ശീര്‍ഷകമില്ലാതെ -മുഹമ്മദ്‌ കോയ എടക്കുളം

ഉരു ഓരോന്നായി കരയ്ക്കെത്തിക്കൊണ്ടിരിക്കുകയാണ് അതില്‍ ഏതാണ് തന്റെ അറബിയുടെതെന്നു അവനു തിട്ടമില്ല. ഉരുവില്‍ നിന്നും ഇറങ്ങി വരുന്നവരുടെ കൂട്ടത്തില്‍ ഒറ്റക്കണ്ണന്‍ അറബിയെ തിരഞ്ഞുകൊണ്ട്‌ മണിക്കൂറുകളോളം അവിടെ ചിലവഴിച്ചു. ഉപ്പുരസമുള്ള കടല്‍ക്കാറ്റും വിശപ്പിന്‍റെ കാഠിന്യവും അവനില്‍ നരകം പണിതുകൊണ്ടിരുന്നു ..

മേല്‍ക്കൂരതകര്‍ന്ന ചായക്കടയുടെ ഒടിഞ്ഞു വീഴാറായ കസേരയില്‍ സുലൈമാനിയും അര കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് അവനിരുന്നു . എത്രയോ തവണ ഈ ഷാര്‍ജാ കടപ്പുറത്ത് വന്നുപോയിട്ടും കരഞ്ഞു പറഞ്ഞിട്ടും അറബാബ് തന്റെ പാസ്പോര്‍ട്ട് തരാന്‍ മടിക്കുന്നു. ഇയാള്‍ സ്പോണ്സര്‍ ആയ കടയിലായിരുന്നു ജോലി. കടയുടമ കൊടുക്കാനുണ്ടായിരുന്ന പണം നല്‍കിയാല്‍ പാസ്പ്പോര്‍ട്ട് തരാമെന്നു പുതിയൊരു നിബന്ധനയും വെച്ചു . അതൊരു തമാശയായിട്ടാണ് തോന്നിയത് .ഇനിയും ഇതിനുവേണ്ടിയുള്ള വരവ് അവസാനിപ്പിച്ചേക്കുക എന്ന താക്കീതും ഒരിക്കലും സാധിക്കാത്ത നിബന്ധനയ്ക്ക് പിന്നിലുണ്ടായിരുന്നു ….

മരുഭൂമി നരകയാതനകളുടെ ചിത്രം കോറിയിട്ടപ്പോളാണ് സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള അന്തരം ബോധ്യപ്പെട്ടത്.. ജീവിതം കരയ്ക്കടുപ്പിക്കാനാണ് ഏതൊരു സാധാരണക്കാരനെയും പോലെ ഈ പ്രവാസഭൂവിലെത്തിയത്. നാള്‍ക്കുനാള്‍ കഴിയുന്തോറും സ്വപ്നങ്ങളുടെ പറുദീസ സമ്മാനിച്ചത്‌ ദുരിതങ്ങളുടെ മുള്‍ക്കിരീടമാണ് …

കലശലായ ആസ്മയും വഴിമുട്ടിയ ജീവിതാവസ്ഥയും മരണത്തെക്കുറിച്ച് പോലും ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.. വല്ലാതെ ശ്വാസം മുട്ടുകയും ചുമയ്ക്കുകയും ചെയ്തപ്പോള്‍ മുറിയില്‍ അപ്പുറവും ഇപ്പുറവും കിടക്കുന്നവരുടെ മുറുമുറുപ്പ് കേള്‍ക്കാമായിരുന്നു. ജീവിതം ഏറെ ദുസ്സഹമായി അനുഭവപ്പെട്ട, ഭ്രാന്തു പിടിച്ച ആ രാത്രിയിലാണ് അലര്‍ജിക്ക് കഴിക്കാറുള്ള ഗുളികകള്‍ ഇരുപതെണ്ണം ഒരുമിച്ചു വിഴുങ്ങിയത്. അതിന്റെ ഡോസ് ജീവനെടുക്കാന്‍ പര്യാപ്തമല്ലാത്തതുകൊണ്ട് പിറ്റേ ദിവസവും ജീവിതം അവനു നേരെ അതിഭീകരമായി തുറിച്ചു നോക്കിക്കൊണ്ടിരുന്നു ….

