പാതിരാ സൂര്യന്റെ നാട്ടില്‍ _ബിന്ദു ജയകുമാര്‍

2010 ജൂലൈ 29 നു ഒരു സായാഹ്നത്തില്‍ ബാള്‍ട്ടിക് കടലും കടന്നു സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ ഹോമില്‍ എത്തിചേരുമ്പോള്‍ സമയം 7 മണി കഴിഞ്ഞിരുന്നു. ആല്‍ഫ്രഡ്‌ നോബലിന്റെ ജന്മദേശം എന്നതൊഴിച്ചാല്‍ കൂടുതല്‍ അറിവൊന്നും സ്വീഡന്‍ എന്ന രാജ്യത്തെ കുറിച്ച് എനിക്കുണ്ടായിരുന്നില്ല.

ലോകത്തിന്റെ അങ്ങേയറ്റത്ത്‌ ഉത്തരധ്രുവ പ്രദേശത്തോടു ചേര്‍ന്ന് പച്ച പൈന്‍കാടുകളും , തടാകങ്ങളും നിറഞ്ഞ ഒരു രാജ്യം. നോര്‍വേയുടെയും, ഫിന്‍ലന്‍ഡിന്റെയും മദ്ധ്യേ ആണ് സ്വീഡന്‍. ഒന്‍പതു കോടിയില്‍ അധികം വരുന്ന ജനങ്ങളില്‍ അധികവും ഉയര്‍ന്ന ജീവിത നിലവാരം ഉള്ളവരാകുന്നു. ജോലി സംബന്ധമായാണ് ഞങ്ങള്‍ സ്വീഡനില്‍ എത്തുന്നത്. ആര്‍ട്ടിക് പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ഇവുടുത്തെ കൊടും ശൈത്യത്തെ എങ്ങിനെ അതിജീവിക്കും എന്നൊരു ഉത്കണ്ടയും ഇല്ലാതിരുന്നില്ല.

ടാക്സി ഡ്രൈവര്‍ പുറത്ത് കാത്തു നിന്നിരുന്നു. സ്റ്റോക്ക്‌ഹോമില്‍ നിന്നും രണ്ടു മണികൂര്‍ എങ്കിലും ടാക്സിയില്‍ യാത്ര ചെയ്യണം ഞങ്ങള്‍ താമസിക്കുവാനായി പോകുന്ന ഫാഗസ്റ്റയിലേക്ക് എത്തിച്ചേരുവാന്‍. പെട്ടിയും മറ്റും എടുത്തു കാറില്‍ കയറി. ഡ്രൈവര്‍ നന്നായി ഇഗ്ലീഷ്സംസാരിച്ചിരുന്നു. സമയം 8 മണി ആയിരുന്നെങ്ങിലും നല്ല സൂര്യപ്രകാശം ഉണ്ടായിരുന്നു. പകല്‍ വെളിച്ചത്തിലും വാഹനങ്ങള്‍ ഹെഡ് ലൈറ്റുകള്‍ ഉപയോഗിച്ചിരുന്നു. കൃത്യമായ അകലം പാലിച്ചാണ് എല്ലാവരും വാഹനങ്ങള്‍ ഓടിച്ചിരുന്നത്. രാജ്യത്തെ നിയമങ്ങള്‍ എല്ലാം കൃത്യമായി പാലിക്കുന്ന ഒരു ജനവിഭാഗം ആണ് സ്വീഡിഷുകാര്‍ എന്നു തുടക്കത്തിലെ മനസ്സിലാക്കാം.
വേനല്‍ക്കാലം ആയിരുന്നെങ്കിലും സുഖശീതളമായ ഒരു കാലാവസ്ഥ ആയിരുന്നു. മെയ്‌ മുതല്‍ ജൂലൈ ഓഗസ്റ്റ്‌ വരെ ആണ് വേനല്‍ക്കാലം. അര്‍ത്ഥരാത്രി വരെ നീളുന്ന പകല്‍ വെളിച്ചം യൂറോപ്പിലെ ഏറ്റവും ഉത്തര ഭാഗത്തുള്ള രാജ്യങ്ങളുടെ (നോര്‍വേ, സ്വീഡന്‍, ഫിന്‍ലന്‍ഡ്‌) പ്രത്യേകത ആണ്.

