ഇരകൾ – കോയക്കുട്ടി ഒലിപ്പുഴ

ജൂബിലി റോഡിലെ ടയിൽ പാകിയ നടപ്പാതയിലൂടെ ഷമീർ ദൃതിയിൽ നടന്നു. മഴ ചാറിത്തുടങ്ങിയിരുന്നു. കുരിശ്‌ പള്ളിയുടെ മട്ടുപ്പാവിൽ ക്രിസ്തുമസ്സ്‌ ദിനത്തിലണിയിച്ച നക്ഷത്രദീപം മിന്നിക്കൊണ്ടിരുന്നു. നഗരത്തിൽ തിരക്കൊഴിഞ്ഞ്‌ തുടങ്ങിയിരുന്നു.

‘വളരേ വൈകിയിരിക്കുന്നു’. നഗരത്തിന്റെ പ്രാന്തപ്രദേശത്തേക്കൊഴുകിചെന്നെത്തുന്ന ഇടുങ്ങിയ തെരുവിന്റെ മൂലയിലെ കൊച്ചു വീട്ടിൽ അക്ഷമയോടെ അവനെ കാത്തിരിക്കുന്ന ഭാര്യയേയും മകളേയും കുറിച്ചവനോർത്തു.

 

” എന്തേ ഇത്ര വൈകിയത്‌. ഇങ്ങനെ മഴ നനഞ്ഞ്‌ അലഞ്ഞ്‌ തിരിഞ്ഞ്‌ വല്ല അസുഖവും വരുത്തിവെക്കാനാണൊ ഭാവം…? “

ഇത്തിരി പരിഭവം സ്നേഹത്തിൽ ചാലിച്ച്‌ ശാസിക്കുന്ന ഭാര്യയെ കുറിച്ചോർത്തപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

 

സധാരണ വൈകാറുള്ളതല്ല. ഭൂമിക്ക്‌ മുകളിൽ ഇരുളിന്റെ കമ്പളം വലിച്ചിടുന്നതിനു മുമ്പേ വീടണയും. ജോലികഴിഞ്ഞിറങ്ങിയാൽ നേരെ രവിയുടെ ചായക്കടയിലേക്ക്‌. ഒരു ചായ. പിന്നെ അവനുമായി കുറച്ച്‌ നാട്ടുവർത്തമാനം. ഇറങ്ങാൻ നേരം രണ്ടോ മൂന്നൊ പരിപ്പുവടയോ പഴം പൊരിയൊ പൊതിഞ്ഞു വാങ്ങും. മോൾക്ക്‌ എന്തെങ്കിലും വേണമെന്നത്‌ ഒരു ശീലമായി. പിന്നെ നേരെ വീട്ടിലേക്ക്‌. അതാണ് പതിവ്‌.

എന്നാൽ ഇന്ന്…!! പതിവ്‌ തെറ്റിച്ച്‌, യാദൃഛികമായി ജീവിതത്തിലേക്കടർന്ന് വീഴുന്ന സംഭവങ്ങളെ കുറിച്ചോർത്ത്‌ അവൻ അത്ഭുതപ്പെട്ടു.

 

പതിവുപോലെ ജോലി കഴിഞ്ഞിറങ്ങി രവിയുടെ ടീ ഷോപ്പിലേക്കുള്ള നടത്തത്തിലായിരുന്നു ഷമീർ. വഴിക്ക്‌ വെച്ച്‌ ശ്രീധരനാണ് ‘രവി, അവന്റെ അമ്മയുമായി ഹോസ്പിറ്റലിലാണെന്ന വിവരം അവനോട്‌ പറഞ്ഞത്‌. ഷമീർ വല്ലാതെ പരിഭ്രമിച്ചു. ഒരോട്ടോയിൽ അവൻ ഹോസ്പിറ്റലിലേക്ക്‌ തിരിച്ചു. അവന്റെ മനസ്സ്‌ അസ്വസ്ഥമാകാൻ തുടങ്ങിയിരുന്നു.

 

രവിയുമായി ചെറുപ്പം മുതലേയുള്ള കൂട്ടാണ്. സ്ക്കൂൾ വിദ്യഭ്യാസം അവരൊരിമിച്ചായിരുന്നു. രവിയുടെ അമ്മ, ലക്ഷ്മിക്കുട്ടിയമ്മ അവനു പോറ്റമ്മയായിരുന്നു. പെറ്റമ്മയേ കണ്ട ഓർമ്മ അവനില്ല. ചെറുപ്പം മുതലേ ഒരമ്മയുടെ സ്നേഹവും, ലാളനയും, ശാസനയുമെല്ലാം ലക്ഷ്മിക്കുട്ടിയമ്മയിൽ നിന്നാണവൻ അനുഭവിച്ചത്‌.

ഓട്ടോക്ക്‌ വേഗത കൂട്ടാത്തതിൽ ഡ്രൈവറുമായ്‌ ഷമീർ വാക്കുതർക്കത്തിലേർപ്പെട്ടു.

 

ഓപെറേഷൻ തിയറ്ററിനു പുറത്തിട്ട കസേരയിൽ രവി തളർന്നിരിക്കുന്നുണ്ടായിരുന്നു. ഷമീറിനെ കണ്ടതോടെ അവനിൽ നിയന്ത്രിക്കാനാവത്തവിധം തേങ്ങലുയർന്നു.

രവിയെ സമാധാനിപ്പിക്കാൻ ഷമീർ വല്ലാതെ പാടുപ്പെട്ടു. ലക്ഷ്മിക്കുട്ടിയമ്മയുടെ നില വളരെ പരിതാപകരമായിരുന്നു. രക്തം കുറച്ചധികം ആവശ്യമായി വരും എന്ന് ഡോക്ടർ പരഞ്ഞപ്പോൾ രവിയുടെ മുഖത്ത്‌ പരിഭ്രമം നിഴലിച്ചു. നിസ്സഹായതയോടെ അവൻ ഷമീറിനെ നോക്കി.

