നിറം മങ്ങുന്ന പനിനീർപ്പൂക്കൾ-ഹൃദ്യ രാജഗോപാല്‍

പാഠപുസ്തകങ്ങള്‍ക്കൊരു താത്ക്കാലിക അവധി കൊടുത്ത ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഒരു വേനലവധിക്കാലത്താണ് അച്ഛനുമമ്മയ്ക്കുമൊപ്പം ഒരുത്തരേന്ത്യന്‍ യാത്ര നടത്തിയത്. ഡല്‍ഹി, ആഗ്ര, ഷിമ്ല, മണാലി, ചാണ്ഡിഗഢ് എന്നിവിടങ്ങളിലൂടെ മുഗള്‍ രാജവംശത്തിന്റെ പഴയ പ്രതാപത്തെ ഓര്‍മിപ്പിച്ചു കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ നിന്നും ആധുനിക ഭാരതത്തിലേയ്ക്കുള്ള വഴി മനസ്സില്‍ പകര്‍ത്തിയ യാത്ര. ഒരുപാട് കഥകള്‍ കേട്ട പതിനൊന്ന് ദിനരാത്രികള്‍. ചതിയുടെ, വഞ്ചനയുടെ, യുദ്ധത്തിന്റെ, ജയത്തിന്റെ, തോല്‍വിയുടെ, അടിച്ചമര്‍ത്തപ്പെടലിന്റെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, ചെറുത്തുനില്‍പ്പിന്റെ, ഒപ്പം, ആര്‍ക്കോ വേണ്ടി ജീവന്‍ വെടിഞ്ഞ ആരാലുമോര്‍മ്മിക്കപ്പെടാത്ത കുറേ ജീവിതങ്ങളുടെ കഥകള്‍…

മണാലിയിലെ മഞ്ഞ് മൂടിയ പര്‍വ്വതനിരകളില്‍ നിന്നും വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന ചാണ്ഡിഗഢിലെത്തിയപ്പോള്‍ രാത്രിയായിരുന്നു. അവിടുത്തെ പ്രധാന ആകര്‍ഷണങ്ങളായ റോസ് ഗാര്‍ഡനും റോക്ക് ഗാര്‍ഡനും കണ്ട് ഡല്‍ഹിയിലേയ്ക്ക് തിരിക്കുകയാണ് അടുത്ത ദിവസം എന്ന് പഞ്ചാബി രീതിയിലുള്ള അത്താഴത്തിനിടെ ഗൈഡ് വന്നു പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ പനിനീര്‍പ്പൂന്തോട്ടവും, നേക് ചന്ദ് എന്ന കലാകാരന്‍ വെറും പാഴ് വസ്തുക്കള്‍ മാത്രമുപയോഗിച്ച് വിസ്മയം തീര്‍ത്ത റോക്ക് ഗാര്‍ഡനും കാണാന്‍ അക്ഷമയോടെ അടുത്ത പുലരിയ്ക്കായ് കാത്ത് കിടന്നുറങ്ങി.