ഈ കഷ്ടപ്പാടുകളില്‍ നിന്നും രക്ഷപ്പെടണമെന്ന അതിയായ ആഗ്രഹത്തെ തല്ലിക്കെടുത്തുന്നതായിരുന്നു അറബിയുടെ നിലപാടുകള്‍. കാലാവധി കഴിഞ്ഞിട്ടും വിസ ക്യാന്‍സല്‍ ചെയ്യാനോ പാസ്പ്പോര്‍ട്ട് കയ്യില്‍ തരാനോ ഉള്ള മനസ് അയാള്‍ കാണിച്ചില്ല .മറ്റൊരുത്തന്റെ വേദനയെ തിരിച്ചറിയാന്‍ കഴിയാത്തവന്‍ എങ്ങനെ ഒരു മനുഷ്യനാവും…

നേരിട്ട് ഹാജരായാല്‍ എളുപ്പം നാട്ടിലേക്ക് കയറിപ്പോകാമെന്ന പരിചയക്കാരന്റെ ഉറച്ച വാക്കാണ്‌ അങ്ങനെയൊരു തീരുമാനത്തില്‍എത്തിച്ചത്. കയറിപ്പോകാനുള്ള രേഖയായ ഔട്ട്പാസ്‌ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്നും ശരിയാക്കിത്തന്നതും ഇതേ പരിചയക്കാരനാണ്‌. പൊലീസ് കയ്യാമം വെച്ച് ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ പിറ്റേ ദിവസം തന്നെ നാട്ടിലേക്ക് പോകാമല്ലോ എന്ന സന്തോഷം മനസ്സില്‍ അലയടിക്കുന്നുണ്ടായിരുന്നു. ആ അലയടികള്‍ക്ക് അധികം ആയുസ്സുണ്ടായില്ല. കരയിലെത്താന്‍ ശേഷിയില്ലാതെ കടലില്‍ ഒടുങ്ങിയ ഒരു ദുര്‍ബല തിരമാല പോലെ ആ മോഹം അവസാനിച്ചു…

അവന്റെ ഇടം കയ്യും മറ്റൊരുത്തന്റെ വലം കയ്യും ചേര്‍ത്ത് ബന്ധിച്ചാണ് ബസ്സിലേക്ക് കയറ്റിയത്. പോലീസ് കാവലോടെ വലിയ കുറ്റവാളിയെപ്പോലെ കൊണ്ടുപോയത് ദുബായി ജുമേര ജയിലിലേക്കാണ്. കണ്ട കിനാവുകളിലൊന്നും ഈ ഒരു ചിത്രം ഉണ്ടായിരുന്നില്ല . ഓരോന്നും ഓരോരുത്തര്‍ക്കും നേരത്തെ എഴുതിവെച്ചിട്ടുണ്ട്. തന്‍റെ അവസ്ഥ ഇത്തരത്തിലുള്ളതായിരിക്കുമെന്ന് ഓര്‍ത്തപ്പോള്‍ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ അടര്‍ന്നുവീഴുന്നുണ്ടായിരുന്നു…

ഒരുപാടു കുറ്റവാളികളെ ഒരുമിച്ചു ഒരു മുറിയിലാണ് പാര്‍പ്പിച്ചിരുന്നത്. മദ്യ വില്‍പ്പനക്കാരനും കൂട്ടിക്കൊടുപ്പുക്കാരനും വട്ടിപ്പലിശക്കാരനും വിസയില്ലാതെ പിടിക്കപ്പെട്ടവനും ….ബംഗാളികളും പാകിസ്ഥാനികളും ഓരോ മൂലകള്‍ കരസ്ഥമാക്കിയപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഭാഷാ അടിസ്ഥാനത്തില്‍ വീതിച്ചെടുക്കാന്‍ മൂലകള്‍ തികഞ്ഞില്ല . അപ്പുറത്തുള്ള കുടുസു മുറിയില്‍നിന്നും ഭ്രാന്തനായ ബംഗാളി യുവാവിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കാം .. മുറിയുടെ നിലത്തു കമ്പിളി വിരിച്ചാണ് അവനും ജയിലില്‍ നിന്നും പരിചയപ്പെട്ട ഹമീദും പേരോര്‍മ്മയില്ലാത്ത,തടിച്ചു കുറിയ, കവിത വശമുള്ള ചേട്ടനും കിടന്നിരുന്നത്. ഘനഗംഭീരമായ ശബ്ദത്തില്‍ ചൂട് കാറ്റ് പകര്‍ന്നു കൊണ്ട് മുറിയുടെ ചുവരില്‍ ഘടിപ്പിച്ച ഫാനുകള്‍ കറങ്ങിക്കൊണ്ടിരുന്നു….

