഗ്ലീഷ് എഴുതാനും വായിക്കാനും, കൂടാതെ ജനറലായ ചില കാര്യങ്ങളും .അവര്‍ ഒരു പുതിയ സൂര്യനെ കാത്തിരിയ്ക്കുന്നു…! അക്ഷരങ്ങളുടെ പുതിയ സൂര്യന്‍..!!””
“ അവിടെ കമ്യൂണിസം എന്നും മാവോയിസം എന്നുമൊക്കെ പറഞ്ഞത്..”
“ അതേ, ഉണ്ണി, ഇവരൊക്കെ മാവോയിസത്തില്‍ വിശ്വസിക്കുന്നു, ഒളിപ്പോരിലൂടെ നഷ്ടപ്പെട്ട സ്വാതന്ത്യവും , അവകാശങ്ങളും നേടിയെടുക്കാന്‍ കഴിയുമെന്ന് കരുതുന്നു. കേരളത്തിലെ പഴകാല കമ്യൂണിസ്റ്റ് ഒളിപ്പോരുകള്‍ മറന്നോ..? ”
“അപ്പൊ സുല്‍ഫിക്കായും മാവോയിസ്റ്റാണോ..”
“ഞാന്‍ മാവോയിസ്റ്റ് അല്ലേ എന്ന് ചോദിച്ചാല്‍ അല്ല, മാവോയിസ്റ്റാണോയെന്ന് ചോദിച്ചാല്‍ ആണ്, അവരില്‍ ഒരാള്‍ ‍എന്നും പറയാം..“
“മാവോയിസ്റ്റോ…നിങ്ങള്‍ ഒരു പക്കാ കമ്യൂണിസ്റ്റായിരുന്നല്ലോ സുല്‍ഫിക്കാ..?“
“ഉണ്ണി..ഒരു കമ്യൂണിസ്റ്റിനു മാത്രമേ മാവോയിസ്റ്റാകാന്‍ കഴിയൂ….”
“മാവോയിസം ചൈനയില്‍ പോലും വിജയിച്ചില്ലല്ലോ…പിന്നെ ഇവിടെ..?”

“മാവോയുടെ തൊഴിലാളി തരം തിരിവുകള്‍ , ഗ്രാമീണതൊഴിലാളികള്‍, പട്ടണത്തിലെ തൊഴിലാളികള്‍..മാവോ കര്‍ഷക കുടുംബത്തില്‍ ജനിച്ചതുകൊണ്ടാവും ഗ്രാമങ്ങളിലെ കര്‍ഷകരോട് ആഭിമുഖ്യം കാട്ടിയിട്ടുള്ളത്..അങ്ങനെ വേര്‍തിരിച്ചവതരിപ്പിച്ച തൊഴിലാളിപ്രശ്നങ്ങള്‍.. അതൊന്നും ചൈനയെ രക്ഷിക്കാന്‍ പര്യാപ്തമായിരുന്നില്ല ഉണ്ണീ. എന്നാല്‍ ആ കാലയളവില്‍ മാവോയിസം വിജയം കണ്ടു, സ്ഥായിയായ വിജയമായിരുന്നില്ല, അത്. വിജയം വരിച്ച ഒരു ഇസം പറയൂ..? ഒന്നും വിജയിച്ചിട്ടില്ല, ഓരോ ഇസവും പരിണാമം സംഭവിച്ച് പുതിയ പേരുകളില്‍ അറിയപ്പെടുന്നു.കുറെക്കഴിയുമ്പോള്‍ എല്ലാം മടുക്കും. പട്ടിണിയാണ് ഇന്നും എല്ലാ വിപ്ലവചിന്തകള്‍ക്കും മുകളില്‍. ആഹാരത്തിനു വേണ്ടി ആയുധമെടുത്തവരാണ് ഇവിടെ അധികവും. ഇവരൊക്കെ കമ്യൂണിസ്റ്റുകള്‍ തന്നെയാണ്.താനും ഞാനുമൊക്കെ അനീതിയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍, അതിനുവേണ്ടി മറ്റുള്ളവരെ പഠിപ്പിപ്പിക്കുമ്പോള്‍ അറിയാതെ കമ്യൂണിസ്റ്റായിപ്പോകുന്നു..ഇതേപോലെ മൂന്ന് നാല് ഗ്രാമങ്ങളില്‍ കൂടെ ഞാന്‍ പോകുന്നുണ്ട്..“
ഗ്രാമാതിര്‍ത്തിയില്‍ യാത്ര പറഞ്ഞ് കൂടെ വന്നവര്‍ പിരിഞ്ഞു.

