മനുഷ്യത്വത്തിന്‍റെ വിത്തുകൾ – സുനിത മധു

ഹേ മനസ്സേ, നിനക്കൊന്നു
മിണ്ടാതിരുന്നുകൂടെ.
വെറുതെ ചിലച്ചു ചിലച്ചു,
(അടക്കാ കിളിയെ പോലെ)
ഒന്നും പറയാൻ എന്നെ
അനുവദിക്കാതെ .

ചുറ്റും ഇടതിങ്ങും
നിശബ്ദതയാണിന്ന്
നിന്‍റെ ചിലക്കലെന്‍റെ-
ഉള്ളിൽ പെരുകുമ്പോളും.
ഒരു പ്രാർത്ഥനയുടെ ശീലുകൾ
തിരയുന്നു ചുണ്ടുകൾ.

ഒഴുകി മറയുന്ന മഴമേഘങ്ങളോട്
പെയ്യണേയെന്ന പ്രാർത്ഥനയാകാം,
ചിലപ്പോൾ – അത്
തെരുവിൻ അഴുക്കു ചാലിൽ
ഉരുകി തീരുന്ന ബാല്യങ്ങൾക്ക്
വേണ്ടിയുള്ളതുമാകാം.

പല പ്രാർത്ഥനകളും
ചുണ്ടിൽ ജനിച്ചു മരിക്കുമ്പോൾ
ഉണ്ടാകുന്ന ശൂന്യതയിൽ
വിറയ്ക്കുന്നു മനസ്സേ
നിന്‍റെ കലമ്പലുകളും.

പാതി വഴിയിൽ
നഷ്ടപ്പെട്ട് പോകുന്ന
വാക്കുകളൊക്കെയും
മരിച്ചുയർക്കുന്നത്
ഏതു ലോകത്താകാം.

നട്ടുച്ചവെയിലിൽ
കത്തി ജ്വലിക്കുമ്പോളും
നമുക്ക് നാം അന്ധരോ.
കാണുന്നില്ല പരസ്പരം,
കാണുന്നില്ല ചുറ്റിനും,
കേൾക്കുന്നുമില്ലൊന്നുമേ-
ചെവിയെ മൂടിയതിനാൽ.
തിരിച്ചറിയുന്നില്ലീ –
സ്വപ്നങ്ങൾ കാണുന്ന
കണ്ണുകളേയും.

ഉള്ളിൽ നിന്നും
പുറമേക്ക് നോക്കിയാൽ
കാണാം ചുറ്റും കുറച്ചു
ശൂന്യമായ മുഖങ്ങൾ മാത്രം.
അവയുടെ ഉള്ളും അത്രമേൽ
ശൂന്യമാവണം!

മനസ്സേ, അടങ്ങൂ
ഇനിയെങ്കിലും.
എന്‍റെ  വാക്കുകളും
ചുണ്ടുകളും തമ്മിൽ
സന്ധി ചെയ്യട്ടെ.
മുഖം മറയ്ക്കുന്ന
മുഖംമൂടികളെ
കീറിയെറിയട്ടെ.

പിണങ്ങിപ്പോയ കാറ്റിനേം
പുഴയേം തിരികെ
വിളിക്കട്ടെ.
നഷ്ടപെട്ട ബാല്യങ്ങളെ
അതിൽ ആറാടിക്കട്ടെ.
മരവിച്ച മനുഷ്യത്വത്തിന്റെ
വിത്തുകളെ മുളപ്പിക്കട്ടെ!

————————————–

സുനിത മധു

33 Comments

 1. I really loved this poem. I have no words to praise you.you should definitely make a book of poems of yours. All the best………….