ദാരിദ്ര്യത്തിന്റെ രുചി അറിഞ്ഞിട്ടുണ്ടെങ്കിലും മാനസികമായി ഇത്രത്തോളം പീഡനം അനുഭവിച്ച നാളുകളിലൂടെ കടന്നു പോയിട്ടില്ല…. ഈ നിമിഷം അവന്‍ ഉമ്മയെ ഓര്‍ത്തു… ഉമ്മാ,, ഞാനിതാ ഈ നിലത്തു മരിച്ച സ്വപ്നങ്ങളുമായി ഉറങ്ങാന്‍ കിടക്കുകയാണ്. ഇത്രയും വൃത്തിഹീനമായ, പലരും കാര്‍ക്കിച്ചു തുപ്പിയ, തൂത്തുവരാത്ത,പല രാജ്യക്കാരുടെയും ഭാഷക്കാരുടെയും പുറന്തള്ളപ്പെട്ട അധോവായു പുറത്തു കടക്കാന്‍ കഴിയാതെ ഉഴലുന്ന, ദുര്‍ഗന്ധം വമിക്കുന്ന ഈ മുറിക്കുള്ളില്‍…. എനിക്ക് സ്വപ്നങ്ങളില്ലാതായിട്ടു എത്ര നാളുകളായെന്നോ. ഉമ്മ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ…..

നടപടി ക്രമങ്ങള്‍ കഴിഞ്ഞവരെ ഓരോരുത്തരെയായി നാട്ടിലേക്ക് കയറ്റി വിട്ടുകൊണ്ടിരിക്കുന്നു. ദിവസം നാലായിട്ടും അവന്റെ പേര് വിളിക്കപ്പ്ട്ടില്ല. ഭ്രാന്തനായ ബംഗാളി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. അവന്റെ ചങ്ങലയിട്ട കാലുകള്‍ പഴുത്തു വ്രണമായിരുന്നു. പേരുകള്‍ വിളിച്ചശേഷം കടലാസ് മടക്കി പോലീസുകാരന്‍ എഴുന്നേറ്റു പോകുമ്പോള്‍ നിരാശ മാത്രം ബാക്കി. തന്റെ നമ്പര്‍ ഇനി എന്നാണാവോ. ഇത്രയും വേദനകള്‍ അനുഭവിക്കാന്‍ മാത്രം താനെന്ത് തെറ്റാണ് ചെയ്തത് പടച്ചവനെ….

ഇന്ന് ഏഴാമത്തെ ദിവസം, ഹമീദിനും കവിത ചൊല്ലി ഗസലുകള്‍ മൂളി ഇരുണ്ട ജയില്‍ മുറിയെ അല്‍പ്പമെങ്കിലും പ്രഭാപൂരിതമാക്കിയ ചേട്ടനും നറുക്ക് വീണ ഭാഗ്യ ദിനം. ഹതഭാഗ്യനായ അവന്‍ ഇന്നും വിളിക്കപ്പെട്ടില്ല. ഒരാഴ്ചക്കാലം ഹൃദയമിടിപ്പുകള്‍ പങ്കുവെച്ചിരുന്ന ചങ്ങാതിമാര്‍ നാട്ടിലേക്ക് കയറുകയാണ്. ആ നിമിഷം സന്തോഷത്തോടൊപ്പം ഒറ്റപ്പെട്ടു പോകുന്നതിന്റെ തീവ്ര വേദനയും അവനനുഭവിക്കുന്നുണ്ടായിരുന്നു ..

അടുത്ത ദിവസം അവനെയും മറ്റു ചില തടവുകാരെയും കൊണ്ടുപോയത് അബുദാബിയിലെ സുഹാന്‍ ജയിലിലേക്കാണ്. പുതിയ തടവുക്കാരെത്തുമ്പോള്‍ പഴയവരെ മറ്റെവിടേക്കെങ്കിലും മാറ്റുക പതിവാണ്. മനോ വിഷമവും അസുഖവും കാരണം ശരീരം ശോഷിച്ചു തുടങ്ങി. ചുമയ്ക്കുമ്പോള്‍ പുറത്തേക്ക് വന്നത് ചോര കലര്‍ന്ന കൊഴുപ്പുള്ള ഒരു മിശ്രിതമായിരുന്നു. ജുമേര ജയിലിനേക്കാള്‍ ഭീകരമായ അവസ്ഥയായിരുന്നു ഇവിടെ. കുളിമുറിയുടെ തറയില്‍ തുപ്പിവെച്ച കഫങ്ങള്‍. കക്കൂസിലെ ക്ളോസറ്റില്‍ വെള്ളമൊഴിച്ച് കളയാത്ത മലാവശിഷ്ടത്തില്‍ ഈച്ചയാര്‍ക്കുന്നു. ഈ ഉറക്കത്തില്‍ തന്നെ മരണമടയണേ എന്ന് പ്രാര്‍ഥിച്ചു കിടന്ന അസ്വസ്ഥ രാവുകള്‍. അവന്‍ ആരോടും സംസാരിച്ചില്ല. പലരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്‍കിയില്ല. ആസ്മ അവനെ വല്ലാതെ പിടിമുറുക്കിയ രാത്രി ഇനിയൊരിക്കലും ഉറക്കത്തില്‍ നിന്നും ഉണരില്ലെന്നും ഈ ജയിലറയിലാണ് തന്റെ അന്ത്യമെന്നും ഉറപ്പിച്ച രാത്രി .മയങ്ങിപ്പോയത് എപ്പോഴെന്നറിയില്ല. രാവിലെ ഉറക്കമുണര്‍ന്നപ്പോളാണ് താന്‍ ജീവിച്ചിരിക്കുന്നു എന്ന സത്യം മനസിലായത്….