നിലാവ് പരന്നൊഴുകി രാത്രിയെ അണിയിച്ചൊരുക്കുന്ന തിരക്കിലാണ് ഇപ്പോഴും.
‘ഇനി ഞാന്‍ ചവിട്ടാം ഇക്കാ..’
“വേണ്ടടോ..തനിക്ക് പരിചയമില്ലാത്ത വഴിയാ..”
രാത്രി ഒരുപാട് വൈകി റൂമിലെത്തി. പിന്നെയും എത്രയോ സൈക്കിള്‍സവാരികള്‍..! ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേയ്ക്ക്..ഞാനും പഠിപ്പിക്കാന്‍ കൂടി,മാവോയിസമല്ല..അക്ഷരങ്ങള്‍. പൂത്തു നില്‍ക്കുന്ന കടുക് പാടങ്ങളിലൂടെ..ചോളം വിളഞ്ഞ വയലേലകളിലൂടെ…പൊട്ടിത്തകര്‍ന്ന മസ്ജിദുകളുടേയും, നിലം പൊത്താറായ ക്ഷേത്രങ്ങളുടെയും കാഴ്ചകളിലൂടെ… !

അകലെയെവിടെയോ നിലാവില്‍ ഓരിയിടുന്ന പട്ടികള്‍, ഉറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ വിധിക്കപ്പെട്ട ഒരു രാത്രി. പെട്ടെന്ന് പോലീസ് വാഹനങ്ങളുടെ കാതടപ്പിക്കുന്ന സൈറന്‍. ഇനിയും സുല്‍ഫിക്കാ എത്തിയിട്ടില്ല, ഓരോന്ന് ചിന്തിച്ച്കൂട്ടാന്‍ തുടങ്ങിയ മനസ്സ്,വല്ലാതെയായി. സുല്‍ഫിക്കാ ഒന്നും പറയാതെ എവിടെയെങ്കിലും പോകും, പിന്നെ പാതിരാത്രിയോ, രണ്ട് ദിവസം കഴിഞ്ഞോ നോക്കിയാല്‍ മതി. രാവിലെ പോയ വൈദ്യുതി ഇതുവരെ ഇല്ല. ഇവിടെയിങ്ങനെയാണ്, ദിവസത്തില്‍ മൂന്ന് മണിക്കൂറെങ്കിലും വൈദ്യുതി വന്നാലായി . ബൂട്ടുകളുടെ വേഗമേറിയ ശബ്ദത്തിനെ കവച്ചു വെയ്ക്കുന്ന നിലവിളികള്‍. എന്തു കേട്ടാലും മെയിന്‍ ഗേറ്റ് തുറക്കരുത് എന്നും പുറത്തിറങ്ങരുത് എന്നും സ്കൂളില്‍ നിന്ന് തന്നെ നിര്‍ദ്ദേശമുണ്ട്.

ജനാലക്കതക് അല്പം തുറന്നു, കുറെ പോലീസുകാര്‍ ഗൌരിയുടെ വീട്ടിലേയ്ക്ക്…… അകത്തു നിന്നും കൂട്ട നിലവിളി.പോലീസുകാര്‍ ഓരോ കുട്ടികളെയായി തൂക്കിപ്പുറത്തേയ്ക്ക് എറിയുന്നു. അപ്പുറത്തുള്ള വീട്ടിലും ഒരു കൂട്ടം പോലീസ് ഇരച്ചുകയറി. പുറത്തിറങ്ങിയേ പറ്റൂ, എനിക്ക് എന്നെ അടക്കി നിര്‍ത്താന്‍ കഴിയുന്നില്ല. പേടിച്ച് ഒരു മനുഷ്യജീവി പോലും പുറത്തിറങ്ങുന്നില്ല. എവിടുന്നാണന്നറിയില്ല, സൈക്കിള്‍ വലിച്ചെറിഞ്ഞ് സുല്‍ഫിക്കാ ഗൌരിയുടെ വീട്ടിലേയ്ക്ക് ഓടിക്കയറി. തലപൊളിഞ്ഞ മൂന്നുനാല് പോലീസുകാര്‍ പുറത്തേയ്ക്കോടി. ഇടവഴിയിലൂടെ പോലീസുകാരോടുന്നത് വ്യക്തമായിക്കാണാം. കീറിപ്പിഞ്ഞിയ തുണികളുമായി വിതുമ്പലോടെ നിലാവെളിച്ചത്തില്‍ ഗൌരി. അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം സുല്‍ഫിക്കാ കൈകള്‍ നീട്ടിയതും മറിഞ്ഞു വീണതും ഒരുമിച്ച്. ഒപ്പം രണ്ട് മൂന്ന് വെടിയൊച്ചയും. ഗൌരി ഭയത്താല്‍ അലറിക്കരഞ്ഞു..!! കുട്ടികള്‍ ഞരങ്ങുന്നുണ്ടായിരുന്നു. പിന്നൊന്നും നോക്കാതെ കതകും, ഗേറ്റും തുറന്ന് പുറത്തേയ്ക്ക് ഒറ്റപ്പപാച്ചിലായിരുന്നു. എതിരെ പാഞ്ഞുവന്ന പോലീസുകാരനെ കൈയ്യില്‍ കിട്ടിയ ഇഷ്ടിക വച്ച് എറിഞ്ഞു വീഴ്ത്തി.കീഴ്പ്പെടുത്താന്‍ വന്ന പോലീസുകാരെയൊക്കെ അടിച്ചിട്ട് സുല്‍ഫിക്കയുടെ അടുത്തെത്തി.രക്തം വാര്‍ന്നു പിടയ്ക്കുന്ന സുല്‍ഫിക്ക. ഗൌരിയ്ക്ക് ബോധം പോയിരുന്നു. അനന്തരം ഞാന്‍ നിലവിളിക്കുകയും,എന്ത് ചെയ്യണമെന്നറിയാതെ എന്തെല്ലാമോ കാട്ടിക്കൂട്ടി. പിന്നീട് ബുദ്ധിയും ഓര്‍മ്മയും പണിമുടക്കിയ കുറെ ദിവസങ്ങള്‍..!!

