കഥ രചിക്കുന്നവര് – ഹരിദാസ് വെള്ളൂര്‍ ‍

ഉറക്കച്ചടവോടെ വെളിയിലേക്കിറങ്ങുമ്പോള്‍ പുറത്തേക്കു നോക്കിയിരിപ്പാണ് അമ്മു. പുലര്‍ച്ചെ പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പുകളായി, കുളിച്ചൊരുങ്ങി നില്‍ക്കുന്ന ഇലയില്‍ നിന്നും ഊര്‍ന്നുവീഴാന്‍ നില്‍ക്കുന്നൊരു മഴതുള്ളി. അത് അമ്മുവിന്‍റെ കണ്ണുകള്‍ ആണെന്ന് തോന്നിപ്പോയി.

“അമ്മൂ..”

മറുപടി കിട്ടാഞ്ഞതിനാല്‍ അവളുടെ അടുത്തേക്ക് ചെന്നിരുന്നു. അല്ല.., കരയുകയല്ല; എങ്കിലും കുസൃതിയോടെ നൃത്തം ചെയ്തിരുന്ന ആ മിഴികള്‍ നിശ്ചലമായ തടാകം പോലെ. അവള്‍ എന്താണിങ്ങനെ നോക്കിയിരിക്കുന്നത്? ദൂരെ നരച്ച നഗ്നത കാട്ടി, പരന്നുകിടക്കുന്ന പാടങ്ങളിലേക്കോ! അതോ തൂണില്‍ നിന്നും പേരയിലേക്ക് വലിച്ചുകെട്ടിയ കമ്പിയില്‍ വീണ മീട്ടാനെന്നപോലെയിരിക്കുന്ന കാക്കയെയോ.

“മരിച്ചു പോയവര്‍ ജീവിച്ചിരിക്കുന്നവരെ കാണാന്‍ കാക്കകളുടെ കൂട്ടത്തില്‍ വരുമോ മാമ..?”

കിണറിലേക്കൊരു കല്ല്‌ വലിച്ചെറിഞ്ഞാലെന്ന പോലെ, മാറ്റൊലികള്‍ തീര്‍ത്ത് അവളുടെ ചോദ്യം. അകാലത്തില്‍ അമ്മയെ നഷ്ടപ്പെട്ട ആ പത്തുവയസ്സുകാരിയെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ അയാളവളെ ചേര്‍ത്തുപിടിച്ചു.

“ഞാനിന്നലെ അമ്മയെ സ്വപ്നം കണ്ടു. ജനല്‍ വഴി ഇങ്ങനെ നോക്കി നിക്കുന്നു…”

അയാള്‍ ഒന്ന് ഞെട്ടിയോ..? അപ്പോള്‍ ഇന്നലെ രാത്രി, ജനലിന് വെളിയില്‍ താന്‍ കണ്ടരൂപം..! കാറ്റില്‍ വാഴയില ഇളകിയതാണ് എന്ന് മനസ്സിനെ വിശ്വസിപ്പിച്ചിരുന്നു. രണ്ടു ദിവസം മുന്‍പ് അയലത്തെ സേതുവും പറഞ്ഞിരുന്നു, മീരയെ അടക്കം ചെയ്തിടത്ത് അവ്യക്തമായി കണ്ട രൂപത്തെക്കുറിച്ച്. അയാള്‍ തിടുക്കത്തില്‍ എഴുനേറ്റ്, അമ്മുവിനെ മുറിക്കുള്ളില്‍ ആക്കി. അമ്മായിയോട് മാമന്‍ എന്തോ അടക്കിപ്പിടിച്ച് സംസാരിക്കുന്നത് ശ്രദ്ധിക്കാതെ അവള്‍ ജനലിനരുകിലേക്ക് നീങ്ങി. ഇന്നലെ അമ്മ കൈകള്‍ കൊണ്ട് തഴുകിയ ജനലഴികളില്‍ അവള്‍ അമ്മയെ തൊട്ടറിഞ്ഞു. ഒരു സഞ്ചിയും പിടിച്ച് ധൃതിയില്‍ നടന്നു നീങ്ങുന്ന മാമയെ അവള്‍ കണ്ടു.