ജനലഴികളില്‍ക്കൂടി പുറത്തേക്ക് നോക്കിയപ്പോള്‍ അപ്പുറത്ത് ആഗസ്റ്റ്‌ മാസത്തില്‍ തിളച്ചു മറിയുന്ന വിജന മരുഭൂമി… ഓര്‍മ്മകളില്‍ വീടും കുളവും മഴയും പൂവും പുല്‍ച്ചാടിയും…. പിറ്റേ ദിവസം പേര് വിളിക്കാനായി വരുന്ന പോലീസുകാരന്റെ കയ്യിലെ മടക്കിപ്പിടിച്ച കടലാസില്‍ തന്റെ പേരും എഴുതി ചേര്‍ത്തിട്ടുണ്ടാവുമെന്ന പ്രതീക്ഷയില്‍ അവന്‍ നാട്ടോര്‍മ്മകളിലൂടെ സഞ്ചരിക്കുകയായിരുന്നു…

 

66 Comments

  • വായിച്ചതിനും അഭിപ്രായം എഴുതിയതിനും ഒരുപാട് നന്ദി

 1. ജീവിക്കാനുള്ള തത്രപ്പാടില്‍ ഗള്‍ഫില്‍ എത്തിപ്പെട്ട് കുരുക്കിലകപ്പെട്ടുപോകുന്ന മലയാളിയുടെ ചിരപരിചിതമായ ജീവിതമാണിത് ; അതില്‍, പ്രത്യേകിച്ച് ഒരു നിറവും കലര്‍ത്താതെ കോയ എഴുതുന്നു .കഥയല്ലിത് ,കഥയില്ലാതായിത്തീര്‍ന്ന ജീവിതമാണ് .എടുത്തുപറയേണ്ട കാര്യം – നല്ല തെളിമയുള്ള ഭാഷ ; ശുദ്ധ ജലത്തിന്റെ തെളിമയും കണ്ണീരിന്റെ ഉപ്പുരസവുമുള്ള ആഖ്യാനം .

  • വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ഇക്ക ..

 2. ഒത്തിരി സ്വപ്നങ്ങളുമായി വിദേശത്ത് എത്തുകയും ഒന്നും നേടാനാവാതെ ദുരിതങ്ങള്‍ മാത്രം നേരിടേണ്ടിവരികയും ചെയ്യുന്നവരുടെ ജീവിതം ആലങ്കാരികതകളില്ലാതെ ലളിതവും വ്യക്തവും ഹൃദയസ്പര്‍ശിയുമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു…. മരണം കാത്തു കിടന്നിട്ടും ഉറക്കമുണരുമ്പോള്‍ ജീവിതം പിന്നെയും ബാക്കിയെന്ന സത്യം വല്ലാതെ വേദനിപ്പിക്കുന്നുണ്ട്…. കഥാപാത്രത്തിന്റെ മനസ്സിലൂടെ വായനക്കാരനെ നടത്തിക്കാന്‍ കഥാകൃത്തിനു കഴിഞ്ഞു….