റോഡിന്‍റെ ഇരു വശങ്ങളിലും പൈന്‍ മരങ്ങള്‍ നിറഞ്ഞ നിബിഡ വനങ്ങള്‍ മാത്രം ,അവിടിവിടെ ആയി ഓടുകള്‍ മേഞ്ഞ മരം കൊണ്ടുണ്ടാക്കിയ വീടുകളും , കുതിരാലയങ്ങളും , ഫുട്ബോള്‍ ഗ്രൌണ്ടുകളും , ചെറു പട്ടണങ്ങളും കാണാം. ഇടയ്ക്കെല്ലാം വീടുകള്‍ കാണുന്നുണ്ടെങ്കിലും ആള്‍താമസം ഉള്ളതായി തോന്നുകയില്ല. നിരത്തുകളില്‍ ചില സൈക്കിള്‍ യാത്രക്കാരെ അല്ലാതെ കാല്‍നട യാത്രക്കാരേ ഒന്നും കാണുന്നുണ്ടായിരുന്നില്ല . റോഡിന്റെ ഇരു വശത്തും സൈക്കിള്‍ യാത്രക്കാര്‍ക്കും, കാല്നടയാത്രക്കാര്‍ക്കും പോകുവാന്‍ പ്രത്യേകം പാതകള്‍ കാണാം. നല്ല വൃത്തിയുള്ള നടപ്പാതകള്‍ ആയിരുന്നു എല്ലായിടത്തും. ഇടക്കിടയ്ക്കായി കാണുന്ന വയലുകളില്‍ ബാര്‍ലിയും, ഗോതമ്പും, ഉത്തരേന്ത്യക്കാര്‍ റായ് എന്ന് വിളിക്കുന്ന ചെറിയ കടുകും കൃഷി ചെയ്തിരിക്കുന്നതായി കണ്ടു. റാപ്സ് എന്നാണ് ഇതിന്റെ പേര് ,മഞ്ഞ പട്ടു വിരിചിട്ടപോലെ പോലെയുള്ള റാപ്സ് വയലുകള്‍ വളരെ മനോഹരമായിരുന്നു. കന്നുകാലികള്‍ക്ക് കൊടുക്കാന്‍ വിളവെടുപ്പ് കഴിഞ്ഞ ചില വയലുകളില്‍ പുല്ക്കെട്ടുകള്‍ ഭംഗിയായി ഉരുട്ടി വെച്ചിരിക്കുന്നത് കണ്ടു. ഹേമന്ത കാലത്തേക്കു കന്നുകാലികള്‍ക്കുള്ള പുല്ലു ശേഖരിച്ചു വെയ്ക്കുന്നതാണത്രെ ഇത്. ഈ തീറ്റപുല്‍ കൃഷി ചെയ്തു ഉണ്ടാക്കുന്നു. കൂടാതെ ഉരുളക്കിഴങ്ങും , കാരറ്റും, ബീറ്റ്റൂട്ടും മറ്റും കൃഷിയിനങ്ങള്‍ ആണ്.