 2. മനുഷ്യത്വം മരവിച്ച മനസ്സുകള്‍ മരുപ്പച്ചകള്‍ ആകുന്ന കാലത്തിനു വേണ്ടി കാത്തിരിക്കാം…………..”കാണാം ചുറ്റും കുറച്ചുശൂന്യമായ മുഖങ്ങൾ മാത്രം.
  അവയുടെ ഉള്ളും അത്രമേൽ
  ശൂന്യമാണെങ്കിലും ……” (y)

 3. സുനിത ഹിമാലയത്തിലേക്ക് തന്നെ.മനുഷ്യത്വം…അതില്‍ “ത്വം” ഉണ്ട്.പിന്നെ മനസ്സ്.അത് ശൂന്യതയിലേക്ക് മടങ്ങണം.ആ ആഗ്രഹം,അതുള്ളതുകൊണ്ട്,മനസ്സ് മനസ്സിനോട് തന്നെ പറയുന്നു, “മനസ്സേ അടങ്ങ്‌”.അതുകൂടാതെ എനിക്ക് എന്‍റെ ബാല്യത്തിലേക്ക് മടങ്ങണം.അതാണ്‌ ആഗ്രഹം.ബാല്യത്തില്‍ ഭാണ്ഡങ്ങള്‍ ഉള്ളവര്‍ എറെയാണ്.എന്നാല്‍,ബാല്യത്തിലേക്ക് മടങ്ങണം എന്ന ആഗ്രഹമുള്ളവര്‍,ബാല്യത്തിനു ശേഷം ഭാണ്ഡങ്ങള്‍ ഏറിയവരാണ്.അപ്പൊ… അതൊക്കെ ഇറക്കി വച്ചു,എനിക്ക് വീണ്ടും ബാല്യത്തിലേക്ക് തിരിച്ചു പോകണം.ബാല്യം പൊതുവേ മധുര സ്മ്രിതികള്‍.അതായത് സന്തോഷം ഉള്ള അവസ്ഥ.”സോള്‍”-അത് ആനന്ദ ചിത് മയ ഹരം.മനസ്സ് അടങ്ങണം.അവിടെ തദ് ത്വം അസി.{പിന്നെ,മറ്റുള്ളവരുടെ കണ്ണാടിയില്‍ നോക്കാതെ സ്വന്തം കണ്ണാടിയില്‍ മാത്രം നോക്കുക.ആ കണ്ണാടി ഒരിക്കലും താന്‍ കരയുമ്പോള്‍,തന്നെ നോക്കി ചിരിക്കില്ല.(ചാര്‍ളി ചാപ്ലിന്‍).ഭാവുകങ്ങള്‍…

 4. നന്ദി ..എല്ലാവർക്കും ..അഭിപ്രായത്തിനു ..വായനയ്ക്ക് , ഈ പ്രോത്സാഹനത്തിന്

 5. മരവിച്ച മനുഷ്യത്വത്തിന്റെ
  വിത്തുകളെ മുളപ്പിക്കട്ടെ!ne suniyee vallathum mulacho

  • പെരുമഴ അല്ലെ വന്നത് …ചീഞ്ഞു പോയോ ആവൊ ..നോക്കട്ടെ രാജിയേച്ചീ

 6. എന്തൊക്കെ പറയുമ്പോഴും എഴുതുമ്പോഴും മനുഷ്യരുടെ മനുഷ്യത്വം കൂടുതല്‍ കൂടുതല്‍ മരവിച്ചു കൊണ്ടിരിക്കയാണെന്നു തോന്നുന്നു. കവിതയെക്കുറിച്ച് മധുസൂതനന്‍പിള്ള സാര്‍ വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു.
  ഇഷ്ടപ്പെട്ടു നല്ല വരികള്‍.