  • നന്ദി രേണുക ..വായനയ്ക്കും വിലപ്പെട്ട അഭിപ്രായത്തിനും …

 3. പ്രവാസത്തിന്റെ ചൂടേറി ഏകാന്തതയുടെ ഇരുണ്ട മുറിക്കുള്ളിലകപ്പെട്ടു പോയ ഇത്തരം കഥാപാത്രങ്ങളുടെ അനുഭവങ്ങൾ നാം മുന്പും പല കാലങ്ങളിലായ്‌ വായിച്ചിട്ടുള്ളതാണ് ..ബെന്യാമിന്റെ ആടുജീവിതം അതിനൊരു ഉത്തമ ഉദാഹരണം .. …ലളിതമായ ഭാഷ ശൈലി കൊണ്ട് ഈ എഴുത്തും മികച്ചു നില്ക്കുന്നു കോയാക്കക്ക് അഭിനന്ദനങ്ങൾ …തുടർന്നും എഴുതുക…

  • വായനായ്ക്കും അഭിപ്രായത്തിനും വളരെ നന്ദി ഫാത്തിമാ …

 4. ഇക്ക …വളരെ നന്നായി …ജീവതങ്ങലുളുടെ നടന്നു പോയതിനു ..

 5. ഹൃദയസ്പര്‍ശിയായ എഴുത്ത്…പ്രവാസത്തിന്‍റെ നേര്‍ക്കാഴ്ചകള്‍..വളരെ ഇഷ്ടമായി..ആശംസകള്‍..

 6. വളരെ ഇഷ്ടമായി ഈ എഴുത്ത്,കാണുന്ന നേരുകള്‍ നേരോടെ എഴുതി .

 7. പ്രവാസജീവിതത്തിന്‍റെ ഇരുണ്ട മുഖം അശേഷം ചായക്കൂട്ടുകളില്ലാതെ പകര്‍ത്തിയെഴുതിയത് .
  ആശംസകള്‍ എടക്കുളം

 8. <>
  മിക്കപ്പോഴും നമ്മുടെ മോഹങ്ങളും സ്വപ്നങ്ങളും (അതെത്ര ചെറുതാണെങ്കിൽ പോലും )ഒടുങ്ങുന്നത് ഇങ്ങനെയാവും!തെളിമയാർന്ന വരികൾ …ഒരു പ്രവാസിയുടെ കരളലിയിക്കും ദൈന്യത ,അതിന്റെ
  എല്ലാ വിഷാദ ഭാവത്തോടും കൂടി വായനക്കാരനിലേക്ക് എത്തിക്കാൻ കഴിഞ്ഞു !തുടക്കത്തിലെ
  <> കഥയുടെ വർത്തമാന അവസ്ഥയായാണ് ഇത്
  അനുഭവപ്പെടുക !നാട്ടിലെത്താനുള്ള വെമ്പലിൽ ജയിലിൽ പെട്ട് വിഷമിക്കുന്ന പ്രവാസിയിൽ
  നിന്ന് തുടങ്ങി ,പിന്നീട് ഓർമ്മകളിലൂടെ ഊളിയിട്ട് അതിലേക്ക് എത്തിച്ച സാഹചര്യങ്ങൾ
  വിശദീകരിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നേനും എന്ന് തോന്നി !

  • പോരായ്മകള്‍ ഉണ്ട് …വായനയ്ക്കും അഭിപ്രായത്തിനും നന്ദി

 9. ഗള്‍ഫ്‌രാജ്യങ്ങളില്‍ പ്രവാസമാകുന്ന മരീചികയില്‍ ആരും അറിയപ്പെടാതെ പോകുന്ന എത്രയെത്ര പാവങ്ങള്‍ ഇതുപോലെ ജയിലിലും, അറബികളുടെ വലയില്‍പെട്ട് മരുഭൂമികളിലുംതളച്ചിടപ്പെടുന്നുണ്ട്. നമ്മള്‍ അനുഭവിക്കുന്ന സുഖവും,സ്വാതന്ത്ര്യവും ഒക്കെ എത്ര മാത്രം വിലപ്പെട്ടതാണെന്നു പലപ്പോഴും,നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌ ഇതുപോലെദുരിതം അനുഭവിക്കുന്നവരുടെ നേര്‍ക്കാഴ്ചകളാണ്..ലളിതമായ വരികളാല്‍ അനുവാചകന്റെ മനസ്സില്‍ വേദന കോരിയിടുന്ന നല്ല രചന.ആശംസകള്‍

 10. ഗള്‍ഫിലെ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നവരുടെ നേര്‍ചിത്രം വരച്ചിട്ടു. പാരതന്ത്ര്യത്തിന്റെ ഇരുട്ടറകളില്‍ നീറുന്ന ഒരു നിസ്സഹായന്റെ ചിന്തകള്‍ നന്നായി പകര്‍ത്തി.. ശീര്‍ഷകമില്ലത്തത് പോലെ തന്നെ പൂര്‍ത്തിയാക്കിയില്ല എന്നും തോന്നി…