” ഷമീ എന്റെ അമ്മ….”

ഷമീർ അവനെ സമാധാനിപ്പിച്ച്‌ കൊണ്ട്‌ പറഞ്ഞു.

” നീ ഇങ്ങനെ തളരാതെ അമ്മയ്ക്കൊന്നും സംഭവിക്കില്ല. നിനക്ക്‌ വിരോധമില്ലെങ്കിൽ എന്റെ രക്തം ഒന്ന് പരിശോധിച്ച്‌ നോക്കിയാലൊ…? നമ്മുക്ക്‌ നമ്മുടെ അമ്മയെ രക്ഷപ്പെടുത്തേണ്ടെ രവീ….”

ഒരു പിടിവള്ളികിട്ടിയ ആശ്വാസം രവിയുടെ കണ്ണുകളിൽ മിന്നി. ഷമീറിന്റെ രക്തം ലക്ഷ്മിക്കുട്ടിയമ്മയുടെ രക്തവുമായി ഇഴികിച്ചേരുമെന്നറിഞ്ഞു. പിന്നെയെല്ലാം പെട്ടന്നായിരുന്നു. മണിക്കൂറുകൾക്ക്‌ ശേഷം ഓപ്പെറേഷൻ തിയറ്ററിൽ നിന്നും പുറത്ത്‌ വന്ന ഡോക്ടർ ” ഇനിയൊന്നും പേടിക്കാനില്ല” എന്ന് പറഞ്ഞ നിമിഷം രവി ഷമീറിനെ വാരിപ്പുണർന്നു. അപ്പോൾ അവരുടെ കൺകോണുകളിൽ നിറഞ്ഞ സ്നേഹത്തിന്റെ നീരുറവ കിനിഞ്ഞിരുന്നു.

 

ഷമീറിന് എന്തെന്നില്ലാത്ത സന്തോഷവും, അഭിമാനവും തോന്നി. ഇനി ധൈര്യമായി എനിക്കിവരേ ‘അമ്മേ, എന്ന് വിളിക്കാം. അവരുടെ ശരീരത്തിലൂടെ പ്രവഹിക്കുന്നത് എന്റേകൂടി രക്തമാണല്ലോ…

 

മഴ കനം വെക്കുമോയെന്ന് ഷമീർ സംശയിച്ചു. കുടയെടുക്കുന്ന സ്വഭാവം അവനു പണ്ടേയില്ല.

മാർക്കെറ്റ്‌ റോഡിലേക്കുള്ള തിരിവിലെത്തിയപ്പോഴാണ് അവൻ ഓർത്തത്‌..!!

രാവിലെ പുറപ്പെടും നേരം മകൾ വാങ്ങിവരാൻ ആവശ്യപ്പെട്ട കളർബോക്സിനേ കുറിച്ച്‌ അവൻ മറന്നുപോയിരുന്നു.

” ഉപ്പാ…, അവൾ കൊഞ്ചലോടെ വിളിച്ചു.

“ഉപ്പ ജോലികഴിഞ്ഞ്‌ വരുമ്പോൾ ഒരു കളർ ബോക്സ്‌ വാങ്ങി വരണം. നാളെ സ്കൂളിൽ ചിത്രരചനാ മത്സരമുണ്ട്‌.

“ഉവ്വോ… കേൾക്കട്ടെ മോളെന്ത്‌ ചിത്രാ വരക്കാൻ പോണേ.”

” ലോക സമാധാനം എന്ന വിഷയത്തിലാ മത്സരം. ഒലീവ്‌ ഇലകളുമായ്‌ പറന്നുയരുന്ന വെള്ളരിപ്രാവിനേയാ ഞാൻ വരക്യാ…”

തന്റെ മകളുടെ ഉയർന്ന ചിന്തയിൽ അവൻ സന്തോഷിച്ചു.

കൃഷ്ണേട്ടന്റെ കട അടച്ച്‌ കാണില്ല. വിജനമായികൊണ്ടിരിക്കുന്ന തെരുവിലൂടെ ഷമീർ വേഗം നടന്നു.

 

***** ** ** **

 

നഗരത്തിന്റെ ഹൃദയഭാഗത്തുയർന്ന് നിൽക്കുന്ന ഹോട്ടലിനുമുന്നിൽ ഒരു ജീപ്പ് വന്നു നിന്നു. അതിൽ നിന്നും രണ്ട്‌ പേരിറങ്ങി മുകളിലേക്കുള്ള ഗോവണി ദൃതിയിൽ കയറിപ്പോയി. പതിനഞ്ചാം നമ്പർ റൂമിലപ്പോൾ അനുയായികൾ അക്ഷമരായി അവരെ കാത്തിരിക്കുകയായിരുന്നു.

നേതാവ്‌ സംസാരിച്ച്‌ തുടങ്ങി.

” സഹപ്രവർത്തകരേ…വലിയ പ്രതിസന്ധികളിലൂടെയാണ് നമ്മൾ കടന്ന് പോയികൊണ്ടിരിക്കുന്നത്‌. അങ്ങ് മഹാ നഗരത്തിൽ നടന്ന സംഭവങ്ങൾ നിങ്ങളറിഞ്ഞിരിക്കുമല്ലോ… നമ്മുക്ക്‌ നഷ്ടപ്പെട്ടത്‌ വിലപ്പെട്ട പ്രവർത്തകരെയാണ്. ഇനി താമസിച്ചുകൂടാ… നമ്മൾ സടകുടഞ്ഞെഴുന്നേൽകേണ്ട സമയം അതിക്ക്രമിച്ചിരിക്കുന്നു. പ്രസ്ഥാനത്തിന്റെ ശക്തി തെളിയിക്കേണ്ട അവസരമാണിത്‌. ഇല്ലെങ്കിൽ നമ്മൾ ചവിട്ടി മെതിക്കപ്പെടും. നമ്മുക്ക്‌ നമ്മുടെ സഹപ്രവർത്തകരുടെ രക്തത്തിന്റെ വില കിട്ടിയേ തീരൂ… നമ്മൾ തിരിച്ചടിക്കാൻ തെയ്യാറാവണം. ഇരകളെ കണ്ടെത്തണം. ഒട്ടും വൈകിക്കൂടാ….”