അടുത്തിരുന്ന ബാഗില്‍ കൈ അറിയാതെ നീണ്ടു. ഭദ്രമായി സൂക്ഷിച്ചിരുന്ന നാല് ഡയറികള്‍. ഏറ്റവും മുകളിലെ ഡയറിയെടുത്തു,പതുക്കെത്തുറന്നു. അലസമായ കൈയ്യക്ഷരത്തില്‍ കണ്ണ് നിറച്ച് അവ്യക്തമായി വായിച്ചു
പേര്:സുല്‍ഫിക്കര്‍
വയസ്: 31
വിദ്യാഭ്യാസം:എം എ പൊളിറ്റിക്സ്.
അടുത്ത പേജ്
1989 ജാനുവരി 1,ഞായര്‍
ഇന്ന് പുതുവത്സരദിനം, ഇവിടെ വന്നിട്ട് മൂന്നു വര്‍ഷവും നാല് മാസവും തികയുന്നു.
അലക്സ്സിന്‍റെയും, റഷീദിന്‍റെയും കത്തുണ്ടായിരുന്നു.
1989 ജാനുവരി 2, തിങ്കള്‍
ഇന്ന് ശംബളം കിട്ടി. അതില്‍ നിന്നും ഗൌരിയ്ക്ക് 300 രൂപ നിര്‍ബന്ധിച്ച് കൊടുത്തു. അവളുടെ അച്ഛന്‍ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞു.
1989 ജാനുവരി 3, ചൊവ്വ
ജനലരികില്‍ അവള്‍ വച്ചിരുന്ന പ്രസാദത്തിന്‍റെ തട്ട് കണ്ട് ഉണര്‍ന്നു.പറ്റുമെങ്കില്‍ ഗൌരിയെ നാട്ടില്‍ കൊണ്ട് പോകണം, ഉമ്മാന് ഒരു കൂട്ടായി, എനിയ്ക്കും.

ഡയറിയില്‍ നിന്നും കണ്ണെടുത്തു, മുകളിലെ ബര്‍ത്തില്‍ ഗൌരി ഇപ്പോഴും നല്ല ഉറക്കം തന്നെ. രാത്രിമരിച്ച വേളയില്‍ അവള്‍ നിര്‍ത്താതൊഴുകുന്ന കണ്ണും തുറന്ന് പുറത്തേയ്ക്ക് നോക്കിക്കിടക്കുന്ന അസുഖകരമായ ഓര്‍മ്മ തികട്ടി വന്നു.
പിറകിലേതോ ബോഗിയിലെ ശവപ്പെട്ടിയില്‍ സുല്‍ഫിക്കാ, കണ്ണുകള്‍ ഇറുക്കിയടച്ച് സുഖസുഷുപ്തിയില്‍.
എന്‍റെ ഓര്‍മ്മകള്‍ പൂത്തു നില്‍ക്കുന്ന കടുക് പാടങ്ങളിലൂടെ..ചോളം വിളഞ്ഞ വയലേലകളിലൂടെ…പൊട്ടിത്തകര്‍ന്ന മസ്ജിദുകളുടേയും,നിലംപൊത്താറായ ക്ഷേത്രങ്ങളുടെയും കാഴ്ചകളിലൂടെ..സുല്‍ഫിക്കാക്കൊപ്പം..അവസാനിക്കുന്നു..!!
ഇനി അധികദൂരമില്ല. ട്രെയിന്‍ പാലത്തിലൂടെ മുന്നോട്ട് ഇരച്ച്നീങ്ങി. വശങ്ങളില്‍ ആഫ്രിക്കന്‍ പായലും , കളകളും നിറഞ്ഞ വയലുകള്‍. ദൂരെ ഉയര്‍ത്തിക്കെട്ടിയ ചുവന്ന കൊടിതോരണങ്ങള്‍..മറ്റൊരു വിപ്ലവത്തിനായ്..പുതിയ സൂര്യനെ കാത്ത്..!!virodhabhaasan