 11. ഗള്‍ഫിലെ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നവരുടെ നേര്‍ചിത്രം വരച്ചിട്ടു. പാരതന്ത്ര്യത്തിന്റെ ഇരുട്ടറകളില്‍ നീറുന്ന ഒരു നിസ്സഹായന്റെ ചിന്തകള്‍ നന്നായി പകര്‍ത്തി.. ശീര്‍ഷകമില്ലത്തത് പോലെ തന്നെ പൂര്‍ത്തിയാക്കിയില്ല എന്നും തോന്നി…

 12. പ്രവാസത്തിന്‍റെ ഇരുണ്ട മുഖം….ദുരിതാനുഭവങ്ങളുടെ തീച്ചൂളയില്‍ ഒറ്റപ്പെട്ടുപോയവന്റെ നിസ്സഹായത……നന്നായി വരച്ചു കാട്ടി..ആശംസകള്‍ കോയാ…..

 13. പ്രവാസം ഒരു തരത്തില്‍ പ്രയാസം,അത് കൂടാതെയുള്ള ഒരു ജീവിതം,ഇവിടെ അസാധ്യം..നാട്ടിലെ ”ദുബൈയ്ക്കാരന്‍” എന്ന പ്രഭുത്തം തരുന്ന വാക്കിനു,പൊള്ളുന്ന വില കൊടുക്കേണ്ടി വരുന്ന ഒരു ജന്മം.. കഴിഞ്ഞു കൂടുന്ന നിമിഷങ്ങള്‍,വരും ജീവിതത്തില്‍ ഒരു വെളിച്ചം വരുത്താന്‍ പെടുന്ന പാടുകള്‍,വളരെ നിര്‍ണായകമാണ്.അത് നേടുന്നവര്‍,വളരെ ചുരുക്കം.. സുന്ദം ഈ എഴുത്ത്,തുടങ്ങും എഴുതുക.അഭിനന്ദനങ്ങള്‍.. 🙂

 14. പ്രവാസികളിലെ ആരും അറിയാതെ പോകുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ജീവിതം നന്നായി പകര്‍ത്താനായി…

 15. വിദേശരാജ്യങ്ങളില്‍ ഇന്നും അനേകം മലയാളികള്‍ വിവിധതരം കുറ്റകൃത്ത്യത്തിനും,ചിലര്‍ സാഹചര്യങ്ങളിലും പെട്ട്ജയില്‍ വാസ്സംഅനുഭവിക്കുന്നൂ.ഇന്ത്യന്‍ നിയമമനുസ്സരിച്ച്‌ ആഴ്ചയില്‍ രണ്ട് ദിവസ്സം ഇന്ത്യന്‍ കാര്യാലയത്തില്‍ നിന്നും പ്രതിനിധികള്‍ പോയിഅവരെ സന്ദശ്ശിക്കുകയും ശിക്ഷയുടെ കാലാവധി തീരുന്നതനുസ്സരിച്ചു സ്വന്തം നാട്ടിലെത്തിക്കുകയും ചെയ്യുകാ എന്നുള്ള കര്‍ത്തവ്യം അവര്‍ നല്ലതുപോലെ നിറവേറ്റുന്നില്ല …..കുറ്റം ചെയ്യാതെ ഇങ്ങനെ ശിക്ഷഅനുഭവിക്കുന്നവര്‍ക്ക് വേണ്ട നിയമസഹായം ചെയ്യേണ്ടവര്‍ പലപ്പോഴും കണ്ണടയ്ക്കുന്നൂ …….മുന്‍കാലങ്ങളില്‍ ഏതു ജയിലിലാണ് കിടക്കുന്നത് എന്ന് പോലും അറിയാന്‍ കഴിയുമായിരുന്നില്ല …..ഇന്നത്തെ കാലത്ത് വളരെ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നൂ …….അതാതു രാജ്യങ്ങളുടെ നിയമം അനുസരിച്ചും ബഹുമാനിച്ചും മുന്നോട്ട് പോകാന്‍ എല്ലാ പ്രവാസികള്‍ക്കും കഴിയട്ടെ ……എടകുളത്തിന്റെ ഈ എഴുത്തിനെ സ്നേഹത്തിന്‍റെ ഭാഷയില്‍ പ്രശംസ്സിക്കുന്നൂ …

  • ജീവിതത്തിന്റെ കലര്‍പ്പില്ലാത്ത പകര്‍പ്പ്

 16. വായനക്കാരുടെ അഭിപ്രായങ്ങൾ കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയും ഇനിയും ധാരാളം എഴുതാനാവട്ടെ. ആശംസകളോടെ…
  സ്നേഹം..