റോസ് ഗാര്‍ഡനില്‍ 590ല്‍ പരം തരത്തിലുള്ള റോസാച്ചെടികളുണ്ട്. പല നിറങ്ങളില്‍, വലിപ്പത്തില്‍, സുഗന്ധം പരത്തിയും അല്ലാതെയും, അവ മനുഷ്യനവര്‍ക്കിട്ട പേരെഴുതിയ ബോര്‍ഡിനരികില്‍ സ്‌നേഹത്തിന്റെ പ്രതീകമായി നിരന്നു നിന്നു. വേനലോ, അതോ ആധുനിക ലോകത്തെ സ്‌നേഹത്തെ സൂചിപ്പിച്ചു കൊണ്ടോ, അല്പം വാടിയാണ് മിക്കവയുടെയും നില്‍പ്പ്. തോട്ടപരിപാലകര്‍ അവിടവിടെ അവരുടെ ജോലികളില്‍ മുഴുകി നില്‍ക്കുന്നു. കാഴ്ച്ചകള്‍ കണ്ടും ഫോട്ടോ എടുത്തും പനിനീര്‍പ്പൂക്കള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. അങ്ങനെ നടന്നു നടന്ന് ഒരറ്റത്തെത്തിയപ്പോള്‍ അവിടെ മതിലിനോട് ചേര്‍ത്ത് കെട്ടിയ ഒരു ടെന്റിനരികില്‍ രണ്ട് പെണ്‍കുട്ടികള്‍ നില്‍ക്കുന്നത് കണ്ടു. മൂത്തവള്‍ക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സ്. നിറം മങ്ങി കീറിത്തുടങ്ങിയ ഒരു ചുരിദാറാണ് വേഷം. ചെമ്പിച്ച മുടി ഇരുവശവും പിന്നിക്കെട്ടിയിരിക്കുന്നു. കുട്ടിത്തം വിട്ടുമാറാത്ത മുഖം. ഇളയകുട്ടിക്ക് ഏകദേശം മൂന്ന് വയസ്സ് കാണും. അവളൊരു കുസൃതിക്കുടുക്കയായിരുന്നു. മൂത്തകുട്ടി ഒരു കുട്ടിയുടുപ്പെടുത്ത് അവള്‍ക്ക് പിന്നാലെ നടന്നു. എങ്കിലും പൊള്ളുന്ന വേനല്‍ച്ചൂടില്‍ ഉടുപ്പിടാന്‍ ഇളയവള്‍ കൂട്ടാക്കിയില്ല. അവള്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചു. ഇടയ്ക്ക് ഒരാള്‍ വന്നെന്തോ പറഞ്ഞതും മുതിര്‍ന്നവള്‍ ടെന്റിനകത്ത് കയറി അയാള്‍ക്ക് വെളവും കൊണ്ടു വന്നു. ഇളയകുട്ടി ‘പാ’ എന്ന് വിളിച്ചുകൊണ്ട് അയാള്‍ക്കരികിലേയ്‌ക്കോടിച്ചെന്നത് കണ്ട് അതവരുടെ അച്ഛനായിരിക്കുമെന്ന് ഞങ്ങളൂഹിച്ചു. അവിടുത്തെ അനേകം തോട്ടപരിപാലകന്മാരിലൊരാള്‍. അയാള്‍ പോയിക്കഴിഞ്ഞാണ് ഞങ്ങളവരെ ശ്രദ്ധിക്കുന്നതവള്‍ കണ്ടത്. ഉടനെ തിരിച്ചോടിച്ചെന്ന അവളോട് മുതിര്‍ന്ന കുട്ടി ഞങ്ങളെ ചൂണ്ടിക്കാണിച്ച് എന്തോ പറഞ്ഞതും ആ കുസൃതിക്കുടുക്ക മറുത്തൊന്നും പറയാതെ നാണിച്ച് കുപ്പായത്തിനുള്ളില്‍ കയറി ഞങ്ങളെ നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു. ആ ചിരിയില്‍ മയങ്ങിയാണ് ഞങ്ങളവര്‍ക്കരികിലേയ്ക്ക് ചെന്നതും അവരോട് അറിയാവുന്ന ഹിന്ദിയില്‍ സംസാരിക്കാമെന്ന് കരുതിയതും. ഇളയവള്‍ ഞങ്ങളെ കണ്ട് വീണ്ടുമൊന്ന് പുഞ്ചിരിച്ചു. ഞങ്ങളും ഒന്ന് ചിരിച്ച് അവരെ അടുത്തേയ്ക്ക് വിളിച്ചു. ഒട്ടും മടിക്കാതെ അവളടുത്തേയ്ക്ക് വന്നു. മൂത്തവള്‍ ഒന്ന് മുന്നോട്ടു വന്ന് മടിച്ചു നിന്നതേയുള്ളൂ. അപരിചിതരോട് സംസാരിക്കാന്‍ അവള്‍ക്ക് മടി കാണും. ഇളയവളോട് ഞാന്‍ ചോദിച്ചു, ‘നാം ക്യാ ഹേ ബേട്ടീ?’ (പേരെന്താ മോളൂ?)