” അതെ പകരത്തിനു പകരം ” അനുയായികൾ അതേറ്റ്‌ പറഞ്ഞു. അതോടെ ആ കൂടിയാലോചന അവസാനിച്ചു.

 

** ** **

 

” എന്താ ഷമീ ഇത്ര വൈകിയത്‌…? കൃഷ്ണേട്ടൻ ചോദിച്ചു.

“നമ്മുടെ രവിയുടെ അമ്മ ഹോസ്പിറ്റലിലാ… അവിടെവെരേയൊന്ന് പോയി “

കളർ ബോക്സ്‌ വാങ്ങി യാത്ര പറഞ്ഞിറങ്ങവേ കൃഷ്ണേട്ടൻ ചോദിച്ചു. ” മഴ കനക്കുമെന്നാ തോന്നുന്നേ…. നിനക്ക്‌ കുട വേണോ….?

“വേണ്ട, ഒന്നോടാനുള്ള ദൂരമല്ലേയുള്ളൂ…”

 

കളർ ബോക്സ്‌ നനയാതിരിക്കാൻ ഷർട്ടിന്റെ ഉള്ളിലേക്ക്‌ പൂഴ്ത്തി അവൻ ഇറങ്ങി നടന്നു.

പൊടുന്നനെ തെക്കെ ചെരുവിൽ നിന്നും മിന്നലിന്റെ വെള്ളിരേഖ ഭൂമിയിലേക്കിറങ്ങി കാതടപ്പിക്കും വിധം ഇടി മുഴങ്ങി. അതോടെ തെറുവ്‌ വിളക്കുകൾ കൺചിമ്മി. മഴ തിമിർത്ത്‌ പെയ്യാൻ തുടങ്ങി. നടത്തത്തിൽ നിന്നും ഓട്ടത്തിലേക്കെത്തിച്ചേരുന്നതിനിടയിൽ അവന്റെ മുന്നിൽ ഒരു ജീപ്പ്പ്‌ വേഗതയോടെ വന്നു നിന്നു. ജീപ്പ്പിന്റെ ഹെഡ്‌ ലൈറ്റിന്റെ കൂർത്ത മൂർച്ചയുള്ള വെളിച്ചത്തിനു മുമ്പിൽ പകച്ചു നിന്ന അവന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട്‌ നേതാവലറി.

“വെട്ടവനേ”

ഇടിമിന്നലിന്റെ വെള്ളിവെളിച്ചത്തിൽ വാൾതലകൾ മിന്നി. കടുത്ത വേദനയുടെ ഒരു നിലവിളി അന്തരീക്ഷത്തിലേക്കുയർന്നു. തെരുവ്‌ പട്ടികൾ മൊങ്ങികൊണ്ടെങ്ങോ ഓടിയൊളിച്ചു. പീടിക തിണ്ണയിൽ ഉറങ്ങാൻ കിടന്ന വൃദ്ധയാചകൻ ഭീതിയാൽ ഉടുമുണ്ടുകൊണ്ട്‌ തലമൂടി.

ഷമീറിൽ നിന്നും തെറിച്ച്‌ വീണ കളർബോക്സിലെ കളർ ക്യുബുകൾ കലപില കൂട്ടി പുറത്തേക്ക്‌ ചാടി. പിന്നീട്‌ അവ മഴവെള്ളത്തിലലിഞ്ഞ്‌ രക്തവുമായി കൂടിച്ചേർന്ന് റോഡിൽ ഭയാനകമാമൊരു ചിത്രം വരച്ചു.

 

നഗരം ആശങ്കയോടെയാണുണർന്നത്‌. കടകമ്പോളങ്ങളെല്ലാം അടഞ്ഞ്‌ കിടന്നു. എങ്ങും ഭയപ്പെടുത്തുന്ന നിശ്ശബ്ദത തളം കെട്ടിക്കിടന്നു.

തെരുവിന്റെ മൂലയിലെ ആ കൊച്ചു വീട്ടിൽ നിന്നും ഷമീറിന്റെ ഭാര്യയുടേയും, കുഞ്ഞിന്റേയും നിലവിളി മാത്രം ഉയർന്ന് കേട്ടു.

ആ വീട്ടുമുറ്റത്ത്‌, ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത സമുദായ നേതാക്കൾ കൂട്ടം കൂടി പിറുപിറുത്തു.

” പ്രതികാരം ചെയ്യണം. ഒട്ടും താമസിയാതെ പ്രത്യാക്രമണം നടത്തിയേ പറ്റൂ…”

“അതെ, പകരത്തിനു പകരം”

ആ വാക്കുകൾ ഭീതിദമായൊരു മുഴക്കത്തോടെ അന്തരീക്ഷത്തിൽ കിടന്ന് വട്ടം കറങ്ങി. പുതിയ ഇരയെ അകപ്പെടുത്താനുള്ള വല നെയ്യുകയാണവർ.

 

** ** ** ******

 

,രവീ… നീയൊന്നടങ്ങ്‌, പുറത്തെ സ്ഥിതി നിനക്കയിയാഞ്ഞിട്ടാ…!!!

ഹോസ്പ്റ്റലിന്റെ ഇടനാഴിയിൽ വെച്ച്‌ രവിയെ ആശ്വസിപ്പിക്കാനാവാതെ ശ്രീധരൻ നിന്നു.

“അവരെന്തിനിതു ചെയ്തു. എത്ര പാവമായിരുന്നവൻ, അവന്റെ സ്വപ്നങ്ങളരിഞ്ഞ്‌ വീഴ്ത്താൻ മാത്രം അവനെന്ത്‌ തെറ്റാ ചെയ്തത്‌. ” രവി വിങ്ങിക്കരഞ്ഞുകൊണ്ടിരുന്നു.