യാത്രയ്ക്കിടയില്‍ ഞങ്ങള്‍ ഡ്രൈവറോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. സ്വീഡന്‍ എന്ന രാജ്യത്തെ സ്വെറിയെ എന്നും ജനങ്ങളെ സ്വെന്‍സ്കര്‍ എന്നുമാണ് വിളിച്ചിരുന്നത്‌.
രാജ്യത്തിന്റെ 70% കാടുകളാണ്, ഒരു ലക്ഷത്തോളം തടാകങ്ങളും ഉണ്ട് . ചെറുതും വലുതുമായ സ്ഫടികംജലം നിറഞ്ഞ അനേകം തടാകങ്ങള്‍ ഇടയ്ക്കിടയ്ക്ക് കാണാം. 5519 കിലോമീറ്ററോളം വിസ്തീര്‍ണ്ണം ഉള്ള വാനേന്‍ ആണ് ഏറ്റവും വലിയ തടാകം. .
വനങ്ങളില്‍ അധികവും പൈന്‍ മരങ്ങളും , ബര്‍ച് മരങ്ങളും ആണ്. ഫര്‍ണിച്ചര്‍ നിര്‍മ്മിക്കുവാന്‍ ഏറ്റവും അനുയോച്യമായ മരങ്ങള്‍ ആണ് ബര്‍ച്ച് മരങ്ങള്‍. ”എല്‍ക്ക്” എന്ന് വിളിക്കപെടുന്ന കടമാന്‍ ആണ് കാടുകളിലെ രാജാവ്. 700 -800 കിലോ വരെ ഭാരം ഉള്ള എല്ക്ക് മാനുകള്‍ വരെയുണ്ട് .കരടികള്‍ ഒഴിച്ചാല്‍ മറ്റു വന്യമൃഗങ്ങള്‍ ഒന്നും തന്നെ ഇല്ല., നരി, മുയല്‍, മാന്‍ തുടങ്ങിയവയും കാടുകളില്‍ കാണപ്പെടുന്നു. വിഷമുള്ള പാമ്പുകളോ ഈ വര്‍ഗത്തില്‍ പെട്ട മറ്റു ഇഴ ജന്തുക്കളോ ഒന്നും തന്നെ വനങ്ങളില്‍ ഇല്ല. ഇടയ്ക്കൊക്കെ ഇടതൂര്‍ന്ന വനപ്രദേശങ്ങള്‍ കാണാം. എന്നാല്‍ ചിലയിടങ്ങളില്‍ വെച്ച് പിടിപ്പിച്ചത് പോലെ നിരയൊത്ത വനപ്രദേശങ്ങളും കാണാനായി. സ്വകാര്യ വ്യക്തികള്‍ സ്ഥലം പാട്ടത്തിനെടുത്തു വനം വളര്‍ത്തുന്ന ഒരു പ്രക്രിയ ആണ് അതെന്നു ഡ്രൈവര്‍ പറഞ്ഞു തന്നു. മുറിച്ചു മാറ്റപെടുന്ന മരങ്ങളില്‍ ഒരു ഭാഗം ജനകീയ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്, ഹേമന്ത കാലങ്ങളില്‍ ചൂടിനു വേണ്ടി വീടുകളില്‍ കത്തിക്കുവാനും, ബാക്കി പേപ്പര്‍ നിര്‍മാണത്തിനും വേണ്ടി ഉപയോഗിക്കുന്നു.

ഇരുമ്പു, ചെമ്പു , തടി എന്നിവയുടെ കയറ്റുമതിയില്‍ പേരുകേട്ട രാജ്യം ആയിരുന്നു സ്വീഡന്‍.രാജ്യത്തിന്റെ വരുമാനത്തില്‍ ഏറെയും തടിയുടെ കയറ്റുമതിയില്‍ നിന്നും ലഭിക്കുന്നു. വലിയ ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനം ആണ് സ്വീഡന്റെ ഐക്കിയ. (IKEA). ദുബായ് അടക്കം പല രാജ്യങ്ങളിലും പ്രസിദ്ധമാണ് ഐക്കിയ.