‘ഗുന്‍ ഗുന്‍’, പുഞ്ചിരി മായാതെ അവള്‍ പറഞ്ഞു.

ഗുന്‍ ഗുനിന്റെ ചേച്ചിയോടും ഞങ്ങള്‍ പേര് ചോദിച്ചു.

അവള്‍ പറഞ്ഞു, ‘മൂനാ’.

മൂനാ? ഇതെന്ത് പേര്? മോന എന്നാവുമെന്ന് കരുതി ഞാന്‍ ചോദിച്ചു, ‘മോന?’

അവള്‍ക്കതിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു, ഒരല്പം അക്ഷമയോടെ അവള്‍ പറഞ്ഞു, ‘മോനാ നഹീ, മൂനാ..’

പിന്നെ ഞാനധികം പേരിനെ കുറിച്ച് അവളോടൊന്നും പറഞ്ഞില്ല. സ്വന്തം പേര് ആരും ശരിക്കും പറയാത്തതിന്റെ ക്ഷീണം മറുനാട്ടില്‍ പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ അറിയുന്ന ആളാണല്ലോ ഞാന്‍. വിഷയം മാറ്റാന്‍ വേണ്ടി അവരോട് വീടിനെ കുറിച്ചും മറ്റുമൊക്കെ വെറുതേ ചോദിച്ചു. അവര്‍ അവരുടെ ടെന്റ് കാണിച്ചു. എന്തൊക്കെയോ കുറേ വിശേഷങ്ങളും പറഞ്ഞു തന്നു. അച്ഛന്‍ അടുത്തൊരു കടയില്‍ നിന്നും രണ്ട് പേര്‍ക്കും ഓരോ പാക്കറ്റ് ബിസ്‌ക്കറ്റൊക്കെ വാങ്ങിക്കൊടുത്തു. ഗുന്‍ ഗുന്‍ വായാടിയാണ്. അവളുടെ അച്ഛന്‍ പുല്ല് വെട്ടുന്നതും കളകള്‍ പറിച്ചെറിയുന്നതും മറ്റും എങ്ങനെയാണെന്നൊക്കെ മനോഹരമായി ആ മിടുക്കി അഭിനയിച്ചു കാണിച്ചു തന്നു. മൂന അധിക സമയവും നാണിച്ചു നിന്നതേയുള്ളൂ. അവളുടെ നാണം മാറ്റാനായി ഞങ്ങള്‍ വേറുതേ ചോദിച്ചു,’സ്‌കൂള്‍ നഹീ ജാത്തീ ബേട്ടാ?’ (സ്‌കൂളില്‍ പോകുന്നില്ലേ?)

മൂന എടുത്തടിച്ചത് പോലെ മറുപടി പറഞ്ഞു,’മേരീ ശാദീ ശുദാ ഹോ ചുകീ ഹേ’ (എന്റെ കല്യാണം കഴിഞ്ഞതാ)

ആദ്യമായവളെ കാണും പോലെ ഞങ്ങള്‍ മൂന്ന് പേരും അവളെ നോക്കി നിന്നു. ആ കൊച്ചു കുട്ടിയുടെ വിവാഹം കഴിഞ്ഞെന്നോ? ചോദിക്കേണ്ടെന്ന് കരുതിയെങ്കിലും അറിയാതെ ചോദിച്ചു പോയി,’കിസ് സേ?’ (ആരുമായി?)