” മൃഗങ്ങളാണവർ മൃഗങ്ങൾ…” ശ്രീധരൻ ക്ഷുഭിതനായി. ” നീയിപ്പൊൾ അങ്ങോട്ട്‌ ചെന്നാൽ ആകെ പ്രശ്നമാവും. എല്ലാം ഒന്നാറിത്തണുക്കട്ടെ…”

ശ്രീ… അവനെ , അവസാനമായി ഒരുനോക്ക്‌ കാണാൻ… അവന്റെ ഭാര്യയും കുഞ്ഞും ഒറ്റക്ക്‌….”

അവരിപ്പൊൾ ഒറ്റക്കല്ല രവീ… ആ കാര്യങ്ങളെല്ലാം സമുദായം ഏറ്റെടുത്തിരിക്കുന്നു. അവൻ അനാഥനായി, ജീവിക്കാൻ ഒരു വഴിയും കണ്ടെത്താനാവാതെ അലഞ്ഞ്‌ തിരിഞ്ഞ്‌ നടന്നിരുന്ന കാലത്തൊന്നും ഒരു സഹായഹസ്തവും നീട്ടാത്ത സമുദായ നേതാക്കൾ. അവരിപ്പൊൾ ഓടിക്കൂടിയിരിക്കുന്നു…!! രവീ… നീയിപ്പോൾ മറ്റൊന്നും ആലോചിക്കാതെ അമ്മയെ പരിചരിക്ക്‌. അമ്മയിതൊന്നും അറിയരുത്‌. അവർക്ക്‌ ഈ വാർത്ത താങ്ങാനാവില്ല.” ശ്രീധരൻ വിടവാങ്ങി.

 

” മോനെ, ഷമിയെ കണ്ടില്ലല്ലോ… ജോലിത്തിരക്കാവും ല്ലേ…?”

അമ്മയുടെ ചോദ്യം കേട്ട്‌ രവി ഒന്ന് പതറി.

” അവൻ വന്നിരുന്നല്ലോ… അമ്മ നല്ല ഉരക്കമായിരുന്നു”. അങ്ങിനെ പഞ്ഞ്‌ രവി മുഖം തിരിച്ചു. കള്ളം അമ്മ കണ്ടുപിടിക്കുമോ എന്ന ഭയം അവനെ അലട്ടി. രണ്ട്‌ ദിവസമായി അമ്മയുടെ മുന്നിൽ അഭിനയിച്ചഭിനയിച്ച്‌ അവൻ തളർന്നിരുന്നു.

അമ്മയെ ഡിസ്ചാർജ്ജ്‌ ചെയ്ത്‌ വീട്ടിലാക്കി വേണം ഷമിയുടെ വീട്ടിലേക്ക്‌ പോകാൻ. അവന്റെ കുടുംബത്തിന്റെ അവസ്ഥ ഇപ്പോളെന്താണാവോ…. രവി ധൃതിപ്പെട്ടു.

 

നഗരം ഭീതിയുടെ അഗാധതയിൽനിന്നുണർന്നിട്ടുണ്ടായിരുന്നില്ല.

പ്രതിഭ കോളേജ്‌ കഴിഞ്ഞുള്ള ഇടറോഡിനു ചാരെ ഓട്ടോ നിന്നു. സഞ്ചിയും, ചുരുട്ടികെട്ടിയ പുൽപായയും പുതപ്പും ഓട്ടോയിൽ നിന്നും രവി ഇറക്കിവെച്ചു.

“അമ്മേ പതുക്കെ” അവൻ അമ്മയുടെ കൈപിടിച്ചു.

ഓട്ടോ ഡ്രൈവർക്ക്‌ പണം നൽകുന്നതിനിടയിൽ പൊടുന്നനെ, അപ്രതീക്ഷിതമായി ഒരാൾ പുറകിൽ നിന്നും രവിയെ കടന്നു പിടിച്ചു. നെട്ടലോടെ അവൻ തിരിഞ്ഞുനോക്കാനാഞ്ഞ നേരം സന്ധ്യയുടെ നിഗൂഡതയിൽ നിന്നും വേറെയൊരാൾ ശരം കണക്കെ ഓടിവന്ന് തിളങ്ങുന്ന കഠാര രവിയുടെ വയറ്റിലേക്കാഴ്ത്തി. കണ്ണു ചിമ്മിതുറക്കുന്ന നേരംകൊണ്ട്‌ എല്ലാം നടന്നു.

” അമ്മേ….” എന്ന നിലവിളിയോടെ രവി കുഴഞ്ഞ്‌ വീണു. ഭയന്ന് പരിഭ്രമിച്ച ഓട്ടോ ഡ്രൈവറുടെ അലർച്ചയുടെ ശംബ്ദം വിദൂരതയിലേക്കോടിപ്പോയി.

 

എന്താണു സംഭവിച്ചെതെന്നറിയാതെ പകച്ചു പോയ ആ അമ്മ ചുറ്റും ഒരു സഹായത്തിനു വെണ്ടി പരതി. തെരുവ്‌ വിജനമായിരുന്നു. പിടയുന്ന മകനെ താങ്ങിയെടുത്ത്‌ മടിയിലേക്ക്‌ കിടത്തി അവർ ഒരു സഹായത്തിനു വേണ്ടി വാവിട്ടു കരഞ്ഞു. ആരും ഓടിയെത്തിയില്ല.

രക്തമണിഞ്ഞ വിറായാർന്ന കയ്യുയർത്തി അമ്മയുടെ മുഖത്തേക്കവൻ ദയനീയമായി നോക്കി എന്തോ പറയാൻ ശ്രമിച്ച്‌ പരാജയപ്പെട്ടു.

കുഞ്ഞിളം കാലുകളടിവെച്ചടിവെച്ച്‌ നടന്നു തുടങ്ങിയ പ്രായത്തിൽ ഇടക്കവൻ തെന്നിവീണു കരയുമ്പോൾ ഓടിവന്ന് വാരിയെടുത്ത്‌ ആശ്വസിപ്പിച്ചിരുന്ന വാക്കുകൾതെന്നെ അവർ ഉരുവിട്ടു.