സമയം കഴിയും തോറും വീട്ടിലേക്ക് ആരൊക്കെയോ വന്നു കൊണ്ടിരുന്നു. അകത്തളത്തില്‍ മഞ്ഞള്‍പ്പൊടികൊണ്ട് കളം തീര്‍ക്കുന്ന രണ്ടുപേര്‍. നിരത്തി വച്ചിരിക്കുന്ന പൂജാ സാധനങ്ങളും പൂക്കളും. ഇതെല്ലാം എന്തിനെന്ന്‍ മാത്രം അമ്മുവിന് മനസ്സിലായില്ല. തന്‍റെ സംശയം അവള്‍ അമ്മായിയോട് ചോദിക്കുകയും ചെയ്തു.

“അത്.. വിഷം കഴിച്ചല്ലേ അമ്മുവിന്‍റെ അമ്മ പോയത്. ആ ആത്മാവിനെ തൃപ്തിയാക്കി പറഞ്ഞയക്കാന്‍ വേണ്ടിയാണ്..”

തന്നെ കാണാന്‍ വരുന്ന അമ്മയെ പറഞ്ഞയക്കാനോ..!! “വേണ്ടാ.. ഞാന്‍ സമ്മതിക്കില്ല.. എനിക്ക് അമ്മയെ ഇനിയും കാണണം..” പൂജാസാധനങ്ങള്‍ കാലുകൊണ്ട്‌ തട്ടി തെറിപ്പിക്കുമ്പോള്‍ അവള്‍ അലറിക്കരയുന്നുണ്ടായിരുന്നു. ആരൊക്കെയോ ചേര്‍ന്ന് അവളെ മുറിക്കകത്തേക്ക് എടുത്തുകൊണ്ടുപോകുമ്പോള്‍ മാമനോടും അമ്മായിയോടും അവളില്‍ ദേഷ്യം വളര്‍ന്നുകൊണ്ടിരുന്നു..!”

—-x——

കഥയിലേക്ക് അടുത്ത അധ്യായവും എഴുതിച്ചേര്‍ത്ത് അവള്‍ കസേരയിലേക്ക് ചാരിയിരുന്നു. എഴുതി തീര്‍ത്ത പതിനാറാം അധ്യായത്തിന്റെ അവസാന ഭാഗം അവള്‍ ഒന്നുകൂടി വായിച്ചു നോക്കി.. “മാമനോടും അമ്മായിയോടും അവളില്‍ ദേഷ്യം വളര്‍ന്നുകൊണ്ടിരുന്നു..!” പോരാ.. ഈ കഥ എത്രയും വേഗം എഴുതി തീര്‍ക്കണം. എന്തോ അമ്മുവിനെക്കുറിച്ച് എഴുതുമ്പോള്‍ മുലകള്‍ ചുരത്താന്‍ തുടങ്ങും. തന്നിലെപ്പോഴോ കൊലചെയ്യപ്പെട്ട അമ്മ പ്രേതമായി വളരും. കടലാസിലെ അക്ഷരങ്ങള്‍ക്കിടയില്‍ നിന്ന് അമ്മു പൊട്ടിച്ചിരിക്കുന്നു..!

അയല്‍പക്കത്തെ സുരഭിമോള്‍ ആണ് തന്നില്‍ അമ്മുവിന്‍റെ കഥ വളര്‍ത്തിയത്. സുരഭി; എത്ര പെട്ടെന്നാണ് അവള്‍ തന്‍റെ സങ്കടങ്ങളെ കടലിലൊഴുക്കിയത്. അവളിലേക്ക്‌ എത്താന്‍ അവളുടെ അമ്മ മാത്രമാണ് തടസ്സം എന്നാണു താന്‍ കരുതിയത്‌. സുരഭിയുടെ അമ്മയ്ക്ക് താന്‍ എഴുതിയ കഥയിലെ അന്ത്യം സമ്മാനിച്ച്, ആ വീട്ടിലെ കണ്ണീരിന്റെ മൂന്നാം അധ്യായവും കഴിഞ്ഞപ്പോള്‍ ദാ കയറിവന്നിരിക്കുന്നു ഒരു ചിറ്റപ്പനും ചിറ്റമ്മയും. പുതിയ അധ്യായങ്ങള്‍ രചിപ്പിക്കാന്‍.!