  • നന്ദി രാംജി ..വായനക്ക് ..പ്രോത്സാഹനങ്ങൾക്ക്

 7. സുനിതയുടെ കവിതകള്‍ വായനക്കാരുടെ മനസ്സില്‍ നിറയ്ക്കുന്ന ഭാവം സാധാരണ കവിതവായന നല്‍കുന്ന ഭാവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ..കാരണം സുനിതയുടെ രചനകള്‍ ബോധപൂര്‍വ്വം നടക്കുന്ന ഒരു പ്രക്രിയയായി പലപ്പോഴും കാണാന്‍ കഴിയുന്നില്ല എന്നതാണ്.പദങ്ങളുടെ അടുക്കും ചിട്ടയും ,വാക്കുകള്‍ തിരഞ്ഞെടുക്കുന്നതിലെ ശ്രദ്ധ കാവ്യഭംഗി ഒട്ടും ചോര്‍ന്നുപോകാതെ അര്‍ത്ഥവ്യത്യാസങ്ങളുടെ അനാവശ്യ വഴികളിലേക്ക് ഒട്ടും വായനക്കാരെ കൊണ്ടുപോകാതെ ഇങ്ങനെ എഴുതണമെങ്കില്‍ കൃത്രിമമായി സൃഷ്ടികുന്ന ശൈലി ആകാന്‍ വഴിയില്ല …ദൈവത്തിന്റെ കൈയ്യൊപ്പ് ഹൃദയത്തില്‍ പേറുന്ന ഒരാള്‍ക്ക്‌ മാത്രം സാധ്യമാകുന്ന കവിതകള്‍ . ..ആശംസകള്‍ …

 8. സമൂഹത്തിലേക്കു തുറക്കുന്ന കവിയുടെ കണ്ണുകള്‍ തേടുന്ന നനവുള്ള ഹൃദയമാണ്‌, നല്ല കവിത, മുഖം മൂടി എന്നു പോരെ, മുഖംമൂടികള്‍ എന്നും മുഖം മൂടാനുള്ളതാണല്ലൊ,

 9. ഹേ മനസ്സേ, നിനക്കൊന്നു
  മിണ്ടാതിരുന്നുകൂടെ……………
  ഒന്നും പറയാൻ എന്നെ
  അനുവദിക്കാതെ . കൊള്ളാം……

 10. ചുറ്റും ഇടതിങ്ങും
  നിശബ്ദതയാണിന്ന്
  നിന്‍റെ ചിലക്കലെന്‍റെ-
  ഉള്ളിൽ പെരുകുമ്പോളും.
  ഒരു പ്രാർത്ഥനയുടെ ശീലുകൾ
  തിരയുന്നു ചുണ്ടുകൾ.
  നല്ല വരികള്‍ സുനിത …ആശംസകള്‍…

 11. നമുക്ക് കാണേണ്ടി വരുന്നതും ,ഒന്നും ചെയ്യാന്‍ കഴിയാതിരിക്കുന്നതുമായ അവസ്ഥയില്‍,നാം നഷ്ടതയുടെ കൊഴിഞ്ഞകാലങ്ങള്‍ മനസ്സില്‍ കൊണ്ടുവരും ….മനുഷ്യത്വം മരിക്കാത്ത മനസുകള്‍ ഉണ്ടാകട്ടെ …

 12. നല്ല ഉൾക്കാഴ്ചയുള്ള വരികൾ …അസ്വസ്ഥമാകുന്ന മനസ്സുകൾ ,അതിനെ അടക്കി
  നിർത്താൻ പാടുപെടുന്ന മനുഷ്യരും …

 13. മരവിച്ച മനുഷ്യത്വത്തിന്റെ
  വിത്തുകളെ മുളപ്പിക്കട്ടെ!good suni

  • നന്ദി രാജിയേച്ചീ ..സ്നേഹം ഈ പ്രോത്സാഹനത്തിനു

 14. ഒരിക്കലും സന്ധി ചെയ്യാത്ത നിന്‍റെ വാക്കുകളെയും ചുണ്ടുകളെയും ഓര്‍ത്ത്‌ തന്നെയാവണം മനസ്സ് ചിലച്ച് കൊണ്ടേയിരിക്കുന്നത്..

  കവിത അസലായി…

 15. പല പ്രാർത്ഥനകളും
  ചുണ്ടിൽ ജനിച്ചു മരിക്കുമ്പോൾ
  ഉണ്ടാകുന്ന ശൂന്യതയിൽ
  വിറയ്ക്കുന്നു മനസ്സേ
  നിന്‍റെ കലമ്പലുകളും

Leave a Reply

Your email address will not be published.


*


*