 

” ഇല്ല, അമ്മയുടെ മോനൊന്നും പറ്റിയിട്ടില്ല. അമ്മയില്ലേ… മോന്റമ്മയില്ലേ….”

അവർ മുഖം കുനിച്ച്‌ വിളറിത്തുടങ്ങിയ അവന്റെ കവിളിലൊരു മുത്തം നൽകി. രവിയുടെ ശരീരം വല്ലാതെ വിറകൊണ്ടു. അനന്തരം നിശ്ചലമായി.

 

ആകാശവും, ഭൂമിയും മൂകമായ ആ നിമിഷത്തിൽ ” എന്റെ മോനേ….” എന്ന നിലവിളിയുടെ പ്രതിധ്വനി മാത്രം മുഴങ്ങി കേട്ടു.

പെറ്റുവളർത്തിയ മകനേയും പോറ്റിവളർത്തിയ മകനേയും നഷ്ടപ്പെട്ട ആ അമ്മയുടെ വിലാപം അന്തരീക്ഷത്തിലേക്കുയർന്ന് ലക്ഷോപലക്ഷം ഇരകളുടെ വിലാപവുമായ്‌ അന്നേരം ഇഴികിച്ചേരുന്നുണ്ടായിരുന്നു.

 

നഗരകാര്യാലയത്തിനു മുന്നിൽ ഉയർന്ന് നിൽക്കുന്ന ഗാന്ധി പ്രതിമയിൽ ഒരു വെള്ളരിപ്രാവ്‌ പറന്നുവന്നിരിന്നു. നിമിഷങ്ങളുടെ നിശ്ശബ്ദതക്ക്‌ ശേഷം അസ്സഹ്യമായ വേദനയോടെ കുറികിക്കൊണ്ട്‌ ആകാശത്തിലേക്ക്‌ പറന്നുയർന്നു. അതിന്റെ ചുണ്ടിൽ നിന്നും ഒലീവ്‌ ഇലകൾ എങ്ങോ കൊഴിഞ്ഞ്‌ പോയിരുന്നു.

54 Comments

 1. സന്തോഷം, എന്റെ കഥ പരിഗണിച്ചതിനു വെട്ടം എഡിറ്റോരിയൽ ബോർഡിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി.

  • വായിച്ചപ്പോൾ പറയാൻ വാക്കുകൾ കിട്ടുന്നുള്ള ………കാരണം സത്യമായിട്ടും ഹൃദയത്തിൽ തട്ടി വേദനിപ്പിച്ച ഒരു കഥയാണിത്‌ ………വായിച്ചപ്പോൾ ശരിക്കും സംഭവിച്ച കഥയായി തോന്നി .ചിലപ്പോൾ കഥാകാരൻറെ ഭാവനയായിരിക്കാം ………….എല്ലാവിധ ആശംസകളും നേരുന്നു ..തുടരുക
   ..

 2. സമൂഹത്തിന്‍റെ ഭീതിതമായ നേര്‍ക്കാഴ്ചകളിലേയ്ക്ക് ഒരു നിമിഷം. ഒരു തെറ്റും ചെയ്യാതെ നിഷ്ടൂരമായി ഹനിക്കപ്പെടുന്ന ഇരകളുടെ മനസ്സുപിടയുന്ന രോദനം. നന്നായി അവതരിപ്പിച്ചു. തുടരുക. എല്ലാവിധ ആശംസകളും.

 3. പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരകളാക്കപ്പെടുന്ന നിരപരാധികളുടെ ചോരയില്‍ മണ്ണിലെ സമാധാനത്തിന്റെ വെള്ളരിപ്രാക്കളുടെ ഒലിവിലകള്‍ കുതിര്‍ന്നുപോകുന്നു. സമകാലിക രാഷ്ട്രീയ പൊള്ളത്തരങ്ങളെ തുറന്ന് കാട്ടിയ എഴുത്ത്. ആശംസകള്‍

 4. വ൪ത്തമാനകാലത്തി൯ടെ രാഷ്ട്രീയ കോമരങ്ങള് പരസ്പര സാഹോദര്യവും സഹകരണവും തക൪ക്കുന്നകാഴ്ചകള് ഭംഗിയായ് അവതരിപ്പിച്ചിരിക്കുന്നു.ഈവരികള് മനുഷ്യ൯ടെ കണ്ണുതുറപ്പിക്കട്ടെ.കഥാകൃത്തിന് അഭിനന്ദനങ്ങള്

 5. പിറവി കൊടുത്ത വേദനയും അതു സ്വന്തം മുന്നില്‍ വച്ച് നഷ്ടമാകുന്നതിന്റെ വേദനയും ഒരുമിച്ചു ഒരമ്മയ്ക്ക് കണ്‍ മുന്നില്‍ വച്ച് അനുഭവിക്കേണ്ടി വരുക. അതു പറഞ്ഞ അറിയിക്കനാവുന്നതല്ല. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ തമ്മിലടിപ്പിച്ചു രാഷ്ട്രീയക്കാര്‍ സ്വന്തം പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ സ്രേമിക്കുംപോള്‍ പാപം ജനങ്ങക്കാണ് അവരുടെ ജീവന്‍ നഷ്ടമാകുന്നത് ! ഒരു കലാപത്തിലും ഒരു നേതാവും മരിക്കില്ല്യ എന്നാ തിരിച്ചറിവ് ജനങ്ങള്‍ക്ക്‌ ഉണ്ടാവേണ്ടിയിരിക്കുന്നു !! നല്ലെഴുത്ത് !! ഇഷ്ടം !

 6. നല്ല കഥ കോയാ ഭായി. വല്ലാതെ നോവിച്ചു കടന്നുപോയി ഷമിയും രവിയും….