കുറ്റകൃത്യങ്ങള്‍ ആദ്യം ഉടലെടുക്കുന്നത് കുറ്റവാളിയുടെ മനസ്സില്‍ ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഒരു പക്ഷെ അവരാകും ഏറ്റവും നല്ല കഥാകൃത്തുക്കള്‍.. കഥ ജീവിതമാക്കുന്നവര്‍..!! പുറത്ത് ഇരുളിന് കനം വച്ചുതുടങ്ങിയത് അറിയിച്ചുകൊണ്ട്‌ നായ്ക്കള്‍ ഓരിയിടാന്‍ തുടങ്ങി. ഉള്ളില്‍ ഒരു നരിച്ചീര്‍ ചിറകു വിടര്‍ത്തി പറക്കാനൊരുങ്ങുന്നു.. കസേരയില്‍ നിന്നും എഴുനേറ്റ്, ഉടുത്തിരുന്ന വസ്ത്രങ്ങള്‍ ഓരോന്നായി അവള്‍ അഴിച്ചെടുത്തു. അയയില്‍ കിടന്ന വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് തുടങ്ങുമ്പോള്‍ കഥാപാത്രമായി അവള്‍ സ്വയം മാറുകയായിരുന്നു… അമ്മുവിനെ ജനലിലൂടെ ഒരു നോക്ക് കാണാന്‍, അവളുടെ മാമയ്ക്കും അയലത്തെ സേതുവിനും ദര്‍ശനം കൊടുക്കാന്‍…!!

———————————————————————-

ഹരിദാസ് വെള്ളൂര്‍ ‍

59 Comments

 1. മറുപടി കിട്ടാഞ്ഞതിനാല്‍ അവളുടെ അടുത്തേക്ക് ചെന്നിരുന്നു. അല്ല.., കരയുകയല്ല; എങ്കിലും കുസൃതിയോടെ നൃത്തം ചെയ്തിരുന്ന ആ മിഴികള്‍ നിശ്ചലമായ തടാകം പോലെ. അവള്‍ എന്താണിങ്ങനെ നോക്കിയിരിക്കുന്നത്? ദൂരെ നരച്ച നഗ്നത കാട്ടി, പരന്നുകിടക്കുന്ന പാടങ്ങളിലേക്കോ! അതോ തൂണില്‍ നിന്നും പേരയിലേക്ക് വലിച്ചുകെട്ടിയ കമ്പിയില്‍ വീണ മീട്ടാനെന്നപോലെയിരിക്കുന്ന കാക്കയെയോ.
  ==============
  അശംസകൾ വെള്ളൂരാനേ..

 2. കഥ ജീവിതമാക്കുന്നവര്‍………കൊള്ളാം..നന്നായി വെള്ളൂരാനെ….ആശംസകള്‍……

 3. പ്രേതമായി മാറുന്ന എഴുത്തുകാരി …തികച്ചും പുതുമയുള്ള കഥ …

 4. കഥയ്ക്കുള്ളിലെ ദാരുണ കഥ. കഥാകൃത്തിന്‍റെ പാത്രമായുള്ള പരകായപ്രവേശം….. നന്നായിട്ടുണ്ട്. ഹരീ.

 5. നന്നായി എഴുതി. അവസാനത്തെ ട്വിസ്റ്റ്‌ ഇഷ്ടപ്പെട്ടു.

 6. “കിണറിലേക്കൊരു കല്ല്‌ വലിച്ചെറിഞ്ഞാലെന്ന പോലെ, മാറ്റൊലികള്‍ തീര്‍ത്ത് അവളുടെ ചോദ്യം. അകാലത്തില്‍ അമ്മയെ നഷ്ടപ്പെട്ട ആ പത്തുവയസ്സുകാരിയെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ അയാളവളെ ചേര്‍ത്തുപിടിച്ചു” ചില ഭാഗങ്ങളിലെ ഭാഷാപ്രയോഗങ്ങള്‍ ഇഷ്ടപ്പെട്ടു. ഇനിയും എഴുതുക.