കുറച്ചപ്പുറത്തായി പുല്ല് വെട്ടിക്കൊണ്ടിരുന്ന, ഗുന്‍ ഗുന്‍ ‘പാ’ എന്ന് വിളിച്ചയാളുടെ നേര്‍ക്കവള്‍ വിരല്‍ ചൂണ്ടി. ഇവളപ്പോള്‍ ഗുന്‍ ഗുനിന്റെ അമ്മയായിരുന്നോ? ഞന്‍ഗ്ന്‍ഗള്‍ വാങ്ങിക്കൊടുത്ത ബിസ്‌ക്കറ്റ് പൊട്ടിച്ചു തിന്നു കൊണ്ടിരുന്ന ഗുന്‍ ഗുന് വയറ് നിറഞ്ഞു കാണണം. അവള്‍ മൂനയോട് പറഞ്ഞു, ‘മാ, പക്‌ഡോ.’

കുറച്ചു നേരം ഒന്നും മിണ്ടാനാവാതെ ഞങ്ങള്‍ ആ കുട്ടികളെയും നോക്കി നിന്നു. കുട്ടിത്തം വിട്ടുമാറാത്ത ആ മുഖങ്ങള്‍ അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഗൈഡ് വന്ന് മടങ്ങാന്‍ സമയമായെന്ന് പറയുമ്പോള്‍ അവരോട് വിട പറഞ്ഞ് തിരിഞ്ഞു നോക്കാതെ നടന്നകലുമ്പോള്‍ അറിഞ്ഞു, ആ യാത്ര മറ്റൊരു കഥ കൂടി പറഞ്ഞു തരികയായിരുന്നെന്ന് – മാറിയ മുഖഭാവവുമായി പുതുപുത്തന്‍ ചമയങ്ങളുമണിഞ്ഞൊരുങ്ങി നില്‍ക്കുന്ന രാജ്യത്തിന്റെ മനസ്സിലെ മായാത്ത രോഗത്തിന്റെ, ചിന്തകളുടെ, നഷ്ടസ്വപ്നങ്ങളുടെ, വിടരും മുന്‍പേ വാടിക്കൊഴിയുന്ന പനിനീര്‍പ്പൂക്കളുടെ കഥ. ആ കഥയറിയാവുന്നത് കൊണ്ടാവണം തോട്ടത്തിലെ പനിനീര്‍പ്പൂക്കള്‍ ഉച്ചവെയിലില്‍ നിറം മങ്ങി തല താഴ്ത്തി നിന്നത്

 

32 Comments

 1. വില്യം ഡാര്‍ളിപിളിന്റെ ഒന്‍പതു ജീവിതങ്ങള്‍ എന്ന പുസ്തകം പലവുരു വായിച്ചിട്ടുണ്ട് ..നമ്മുടെ രാജ്യത്തെ സ്പിരിചുല്‍ ആയ ആചാരങ്ങളെക്കുറിച്ച് വിദേശിയായ ആ എഴുത്തുകാരന്‍ എഴുതിയത് കണ്ട് വിസ്മയിച്ചു നിന്നു പോയിട്ടുമുണ്ട് .. …ഉത്തരേന്ത്യയില്‍ നടക്കുന്ന നമുക്ക് വിശ്വസിക്കാന്‍ പോലുമാകാത്ത ഇത്തരം സംഭവങ്ങളെക്കുറിച്ചും അദ്ദേഹം ആ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. … സമാനമായ അല്ലെങ്കില്‍, പ്രബുദ്ധരായ ജനങ്ങള്‍ വിശ്വസിക്കാന്‍ ഈ കാലഘട്ടത്തില്‍ പറ്റാത്ത പലതിനെക്കുറിച്ചും ..അപ്പോഴെക്കെ മനസ്സിനുള്ളില്‍ ഒരു നീറ്റല്‍ ബാക്കികിടക്കുന്നുണ്ടായിരുന്നു …എപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നത് കൊണ്ടാകണം . വായിച്ചു പകുതിയായപ്പോള്‍ നിഷ്കളങ്കയായ ആ കുട്ടിയെ ഓര്‍മ്മിച്ചപ്പോള്‍ ആ പുസ്തകത്തെയും ഒരു നിമിഷം ഓര്‍മ്മിച്ചു പോയത് ….
  വായിച്ചു തുടങ്ങുമ്പോള്‍ വായനക്കാരനെ മുഴുവനും വായിക്കണം എന്ന് തോന്നിപ്പിക്കാന്‍ എഴുത്തുകാരിക്ക് പറ്റിയിട്ടില്ല എങ്കിലും ഒരു നിമിഷത്തേക്ക് ആ പുസ്തകത്തെ ഓര്‍മ്മിപ്പിക്കാന്‍ ഹൃദ്യക്ക് കഴിഞ്ഞുവെങ്കില്‍ അത് വലിയൊരു ബഹുമതിയായി കാണാം …എഴുത്ത് തുടരുക …ആശംസകള്‍ …..