 7. ആകാശവും, ഭൂമിയും മൂകമായ ആ നിമിഷത്തിൽ ” എന്റെ മോനേ….” എന്ന നിലവിളിയുടെ പ്രതിധ്വനി മാത്രം മുഴങ്ങി കേട്ടു.
  പെറ്റുവളർത്തിയ മകനേയും പോറ്റിവളർത്തിയ മകനേയും നഷ്ടപ്പെട്ട ആ അമ്മയുടെ വിലാപം അന്തരീക്ഷത്തിലേക്കുയർന്ന് ലക്ഷോപലക്ഷം ഇരകളുടെ വിലാപവുമായ്‌ അന്നേരം ഇഴികിച്ചേരുന്നുണ്ടായിരുന്നു.

  മനോഹരമായ വരികൾ //////// ഇഷ്ട്ടം

 8. കഥയുടെ തുടക്കത്തില്‍ തന്നെ ഒരു വേദന അനുഭവപ്പെടുന്നുണ്ട്…രവിയുടെ മരണത്തോടെ ആ വേദന കഠിനമാകുന്നു….നാട്ടിന്‍ പുറവും നിഷ്കളങ്കമായ സ്നേഹവും ശരിക്കും അനുഭവിപ്പിച്ച്‌ വളരെ ലളിതമായി എഴുതി.അതിനുമപ്പുറം, ശരിക്കും മനസ്സില്‍ തട്ടും വിധം എഴുതിയിരിക്കുന്നു !

 9. ഇക്കാ…. ഇങ്ങനെ കുറെയേറെ മരണങ്ങള്‍ കണ്ട നാടാണ് കേരളം.. പേപിടിച്ച മനുഷ്യന്‍ എന്തിനിങ്ങനെ കുരയ്ക്കുന്നുവോ?? വായിച്ചിട്ടും വായിച്ചിട്ടും… മനസ്സാകെ നോവിച്ചുകൊണ്ട് ഇക്കാ,….. വളരെ ഇഷ്ടായി കഥ…

 10. ഇന്നേയുടെ അവസ്തകള്‍ ഇതൊക്കെതന്നെയല്ലെ .മനുഷ്യ ജീവനുകള്‍ക്ക് യാതൊരുവിധ വിലയും നല്‍കാതെ നാടിന്‍റെ ശാപമായ വര്‍ഗ്ഗിയവാദത്തിന്‍റെ പേരില്‍ അഴിഞ്ഞാടുന്നവര്‍ എത്രയോ പേരുടെ ജീവന്‍ ഉന്മൂലനം ചെയ്തിരിക്കുന്നു .ജീവന് പകരം ജീവന്‍ .രക്തത്തിന് പകരം രക്തം ഈ അവസ്തകള്‍ മാറേണ്ടിയിരിക്കുന്നു .

 11. എന്താ പറയുക….കഴിഞ്ഞ ദിവസം ഒരു ലിങ്കില്‍ കണ്ട ഒരു സംഭവം ഓര്‍മ്മ വന്നു….ഇവിടെ നടക്കുന്നതും ഇത്തരം സംഭവങ്ങള്‍ തന്നെ …സ്നേഹത്തിനു ജാതിയില്ല മതമില്ല ..എന്നിട്ടും അതൊന്നും മനസ്സിലാക്കാന്‍ ഈ വര്‍ഗ്ഗത്തിന് മാത്രം എന്തെ കഴിയുന്നില്ല……….ഇഷ്ട്ടപ്പെട്ടു ഒരുപാട്…

 12. വളരെ ഹൃദയ സ്പര്‍ശിയായ എഴുത്ത്.വര്‍ത്തമാനകാലത്തിലെ,ബലിയാടുകള്‍;ആര്‍ക്കോവേണ്ടി പിടഞ്ഞു മരിച്ചവര്‍.നഷ്ടപ്പെട്ടവര്‍ക്കേ;വേര്‍പാടിന്റെ-വേദന അറിയൂ.പോയവരോ പോയി;ഇനിയും ജീവിതങ്ങള്‍ വഴികളില്‍;ഇടറി വീഴാതിരിക്കട്ടെ.
  കഥാകൃത്തിനും,വെട്ടത്തിനും;ഭാവുകങ്ങള്‍-നേരുന്നു;സ്നേഹപൂര്‍വ്വം.. 🙂

 13. ഒളിപ്പോരുകള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുടുംബ ബന്ധങ്ങളുടെ തീവ്രത ഒക്കെ നന്നായി എഴുതിയിരിക്കുന്നു ഒലിപ്പുഴ എനിക്കിഷ്ടമായി ,,,കൂടുതല്‍ നല്ല രചന കള്കായി കാത്തിരിക്കുന്നു ,,,

 14. നന്നായിരിക്കുന്നു കോയക്കുട്ടി…കാലഘട്ടത്തിന്റെ മൂല്യച്യുതികൾ. മറ്റൊരുതലത്തിൽ അഗാധമായ ഉൾ സ്നേഹം എല്ലാം ഭംഗിയായി എഴുതിപിടിപ്പിച്ചിട്ടുണ്ട്. നിരപരാധികളും നന്മയുള്ളവരും ബലിയാടുകളാവുന്ന വിചിത്രമായ മനോരോഗം ബാധിച്ച സമൂഹം അതും വെളിവാകുന്നു. ആരെയൊക്കയോ ചൂണ്ടുന്നുണ്ട്. കാലത്തിന്റെ വഴിവിട്ടുള്ള പോക്ക് അതു തികച്ചും വ്യാകുലത സൃഷ്ടിക്കുന്നു. നന്മയുള്ളവർ നിസ്സഹായരാകുന്ന അവസ്ഥ. അഭിനന്ദനങ്ങൾ …ഭാവുകങ്ങൾ ….സ്നേഹപൂർവം

 15. വളരെ നന്നായിട്ട്ടുണ്ട് .ഹൃദയ സ്പർശിയായ കഥ. ശരിക്കും മനസ്സില്‍ തട്ടും വിധം എഴുതിയിരിക്കുന്നു ! എല്ലാ ഭാവുകങ്ങളും . സ്നേഹപൂര്‍വ്വം..
  പരി ……….