ഏകദേശം ഒന്നര മണിക്കൂര്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ വെസ്തരൂസ് എന്ന കുറച്ചു വലിയൊരു പട്ടണത്തില്‍ എത്തിച്ചേര്‍ന്നു.. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ ഭക്ഷണം കഴിക്കുവാനായി ഞങ്ങള്‍ ഒരു രേസ്റൊരന്റില്‍ കയറി. വലിയ തിരക്കൊന്നും അവിടെയും കണ്ടില്ല. എന്ത് കഴിക്കും എന്ന് ആലോചിച്ചുകൊണ്ട്‌ മെനു കാര്‍ഡ് എടുത്തു നോക്കി. സ്വീഡിഷ് ഭാഷയില്‍ ആയിരുന്നകൊണ്ട് വ്യക്തമായി ഒന്നും മനസ്സിലാകുവാന്‍ സാധിച്ചില്ല. ഇഗ്ലീഷ് ഭാഷയോട് ഏറെക്കുറെ സാമ്യം ഉള്ള ഒരു ഭാഷയാണ് സ്വീഡിഷ് ഭാഷ എന്ന് തോന്നി .ചിക്കന്‍ നഗ്ഗെട്സ് (റൊട്ടിപൊടിയില്‍ മുക്കി വറുത്ത ചിക്കന്‍) ഓര്‍ഡര്‍ ചെയ്ത ശേഷം ഞങ്ങള്‍ പുറത്തിട്ടിരുന്ന മരബെഞ്ചില്‍ ഇരുന്നു, അപ്പോഴും സൂര്യന്‍ അതിന്റെ ഉച്ചസ്ഥായിയില്‍ തന്നെ ആയിരുന്നു.

ഭക്ഷണത്തിനു ശേഷം വീണ്ടും ഞങ്ങള്‍ യാത്ര തിരിച്ചു. 67 മൈല്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ ദൂരെ വലിയൊരു തടാകത്തിന്റെ മറുഭാഗത്ത് ഫാഗസ്റ്റ കാണായി.
നിരത്തുകളൊക്കെ ശൂന്യമായിരുന്നു, വാഹനങ്ങളോ, യാത്രക്കാരോ ഒന്നും തന്നെ കാണുന്നില്ല. ഫ്ലാറ്റില്‍ എത്തിച്ചേര്‍ന്നപ്പോള്‍ രാത്രി 10 മണി കഴിഞ്ഞിരുന്നു . പെട്ടികളും മറ്റും എടുത്തു വെയ്ക്കുവാന്‍ ഡ്രൈവര്‍ ഞങ്ങളെ സഹായിച്ചു.സൂര്യന്‍ അസ്തമിചെങ്കിലും വെളിച്ചം മാഞ്ഞിരുന്നില്ല നല്ല ക്ഷീണം ഉണ്ടായിരുന്നതിനാല്‍ വെളിച്ചത്തെ മറയ്ക്കാനായി തലവഴി പുതപ്പു വലിച്ചിട്ടു കിടന്നുറങ്ങി.പ്രഭാത സൂര്യനെ കണ്ടുകൊണ്ടു കണ്ണ് തുറന്ന് ക്ലോക്കില്‍ നോക്കി സമയം 4 മണി. വീണ്ടും കിടന്നുറങ്ങി. (പുലര്‍ച്ചെ നാല് മണിക്ക് സൂര്യനെ കാണാന്‍ പറ്റുക എന്ന കാര്യം നമുക്ക് ഇന്ത്യക്കാര്‍ക്ക് ഊഹിക്കാന്‍ പോലും പറ്റില്ലല്ലോ..)

ഗ്രാമാന്തരീക്ഷം ഉള്ള വളരെ ചെറിയൊരു പ്രദേശം ആയിരുന്നു ഫാഗസ്റ്റ, രണ്ടുമൂന്നു സൂപ്പര്‍ മാര്‍ക്കറ്റുകളും , ഏറെ ആള്‍ത്തിരക്കില്ലാത്ത കുറെ കടകളും മാത്രമേ അവിടെ ഉണ്ടായിരുന്നുളൂ.നിരത്തുകളില്‍ ഏറെയും പ്രായമുള്ള ആളുകള്‍ ആയിരുന്നു. പ്രായമുള്ള ആളുകള്‍ ഏറെയുള്ള സ്വീഡനിലെ ഒരു മുസിപാലിറ്റി ആണത്രേ ഫാഗസ്റ്റ. പ്രായം ചെന്നവര്‍ക്ക് സമൂഹത്തില്‍ ഏറെ ബഹുമാനവും കൊടുക്കുന്നവരാണ് സ്വെന്‍സ്കര്‍. കൂടാതെ അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പരീശീലന കേന്ദ്രങ്ങളും അതിനു വേണ്ട സഹായങ്ങളും നല്‍കി പോരുന്ന ലോകത്തെ ഏറ്റവും മികച്ച രാജ്യമായി സ്വീഡനെ കണക്കാക്കിയിട്ടുണ്ട്.