——————————————————–

വിരോധാഭാസൻ

37 Comments

 1. സുല്‍ഫിക്കയ്ക്ക് ഗൌരിയോടുണ്ടായിരുന്ന ഇഷ്ടം … , കഥയുടെ ക്ലൈമാക്സില്‍ പറഞ്ഞത് കഥയ്ക്ക്‌ മാറ്റുകൂട്ടി.. ഒരു നല്ല സിനിമകണ്ടിറങ്ങിയ പ്രതീതി. ലക്കിന്‍റെ പതിവുശൈലിയില്‍ നിന്നും വ്യത്യസ്തമായമായി വേറിട്ടുനില്‍ക്കുന്ന മനോഹരമായ ഒരു കഥ

 2. അനീതിക്കെതിരെ ശബ്ദമുയര്‍തുന്നവന്‍ അറിയാതെ കമ്മ്യൂണിസ്റ്റ്‌ ആയിപോകുന്നു. അവന്റെ ജീവനും അഭിമാനത്തിനും ഒരു കാലത്തും സുരക്ഷിതത്വം കിട്ടുകയുമില്ല

  നല്ലഴുത്ത് സമ്മാനിച്ചതിന് സ്നേഹം ഇഷ്ടം <3

 3. നല്ല കഥ വിരോധന്‍.. ..,.. സുള്‍ഫിക്കാ ഒരു ഹീറോയായി മനസ്സിലിടം നേടി..

 4. ആദ്യം ഒരു തുടർച്ച കിട്ടിയില്ലെന്ഗിലും അവസാനം ഭംഗിയായി അവതരിപിച്ചു കഥയുടെ മാറ്റു കൂട്ടി

 5. നല്ല ഒരു കഥ …. വായിക്കുകഅല്ലായിരുന്നു … കാണുകയായിരുന്നു … നന്ദി

 6. ഓരോ ഇസവും പരിണാമം സംഭവിച്ച് പുതിയ പേരുകളില്‍ അറിയപ്പെടുന്നു.കുറെക്കഴിയുമ്പോള്‍ എല്ലാം മടുക്കും. പട്ടിണിയാണ് ഇന്നും എല്ലാ വിപ്ലവചിന്തകള്‍ക്കും മുകളില്‍. ആഹാരത്തിനു വേണ്ടി ആയുധമെടുത്തവരാണ് ഇവിടെ അധികവും. ഇവരൊക്കെ കമ്യൂണിസ്റ്റുകള്‍ തന്നെയാണ്.താനും ഞാനുമൊക്കെ അനീതിയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍, അതിനുവേണ്ടി മറ്റുള്ളവരെ പഠിപ്പിപ്പിക്കുമ്പോള്‍ അറിയാതെ കമ്യൂണിസ്റ്റായിപ്പോകുന്നു…..നന്നായി എഴുതി.. അഭിനന്ദനങ്ങൾ ..

 7. ഒരു കഥ നന്നായി പറഞ്ഞു …തുടക്കം ഒന്ന് കാട് കയറിയ പോലെ …ഗൌരിയോട് തോന്നിയ നിശബ്ദ പ്രണയം …കഥയുടെ അവസാന ഭാഗം അവതരിപ്പിച്ച രീതിയും ഇഷ്ടമായി …
  പോലീസ് ഭീകരതക്കിടയിൽ നിന്നും ഗൌരിയെ രക്ഷിക്കുന്ന ഭാഗത്ത് ശകലം അവിശ്വസനീയത
  കലർന്നില്ലെ എന്നും തോന്നി …