 16. ഏതു കാലത്തും പ്രസക്തമായ ഒരു കഥ ,നന്നായി പറഞ്ഞിരിക്കുന്നു !

 17. ഓണ്‍ ലൈനില്‍ കഥാകാരന്മാര്‍ വളരെ കുറവാണ് .ഉള്ളവരില്‍ ശ്രദ്ധേയനാണ് കോയ ഇക്ക .ഞാന്‍ വായിച്ച ഇദ്ദേഹത്തിന്‍റെ കഥകളെല്ലാം ഈ ലോകത്ത് മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല .ഇതുപോലുള്ള നല്ല എഴുത്തുകള്‍ ഇനിയും പിറക്കട്ടെ ..ആശംസകള്‍

 18. വരച്ചുകാട്ടിയത് ചുറ്റും നടന്നു കൊണ്ടിരിക്കുന്ന യാഥാർത്യങ്ങളുടെ നേർരേഖകളാണ് … അതു കൊണ്ടുതന്നെ വായനക്കാരന്റെ മനസ്സിൽ ഇടം പിടിക്കുന്നു ..ഭാവുകങ്ങൾ .. പലപ്പോഴും ഇത്തരം യാഥാർത്യങ്ങളുടെ പിന്നാമ്പുറങ്ങൾ ഇങ്ങിനെ ഒക്കെ തന്നെ ആകും.. നല്ല അവതരണം..ഇഷ്ട്ടം അറിയിക്കുന്നു … 🙂

 19. വായനക്കാരില്‍ തെല്ല്നേരം മനസ്സില്‍ നിന്നും മായാത്ത രംഗങ്ങള്‍ കോര്‍ത്തിണക്കി വളരെ ഭംഗിയായി താന്കള്‍ എഴുതി .
  രണ്ടു വ്യക്തികളുടെ ഹത്യ നടക്കുന്ന നേരത്ത് വായനക്കാരനും ആ വിജനമായ തെരുവില്‍ എത്തിപ്പെട്ടപോലെ പലപ്പോഴും തോന്നിപ്പോയി.
  നല്ല അവതരണം !
  മനുഷ്യ സമൂഹത്തിലെ ചെന്നായ്ക്കള്‍ ഇതൊക്കെ വായിക്കട്ടെ// എന്നിട്ട് ഒരാള്‍ക്കെങ്കിലും മനസ്സ് മാറിയാല്‍ അതൊരു പുണ്യമാണ് …
  അഭിനന്ദനങ്ങള്‍ …

 20. ഹൃദ്യമായ ആവിഷ്കാരം ……പ്രിയ കഥാകാരന് …ആശംസകൾ

 21. വ്യക്തമായ ചിത്രങ്ങള്‍ മനസ്സില്‍ വരുത്തുന്ന എഴുത്ത്……..നല്ല ശൈലി…..നല്ല കഥ……….ഇക്കാ………ഇനിയും പ്രതീക്ഷിക്കുന്നു

 22. കാലത്തോട് സംസാരിക്കുന്ന പ്രമേയം… നല്ല അവതരണം …… ആശംസകള്‍…

 23. പെറ്റുവളർത്തിയ മകനേയും പോറ്റിവളർത്തിയ മകനേയും നഷ്ടപ്പെട്ട ആ അമ്മയുടെ വിലാപം അന്തരീക്ഷത്തിലേക്കുയർന്ന് ലക്ഷോപലക്ഷം ഇരകളുടെ വിലാപവുമായ്‌ അന്നേരം ഇഴികിച്ചേരുന്നുണ്ടായിരുന്നു.*** മനസ്സാക്ഷി നഷ്ടപെട്ട ഒരു സമൂഹത്തിലാണ് സഹോദരരെ നമ്മള്‍ ജീവിക്കുന്നത്…..സ്വന്തം കീശവീര്‍പ്പിക്കാനും,സ്വന്തം കാര്യസാധ്യത്തിനുവേണ്ടി ഇരകളെ ഉണ്ടാക്കാനും ഒരു നേതാവിനും,സമുദായത്തിനും മടിയില്ല…….! ഇതൊക്കെ ഇങ്ങനെ തുടര്‍ന്ന് കൊണ്ടേയിരിക്കും…..!

  • ഹൃദയം നഷ്ടപ്പെട്ടവര്ക്കിടയിൽ പെട്ടു ജീവിതം നഷ്ടപ്പെടുന്നവരുടെ ഹൃദയസ്പർശിയായ കഥ.. നന്നായിപറഞ്ഞു.. അഭിനന്ദനങ്ങൾ <3

 24. പ്രസക്തമായ ഒരു കഥ നന്നായി എഴുതി വായനക്കും സുഖം ലെഭിച്ചു

  അഭിനന്ദനങ്ങൾ സുഹൃത്തെ !!