പ്രധാനമായും 25 പ്രവിശ്യകളായിട്ടാണ് (സ്റ്റേറ്റ്) രാജ്യത്തെ തിരിച്ചിരിക്കുന്നുന്നതു. ഫാഗസ്റ്റ വാസ്തമാന്‍ലാന്‍ഡ്‌ എന്ന പ്രവിശ്യയില്‍ ആകുന്നു. നമ്മള്‍ നാട് എന്ന് പറയുന്ന പോലാണ് ഇവിടെ ലാന്‍ഡ്‌ എന്നാ വാക്ക് ഉപയോഗിക്കുന്നത്. 290 മുന്‍സിപാലിറ്റികള്‍ രാജ്യത്തുണ്ട്. കമ്യൂണ്‍ എന്നാണു മുന്‍സിപാലിറ്റിയ്ക്ക് പറയുന്നത്. ഓരോ പ്രദേശങ്ങളുടെയും ചുമതല കംമ്യൂണുകള്‍ക്കാണ്. അഴിമതിരഹിതരാജ്യങ്ങളില്‍ മുന്‍നിരയില്‍ ആണ് സ്വീഡന്റെ സ്ഥാനം.

മത സ്വാതന്ത്ര്യം വിഭാവന ചെയ്യുന്ന ഒരു ഭരണഘടന ആണ് സ്വീഡന്റെ. ഭൂരിപക്ഷം ആളുകളും മതവിശ്വാസം ഇല്ലാത്തവരാണ്. ദൈവം ഇല്ലെന്ന അഭിപ്രായം ഏറെ പേര്‍ക്കും ഉള്ളത്. നിങ്ങള്‍ ബൈബിള്‍ വായിക്കാറുണ്ടോ അതിലും എത്രയോ നല്ല പുസ്തകങ്ങള്‍ വായിക്കാനുണ്ട് എന്ന ഒരു മറുപടി ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക .രാജ്യത്തെ ജനങ്ങളില്‍ പകുതിയില്‍ അധികം പേരും ലുഥറന്‍സ് എന്ന പ്രൊട്ടസ്റ്റന്റ്റ് (കത്തോലിക്കാ സഭയില്‍ നിന്നും വേര്‍പെട്ട ക്രിസ്തീയ വിഭാഗക്കാര്‍) വിഭാഗക്കാരാണ് .2% മാത്രം കത്തോലിക്കരും 1% ഓര്‍ത്തഡോക്സും ബാക്കി മറ്റു വിഭാഗക്കാരും ആണ്.പള്ളികളില്‍ പൊതുവേ ആരും പോകാറില്ല. വിവാഹ നടത്തുന്നതിനോ മറ്റു ചടങ്ങുകള്‍ക്കോ മാത്രം ആണ് പള്ളികളില്‍ ആളുകള്‍ എത്തുന്നത്‌. പള്ളികളില്‍ പുരുഷനും സ്ത്രീയും പൌരോഹത്യം വഹിക്കുന്നു .ചില പള്ളികളുടെ ഭാഗങ്ങള്‍ റസ്റ്റോരന്റുകള്‍ ആയും പ്രവര്ത്തിക്കുന്നത് കാണാം.
കുറച്ചു ദിവസങ്ങള്‍ക്കകം കുട്ടികള്‍ രണ്ടു പേരെയും സ്കൂളില്‍ ചേര്‍ത്തു.ഇഗ്ലീഷ് സ്കൂളുകള്‍ ഇല്ലാതിരുന്നതിനാല്‍ സ്വീഡിഷ് ഭാഷ തന്നെ പഠിപ്പിക്കുവാന്‍ തീരുമാനിച്ചു .ആദ്യകുറെ ദിവസങ്ങളില്‍ ഭാഷ ഒരു പ്രശ്നം തന്നെ ആയിരുന്നു അവര്‍ക്ക്. അദ്ധ്യാപകരില്‍ പലരും ഞങ്ങളോട് ഇഗ്ലീഷ് ഭാഷയില്‍ സംസാരിച്ചു.നല്ല ഉച്ചാരണശുദ്ധി, എന്നാല്‍ ഇന്ത്യക്കാരെല്ലാം നല്ലവണ്ണം ഇഗ്ലീഷ്സംസാരിക്കുന്നവരാണ്‌ എന്ന ഒരു ധാരണ അവര്‍ക്കുണ്ടായിരുന്നത് കൊണ്ടു ഞങ്ങളോട് സംസാരിക്കാന്‍ നേരിയ വിമുഖത അവര്‍ക്കുള്ളത് പോലെ തോന്നി.നിഷ്കളങ്കരായ അവര്‍ ഞങ്ങളോട് അത് തുറന്നു പറയുകയും ചെയ്തു.