 8. നിയ്ക്കൊരു പുതിയ ലോകം സമ്മാനിച്ചു…വായനയുടെ ലോകം..
  നന്ദി..ആശംസകൾ

 9. താമസിച് ആണെങ്കിലും ഈ വായന കിട്ടിയതില്‍ സന്തോഷം ആഭാസന്റെ തൊപ്പിയില്‍ ഒരു വെള്ളി തൂവല്‍ കൂടി koode നടത്തിയതില്‍ സന്തോഷം..akkukkakku nanni sharenu

 10. വായിച്ചു കഴിഞ്ഞപ്പോഴും കഥാപാത്രങ്ങളും സ്ഥലങ്ങളും ഒന്നും മനസ്സില്‍ നിന്നും പോകുന്നില്ല. അറിയില്ല എന്ത് പറയണം എന്ന്. ഈ കഥ വായിക്കാന്‍ അവസരം തന്നതിന് നന്ദി…

 11. പലവട്ടം വായിച്ചു.. ദാ ഇപ്പോഴും വായിച്ചു.. പുനര്‍വായനക്ക് പ്രേരിപ്പിക്കുന്ന അസ്സല്‍ എഴുത്ത്..

  അഭിനന്ദനങ്ങള്‍.. !!!

 12. ജീവിത ഗന്ധിയായ കടുക് പൂക്കും പാടത്തിലെ കഥ,നന്നായി എഴുതി.. ആ ഗൌരിക്ക് ഒരു ജീവിതം കൊടുക്കാന്‍ തുനിഞ്ഞ നിമിഷം അര്‍ത്ഥ വത്തായ ഒരു ജീവിതവുമായി.. മുന്നോട്ടു തന്നെ..

 13. ഒരു പാട് നാള്‍ കൂടിയാണ് ഇങ്ങനെ ഒരു കഥ വായിക്കുന്നത്. ഉത്തരേന്ത്യയിലെ അതിര്‍ത്തി ഗ്രാമം, നക്സലിസം, ഇവയെല്ലാം ചേരുന്ന അന്തരീക്ഷമല്ല, അതേക്കാള്‍ സുള്‍ഫി എന്നാ വിപ്ലവകാരിയാണ് മനസ്സില്‍ തറഞ്ഞു നില്‍ക്കുന്നത്. പാത്ര സൃഷ്ടിയും അവതരണവും വളരെ ഹൃദ്യമായി. പഞ്ചാഗ്നിയിലെ ഇന്ദിരയെപോലെ വിപ്ലവകാരിക്ക് മരണമില്ല എന്ന് സ്വയം പ്രഖ്യാപിക്കുന്നു സുള്‍ഫി….നല്ല ഭാഷയും കയ്യടക്കമുള്ള എഴുത്തും. അഭിനന്ദനങ്ങള്‍ സഖാവെ..

 14. എന്‍റെ ഓര്‍മ്മകള്‍ പൂത്തു നില്‍ക്കുന്ന കടുക് പാടങ്ങളിലൂടെ..ചോളം വിളഞ്ഞ വയലേലകളിലൂടെ…പൊട്ടിത്തകര്‍ന്ന മസ്ജിദുകളുടേയും,നിലംപൊത്താറായ ക്ഷേത്രങ്ങളുടെയും കാഴ്ചകളിലൂടെ..സുല്‍ഫിക്കാക്കൊപ്പം..അവസാനിക്കുന്നു..!!അങ്ങനെ പെട്ടന്ന് അവസാനിപ്പിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല…കടുകുപാടങ്ങള്‍ക്ക് പകരം നമ്മുടെ നെല്‍പ്പാടങ്ങള്‍ക്കു മുകളില്‍ ഒരു പുതിയ സൂര്യന്‍ ഉദിക്കില്ലെ?? ഗൌരിക്കും ഉണ്ണിക്കും വേണ്ടി??…നല്ല എഴുത്ത്…..അഭിനന്ദനങ്ങള്‍…

 15. പുതിയ സൂര്യനെയും കാത്തുള്ള ഈ യാത്ര ..മനോഹരമായ വായനയുടെ വഴികളിലൂടെ. ആശംസകള്‍ ..

 16. പുതിയ സൂര്യനെയും കാത്തുള്ള ഈ യാത്ര ..മനോഹരമായ വായനയുടെ വഴികളിലൂടെ. ആശംസകള്‍ ..

 17. ലക്കിനെ കുറെ ആയി വായിച്ചിട്ട്..
  എന്തായാലും വായന നഷ്ടമായില്ല..

1 Trackback / Pingback

 1. claude

Leave a Reply

Your email address will not be published.


*


*