 17. സ്വര്‍ഗ്ഗത്തിന്റെയും നരകത്തിന്റെയും വാതിലുകള്‍ സ്ഥാപിച്ചിരിക്കുന്നത് ജീവിതത്തിന്റെ ഈ മരുഭൂമിയിലാണ്.
  ശീര്‍ഷകങ്ങള്‍ അടര്‍ന്നിട്ടും കൊഴിയാത്ത ദുരാനുഭവങ്ങളില്‍ മൃത്യുമോഹങ്ങളുടെ മണല്‍ക്കാറ്റ് ഏറ്റുപിടിയ്ക്കുന്നുണ്ടിവിടെ.
  ഒരു പിടി വേദനയോടെ…
  -Tio Jax (Jacob Menachery)

 18. ഹൃദയസ്പര്‍ശിയായ എഴുത്ത്………………നേര് എഴുതിയതുപോലെ …..നമ്മുടെ നാട്ടിലെ പ്രവാസികളുടെ ജീവിതങ്ങള്‍ പലപ്പോഴും ഇങ്ങനെയൊക്കെയാക്കാറുണ്ട്… എന്നാലും നാട്ടില്‍ അറിയികാതെ വേദന നെഞ്ചോടു ചേര്‍ത്ത് അവര്‍ കുടുംബത്തിനും നാട്ടുകാര്‍ക്കും മുന്നില്‍ ചിരിതുക്കി നില്‍ക്കുന്നു.അവര്‍ കഷ്ട്ടപെട്ടു അയക്കുന്ന പണം ധുര്‍ത്ത് അടിക്കുന്ന ചില മഹാതികളെയും മക്കളെയും ഒകെ കാണാം ..അവരെ പോലെയുള്ളവര്‍ക്ക് പ്രവാസ ജീവിതത്തിന്റെ ചില യാഥാര്‍ത്ഥ്യങ്ങള്‍ പോലെ ഈ എഴുത്തുകള്‍ ഗുണം ചെയ്യും…കോയക്ക എല്ലാ ആശംസകളും….

 19. ഭാഷാ സൌകുമാര്യം കൊണ്ടും ആഖ്യാന പാടവം കൊണ്ടും ഒരു മികച്ച എഴുത്ത് തീര്‍ക്കാന്‍ കഴിഞ്ഞ മുഹമ്മദ്‌ കോയക്ക് നന്ദി.ഇനിയും തുടര്‍ന്ന് എഴുതുക.ഒരിഷ്ടം….ഒരുപാട്,സ്നേഹം !
  ………………….അജയ്………….

 20. ഞാന്‍ ഒരു എഴുത്തുകാരനല്ല.എങ്കിലും ഈ അഭിപ്രായങ്ങള്‍ പ്രോത്സാഹനമായി കരുതുന്നു..ഈ സ്നേഹം നെഞ്ചോട്‌ ചേര്‍ക്കുന്നു.പ്രാവാസത്തിനു കയ്പ്പും മധുരവും ഉണ്ട്.നിറങ്ങല്‍ക്കപ്പുരത്തു ദുരിതങ്ങളാല്‍ നിറം കെട്ടുപോയ ചില ജീവിതങ്ങളുണ്ട്‌.അതിനെ അറിയാതെ പോകാനാവില്ല.എന്നില്‍ നിക്ഷിപ്തമായ പരിമിതമായ അക്ഷരങ്ങള്‍ക്കൊണ്ട്‌ അത് കുറിച്ച് വെച്ച് എന്ന് മാത്രം ….നന്ദി പറയുന്നില്ല സ്നേഹം.. സ്നേഹം മാത്രം …

 21. അതിമനോഹരമായ എഴുത്ത് ..ഇനിയും ഒരുപാടു നന്നായി എഴുതാൻ സാധിക്കട്ടെ…!!ആശംസകൾ…!!!

 22. പ്രവാസ ജീവിതത്തിന്റെ ഒരു തുറന്നെഴുത്ത് ….ഇഷ്ടം

 23. പ്രവാസി.. ആരുടെയൊക്കെയോ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളപ്പിക്കാൻ വേണ്ടി താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച ഒരുപാട് പേരിൽ നിന്നും അകലേയ്ക്ക് പോകേണ്ടി വരുന്നവർ… ആർക്കൊക്കെയോ വേണ്ടി ചിറകുകൾ തുന്നുന്നതിനിടെ സ്വന്തം ചിറകുകൾ അരിഞ്ഞു വീഴ്ത്തപ്പെട്ടവന്റെ നൊമ്പരം മനോഹരമായി പറഞ്ഞു.. ഇഷ്ടം..