  • വിടരും മുന്‍പേ വാടിക്കൊഴിയുന്ന പനിനീര്‍പ്പൂക്കളുടെ കഥ…ishtayi

 2. തുടക്കം ഒരു ഏതൊരു യാത്രാവിവരണവും പോലെ തോന്നി..പക്ഷെ വായിചെത്തുമ്പോൾ ഇഷ്ടപ്പെടാതിരിക്കാൻ കഴിയുന്നില്ല

 3. സുഗന്ധം പകരുന്ന പനിനീര്‍ പൂവില്‍ നിന്നും തുടങ്ങിയ വായന അവസാനിക്കുനത് വിടരും മുമ്പേ വാടിക്കൊഴിഞ്ഞ പൂമൊട്ടിന്റെ വേദന അനുഭവിച്ചു കൊണ്ടാണ്…നല്ല എഴുത്ത് ഹൃദ്യ…ആശംസകള്‍ ..

  • പിണങ്ങി മുഖം തിരിച്ച് അകലേയ്ക്ക് നടന്നകന്ന അക്ഷരക്കൂട്ടങ്ങൾ ദൂരെ നിന്ന് പിണക്കം മാറി ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടും മനസ്സിൽ തോന്നുന്നതെല്ലാം കുറിച്ചു വയ്ക്കാനും അങ്ങനെ എഴുതിയ ഒന്ന് പുറം ലോകത്തിനു കാഴ്ച്ചവയ്ക്കാനും പ്രേരിപ്പിച്ചതിന്… ഇക്കാ.. നന്ദി.. സ്നേഹം..

 4. ആദ്യത്തെ പാരഗ്രാഫിന്റെ അനാവശ്യമായ വാചാലത ഒഴിച്ചു നിര്‍ത്തിയാല്‍ .നന്നായിട്ടുണ്ട്..ഇഷ്ടപ്പെട്ടു good

 5. വിടരും മുൻപേ വാടിക്കൊഴിയുന്ന പനിനീർപ്പൂക്കളുടെ കഥ

  • ചില പനിനീർപ്പൂക്കൾ വാടിക്കൊഴിയുന്നു, ചിലതിന്റെ നിറം മങ്ങുന്നു.. എങ്കിലും ചില പനിനീർപ്പൂക്കളുണ്ട്. തന്നിലെ മുള്ളുകൾ ആത്മരക്ഷയ്ക്കായി ഉപയോഗിക്കണമെന്ന തിരിച്ചറിവുള്ളവ… അവയ്ക്കാണ് എന്നും നിറവും ഭംഗിയും മണവും കൂടുതൽ.. അവയെ മണത്തു നോക്കാനും പറിച്ചെടുക്കാനും ആരുമൊന്ന് മടിക്കുമെങ്കിലും… വായനയ്ക്ക് നന്ദി..