  • നല്ല വാക്കുകള്‍ക്കു നന്ദി. തീര്‍ച്ചയായും എഴുതും. 🙂

 7. കഥയുടെ ആദ്യഭാഗം ലളിതവും അതിലേറെ ഹൃദയവും ആയി അനുഭവപ്പെട്ടു. രണ്ടാം ഭാഗം അത്രയ്ക്കങ്ങ് സുഖകരം ആയില്ല എന്ന് പറയേണ്ടിവരും. ഞാന്‍ കഥയെ സമീപിച്ച രീതിയുടെ പ്രശ്നമാവാം. ഒട്ടു മിക്കവരും ആ ഭാഗവും നന്നായി ആസ്വദിച്ച സ്ഥിതിക്ക് അങ്ങിനെ തന്നെ തീര്‍ച്ചപ്പെടുത്തുകയാണ്. എന്നാലും സ്വന്തം അഭിപ്രായം പറയാതെ വയ്യല്ലോ..

  ഈ കഥ മുന്പ് വായിച്ചിട്ടുണ്ട് എന്നത് വെറുമൊരു സംശയമല്ല എന്ന് കരുതുന്നു…

  • Thanks dileep.. കഥ വെട്ടം ഗ്രൂപ്പില്‍ മുന്പ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

 8. യാഥാര്‍ത്ഥ്യത്തിന്റെയും ഫാന്റസിയുടെയും രണ്ടു തലങ്ങള്‍ ഈ കഥയിലൂടെ അനുഭവിച്ചറിയുന്നു. എഴുത്തിന്റെ ലോകത്ത് തന്റേതായ ഇരിപ്പിടം എഴുതി ചേര്‍ക്കുകയാണ് വെള്ളൂരാന്‍ …..ആശംസകള്‍……

 9. നല്ല കഥ ..
  അടുത്ത കാലത്തായി ഹരി ഒന്നും എഴുതുന്നില്ല .സമയക്കുറവ് ,ജോലി തിരക്ക് ഒക്കെയാവാം .എങ്കിലും എഴുത്തിന് സമയം കണ്ടെത്തൂ ..:)
  ആശംസകള്‍

  • സന്തോഷം. എഴുതണം എന്ന ആഗ്രഹം ബാക്കിയാണ് പാലേരി. എഴുതാത്തതിന് ന്യായീകരണങ്ങള്‍ കണ്ടെത്തിയിട്ട് എന്ത് കാര്യം. 🙂

 10. എഴുതി തീര്‍ത്ത പതിനാറാം അധ്യായത്തിന്റെ അവസാന ഭാഗം അവള്‍ ഒന്നുകൂടി വായിച്ചു നോക്കി….നന്നായിട്ടുണ്ട് വെള്ളൂരെ ..പൂജാദ്രവ്യങ്ങള്‍ ഇന്നും നിരക്കുന്നൂ ….

 11. കഥാപാത്രത്തെ വെള്ള ഉടുപ്പീടീപ്പിച്ച വെള്ളൂരാനേ , കൊള്ളാം ….

 12. ഹരിയുടെ പ്രത്യേകതയുള്ള എഴുത്ത് ……….. നല്ല വായനാസുഖം നല്‍കി .

 13. നല്ല പ്രയോഗങ്ങൾ പലതും കണ്ടു. എന്നാലും രണ്ടു പ്രാവശ്യം വായിച്ചിട്ടും എനിക്ക് മനസിലായില്ല അവസാന ഭാഗങ്ങൾ. എന്റെ ആസ്വാദനത്തിന്റെ പ്രശ്നം ആവാം. എല്ലാരും മനോഹരം അടിപൊളി എന്ന് പറയുമ്പോൾ പിന്നെ നാം എന്ത് പറയാൻ. കുറവുകൾ ഉണ്ടെന്നു തോന്നിയാൽ പരിഹരിക്കുക.

  • അഭിപ്രായം അറിയിച്ചതിൽ സന്തോഷം ജിബ്സ്‌. അടുത്ത തവണ കൂടുതൽ വ്യ്ക്തത വരുത്താൻ ശ്രമിക്കാം..

 14. ഹരിദാസ്‌ , നല്ലൊരു വായന പ്രതീക്ഷിച്ചു ,ലഭിച്ചു

 15. വളരെ നന്നായി ….വായനക്കാര്‍ ചുരം കയറിപോകുന്നുണ്ട്….ഇനിയും എഴുതുക …

Leave a Reply

Your email address will not be published.


*


*