 24. “കരയിലെത്താന്‍ ശേഷിയില്ലാതെ കടലില്‍ ഒടുങ്ങിയ ഒരു ദുര്‍ബല തിരമാല പോലെ ആ മോഹം “….ആ മോഹം വന്‍ തിരമാലകളായി തന്നേത്തന്നെ വലിച്ചു കൊണ്ടു പോകുന്നതിനാലാകാം ഒരുപാട് സ്വപനങ്ങളുമായി ഇന്നും ആളുകള്‍ കടല്‍ ദൂരം താണ്ടുന്നത്…. മനസ്സ് മരുഭൂമിയാക്കി ജീവിതം മരുപ്പച്ചയാക്കാനുള്ള ശ്രമവും നിസ്സഹായതയും എഴുതി ഫലിപ്പിക്കാന്‍ ശ്രമിച്ചു…..അഭിനന്ദനങ്ങള്‍…..ഭാഷ ഇത്തിരി കൂടി സജീവമാകാം എന്ന് തോന്നുന്നു….

 25. പ്രവാസി എന്നാല്‍ കോടികള്‍ കൊണ്ട് അമ്മാനമാടുന്നവര്‍ മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം…പട്ടിണി കിടക്കാനും മാസം മുന്നൂറു ദിര്‍ഹം വേണമെന്ന അവസ്ഥ അനുഭവിക്കുന്ന എത്രയോ പേര്‍ നമുക്ക് ചുറ്റും. അതിനിടയില്‍ നിയമപരമായി രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ കഷ്ടപ്പെടുന്ന സാധുക്കള്‍…ഒന്നും പറയാനില്ല കോയാ..നല്ല കാമ്പുള്ള കഥ. എഴുത്ത് ഇനിയും കഥാരൂപം നേടാന്‍ ബാക്കിയാണെന്ന് തോന്നി. തുടക്കത്തില്‍ കാണിച്ച കയ്യടക്കം ഇടയ്ക്ക് നഷ്ടപ്പെട്ട പോലെ..അവസാനമെത്തൂമ്പൊ കൂടുതല്‍ വിവരണാത്മകമായില്ലേ എന്ന് സംശയം..ഇനിയും എഴുതുക, എഴുതി തെളിയുക..നിങ്ങളില്‍ കഥയുണ്ട്.

  • നല്ല വാക്കുകള്‍ക്കു നന്ദി …

 26. സ്വപ്നങ്ങളുടെ വലിയ ചുമടുമായി അന്യദേശത്തേക്കു പോകുന്നവര്‍, ആ നാടിന്‍റെ നിയമ ത്തിന്‍റെ ഊരാകുടുക്കിലകപ്പെട്ട് നിസ്സഹായരായി പോകുന്നവര്‍, സ്വന്തം മണ്ണല്ലാത്തതു കൊണ്ട ശബ്ദിക്കാന്‍ അവകാശം നിഷേധിച്ചവ൪… ……പ്രവാസത്തിന്റെ ദുരിതങ്ങളുടെ പട്ടിക നീളുന്നു….ഇതു മുഴുവന്‍ വായിച്ചപ്പോള്‍ തൊണ്ടയില്‍ എന്തോ കുരുങ്ങി വലിക്കും പോലെ …….ഇത് കേവലമൊരു ഭാവനാ സൃഷടി അല്ലല്ലോ ഇക്കാ….എളുപ്പത്തില്‍ ഹൃദയത്തിലേക്ക് ഇറങ്ങുന്ന വരികള്‍ …..അഭിനന്ദനങ്ങള്‍ സഹോദരാ…

  • സന്തോഷമുണ്ട് ഫാത്തിമ വായിച്ചതിനും വിലപ്പെട്ട അഭിപ്രായത്തിനും ….

 27. ഉള്ളിൽ തട്ടുന്ന, തെളിച്ചമുള്ളൊരു എഴുത്ത്…!ഇക്കാ…ഇനിയും പ്രതീക്ഷിക്കുന്നു..്ആശംസകൾ…

 28. കഥ നന്നായി. ആ പാവം പ്രവാസിയെ നാട്ടിലെത്തിക്കാമായിരുന്നു !മറ്റൊരു മജീദാണോ ?ആശംസകൾ.

Leave a Reply

Your email address will not be published.


*


*