 6. <> സുഗന്ധം പരത്താതെ പോകുന്ന
  രണ്ടു പനിനീർ പുഷ്പങ്ങളെ പരിചയപ്പെടുത്തുകയാണ് ഹൃദ്യ ..എങ്ങനെ ജീവിച്ചു
  തീർക്കണമെന്ന് ആരൊക്കെയോ തീരുമാനിക്കുന്നു …അങ്ങനെ ജീവിച്ചു തീർക്കാൻ
  വിധിക്കപ്പെട്ട രണ്ടു കുട്ടികൾ …എല്ലാ ചെടികൾക്കും ഒരു പോലെ പരിചരണം
  നൽകാൻ കൂട്ടാക്കാത്ത തോട്ടക്കാരൻ ..ഇല്ല …ഇവിടെ തോട്ടക്കാരൻ ഒരു നിമിത്തം
  മാത്രം …വിടരുന്നതിനു മുൻപേ പുഷ്പിക്കേണ്ടി വരുന്ന ബാല്യങ്ങൾ …അത്ര സുഖകരമായി
  തോന്നാത്ത തുടക്കത്തിൽ നിന്നും എത്ര വേഗത്തിലാണ് എഴുത്തുകാരി നമ്മുടെ
  മനസ്സിനെ ആർദ്രമാക്കുന്നതും നൊമ്പരപ്പെടുത്തുന്നതും …പുറം കാഴ്ചകളിൽ
  കുരുങ്ങിക്കിടക്കാത് ,കാഴ്ചകളുടെ ഉള്ളറകളിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുന്നു
  ചെറുപ്രായത്തിൽ തന്നെ ഈ എഴുത്തുകാരി ….ഹൃദ്യയുടെ ഹൃദ്യമായ എഴുത്തിനു നന്ദി …

 7. തുടക്കമിട്ട യാത്രാ വിവരണം ഇപ്പോഴും.വാടിപ്പോകുന്ന പനിനീർപ്പൂക്കളിലേക്ക്‌ എത്തിച്ചു
  ഇഷ്ടമായി
  രചന ആശംസകൾ

 8. ചമയങ്ങളുമണിഞ്ഞൊരുങ്ങി നില്‍ക്കുന്ന രാജ്യത്തിന്റെ മനസ്സിലെ മായാത്ത രോഗത്തിന്റെ, ചിന്തകളുടെ, നഷ്ടസ്വപ്നങ്ങളുടെ, വിടരും മുന്‍പേ വാടിക്കൊഴിയുന്ന പനിനീര്‍പ്പൂക്കളുടെ കഥ. ആ കഥയറിയാവുന്നത് കൊണ്ടാവണം തോട്ടത്തിലെ പനിനീര്‍പ്പൂക്കള്‍ ഉച്ചവെയിലില്‍ നിറം മങ്ങി തല താഴ്ത്തി നിന്നത്….

  നന്നായിട്ടുണ്ട്….keep it up..

 9. നല്ലൊരു പനിനീര്‍ മൊട്ട്,വിടരും മുന്‍പേ കൊഴിഞ്ഞ പോലെയുള്ള ജീവിതങ്ങള്‍ വരച്ചുകാട്ടിയ കഥയിതു,അറിയാതെ പോകുന്ന ജീവിതങ്ങള്‍;ഇനിയും ബാക്കി..

 10. വായനയ്ക്കും, അഭിപ്രായത്തിനും എല്ലാവർക്കും നന്ദി.. സ്നേഹം..

 11. അനുഭവത്തിനുള്ളിൽ വല്ലാതെ തൊടുന്ന ഒരു കഥ അടയിരിപ്പുണ്ട്

 12. വിഷമിപ്പിച്ചു.. പക്ഷെ, കുറച്ചു നാളത്തെ ദല്‍ഹി ജീവിതത്തില്‍ ഇങ്ങനെ ചിലവ കണ്ടിട്ടുണ്ട് …. വിദ്യാഭ്യാസമുള്ളവര്‍ പോലും ഇപ്പോഴും ഇതു പോലെയൊക്കെഉള്ളതിനെ അനുകൂലിക്കുന്നത് കണ്ട് അമര്‍ഷം തോന്നിയിട്ടുണ്ട് .
  ഹൃദ്യ ഹൃദ്യമാക്കി 🙂

 13. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത ഏവര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി…

Leave a Reply

Your email address will not be published.


*


*