 25. കോയക്കുട്ടി ജി, കഥ വായിച്ചു . നല്ല വായന , നന്നായി എഴുതി . വര്‍ത്തമാന കാല സംസ്ക്കാരച്ചുതിയുടെ തുടര്‍ക്കഥ, ലളിതമായ കുറച്ചു വാക്കുകളിലൂടെ താങ്കള്‍ കരളലിയിക്കുന്ന വാങ്ങ്മയ ചിത്രങ്ങള്‍ വായനക്കാരുടെ മനോമുകരങ്ങളില്‍ വരച്ചിട്ടു പോകുന്നു. ഇവിടെ രവിയും ഷമീരും അവരുടെ അമ്മയും അനേകം വരുന്ന ഇരകളുടെ പ്രതീകങ്ങളാകുന്നു. നമുക്ക്മൂ നഷ്ട്ടമാവുന്ന സ്നേഹമാകുന്നു . നമ്മുടെ സംസ്ക്കാരമാവുന്നു. മൂല്യച്ചുതിയിലകപ്പെട്ട രാഷ്ട്രീയ മേല്‍ക്കോയ്മയുടെ, അരാഷ്ട്രീയ വാദികളുടെ ദുരഭിമാനത്തില്‍ നിസ്സാര കാര്യങ്ങള്‍ക്കു പോലും നിഷ്കളങ്കരായ സഹജീവികളുടെ ജീവന്‍ പണയപ്പെടുത്തുന്ന കാഴ്ചയും ബോധവും മനുഷ്യത്വവും നഷ്ടപ്പെട്ട യുവത്വം. സ്നേഹവും മാതൃത്വവും തിരിച്ചറിയാന്‍ കഴിയാത്ത പുതിയ തലമുറ. അവരെ പാലും പഴവും കൊടുത്ത ചെറു കൊട്ടേഷന്‍ സംഘങ്ങളായി വളര്‍ത്തുന്ന പുതിയ സംസ്ക്കാരം . ഇത്തരം കീടങ്ങളെ മുളയിലെ നുള്ളിക്കലയേണ്ട അധികാരികള്‍ ആര്‍ക്കൊക്കൊയോ വേണ്ടി നോക്കുകുത്തികാളാകുന്നുവോ? ഒടുവില്‍ അവര്‍ക്ക് തന്നെ ഇവര്‍ വലിയ വിനയായിവളരുന്നുവെന്നു അധികാരികള്‍ തിരിച്ചറിയാതെ പോവുന്നു . ഇവിടെ കഥാകൃത്ത്‌ “നാം എങ്ങോട്ട് എന്നു ഒരു ചോദ്യം” ഈ കഥയിലൂടെ നമ്മുടെ യുവതലമുറയോടു ചോദിക്കുന്നു ….. എഴുത്തിന്‍റെ വഴിയില്‍ തുടരുക , അഭിനന്ദങ്ങള്‍ , ആശംസകള്‍

 26. ഒന്നും പറയാനില്ല
  എവിടെയും ഒരു മുട്ടില്ല
  വായനക്ക് നല്ല ഒഴുക്ക്
  കാലികം നന്നായി ട്ടോ

 27. ജീവിതത്തില്‍ നിന്നും ഒരേട്…നന്നായിരിക്കുനു..

 28. ഹൃദയസ്പര്‍ശിയായ കഥ. ഇതൊക്കെത്തന്നെ അല്ലെ ഇന്ന് നടക്കുന്നത് .. ഒന്നും അറിയാത്ത എത്ര നിരപരാധികളാണ് നമ്മുടെ നാട്ടില്‍ കൊല ചെയ്യപ്പെടുന്നത്.. ഇതിനൊക്കെ എന്നാണു ഒരു അറുതി വരുക .. സുഹൃത്ത് കൊയക്കുട്ടീ…. വളരെ നന്നായിട്ടുണ്ട്.. ഇതേ തീമിലുള്ള കഥകള്‍ വായിച്ചിട്ടുണ്ടെങ്കിലും ഇതിലെ സരസമായ ഭാഷ എനിക്കിഷ്ട്ടപ്പെട്ടു.. വീണ്ടും എഴുതണം. എല്ലാ ഭാവുകങ്ങളും….

 29. നന്നായിട്ടുണ്ട്.
  ബന്ധങ്ങളുടെ വില ഉയരുവാന്‍ പ്രേരകമാവട്ടെ.
  അഭിനന്ദനങ്ങള്‍…

 30. സ്വന്തം രക്തബന്ധങ്ങളേക്കാൾ സ്നേഹംചൊരിഞ്ഞ സ്നേഹബന്ധം…പെറ്റമ്മയെക്കാൾ പോറ്റമ്മയെ സ്നേഹിച്ച് സ്വജീവൻ ബലികഴിക്കേണ്ടിവന്ന സുഹൃത്ത് ….മുറിവേറ്റ മനസ്സുമായി വിലാപം ഏറ്റുവാങ്ങുവാൻപോലും കഴിയാതെ ജാതിമതകോമരങ്ങളുടെ ബലിമൃഗങ്ങളാകേണ്ടിവന്ന മകൻ…പെറ്റമ്മയായും,പോറ്റമ്മയായും ജീവിച്ച് മക്കളുടെ രക്തം ഊറ്റിക്കുടിച്ച രക്തരക്ഷസ്സുകളുടെ നിറവും മണവും മനസ്സിലാക്കുവാനകാതെ
  നിസ്സഹായതയോടെ നോക്കിനില്ക്കേണ്ടിവന്ന മാതാവ്‌ …ഹൃദയസ്പര്‍ശിയായ കഥ ,എഴുത്ത് …അഭിനന്ദനങ്ങൾ കോയാജി …

 31. വളരെ കൃത്യതയോടെ ഓരോ ഭാഗങ്ങളും കോര്‍ത്തിണക്കി..അല്‍പ്പം ഭീതിയോടെയാണ് വായിച്ചു തീര്‍ത്തത്..നന്നായിരുന്നു കോയക്കാ..താങ്കളുടെ തൂലികയില്‍ പിറക്കുന്ന വാക്കുകള്‍ മോശമാകാറില്ല..എല്ലാ വിധ ആശംസകളും നേരുന്നു..

 32. .വളരെ നന്നായി കൊയാജി എഴുതി ജാതിമത രാഷ്ട്രീയ കോമരങ്ങള്‍ നിറഞ്ഞാടുമ്പോള്‍ അനാഥമായി പോകുന്ന ‘ ബാകിയുള്ളവര്‍ ‘ നൊമ്പരമായി ..

 33. മാനവീകതയുടെ ഉണർത്തുപാട്ട്‌ ഏകത്വമെന്ന മനുഷ്വ സ്വപ്നം .. ആരും അനാധരാവുന്നില്ലായെന്ന ഓർമ്മപ്പെടുത്തൽ .വളരെ ഹൃദ്യമായി എഴുതി
  ഭായ്‌ നന്നായി

Leave a Reply

Your email address will not be published.


*


*