ഏഴുവയസ്സ് മുതല്‍ക്കാണ് പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത്. വിദ്യാലയങ്ങള്‍ എല്ലാം തന്നെ ഗവര്‍മെന്റിന്റെ കീഴിലാണ്. മുന്സിപാലിറ്റികള്‍ക്ക് ആണ് ഇതിന്റെ മുഴുവന്‍ ചുമതലയും , വിദ്യാലയലങ്ങളില്‍ ഉച്ചഭക്ഷണം സൌജന്യമായും കൊടുത്ത് വരുന്നു.നമ്മുടെ പോലെ തന്നെ സെക്കണ്ടറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല പ്രവേശനത്തിന് നിര്‍ബന്ധമാണ്.
നല്ല വായനാശീലം ഉള്ളവരാണ് സ്വെന്‍സ്കര്‍. ഓരോ മുന്സിപാലിറ്റിയുടെ കീഴിലും വളരെ വിപുലവും , മനോഹരവുമായ ലൈബ്രറികള്‍ ഉണ്ടാകും. സാഹിത്യത്തില്‍ നോബല്‍ സമ്മാനം ലഭിച്ചവരും ഇവിടെ കുറവല്ല. വിശ്വ സാഹിത്യ കൃതികളില്‍ ഏറെയും സ്വീഡിഷ് ഭാഷയില്‍ തര്‍ജമ ചെയ്തിട്ടുണ്ട്.
ഔദ്യോഗികഭാഷ സ്വീഡിഷ് ആയതിനാല്‍ ഭാഷാപഠനം വളരെ അത്യാവശ്യം ആണെന്ന് കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ എനിക്ക് മനസ്സിലായി. സര്‍ക്കാര്‍ സൗജന്യമായി നടത്തി വരുന്ന എസ് എഫ് ഐ (സ്വെന്‍സ്ക ഫോര്‍ ഇമിഗ്രന്റ്സ്) എന്ന ഭാഷാ പഠന ക്ലാസില്‍ ചേരുവാന്‍ ഞാന്‍ നിശ്ചയിച്ചു. വിവിധ ദേശങ്ങളില്‍ നിന്നും ആളുകള്‍ അവിടെ ഭാഷ പഠിച്ചിരുന്നു.

സൊമാലിയക്കരായിരുന്നു ഏറെപേരും; നീളമുള്ള പാവാടയും, ജമ്പരും ആയിരുന്നു സോമാലിയന്‍ സ്ത്രീകളുടെ വേഷം. ഷാള്‍ കൊണ്ട് ശിരസ്സു മറച്ചിരുന്നു. ഇന്ത്യന്‍ സിനിമകളുടെ ആരാധര്‍ ആണ് സോമാലിയക്കാര്‍. അതുകൊണ്ട് തന്നെ എന്നോട് ഏറെ വിശേഷങ്ങള്‍ ഇന്ത്യയെ പറ്റി ചോദിക്കുവാന്‍ അവര്‍ക്ക് ഉണ്ടായിരുന്നു. അബ്ദി എന്ന സൊമായിയന്‍ വിദ്യാര്‍ത്ഥി നന്നായി ഇഗ്ലീഷ് സംസാരിച്ചിരുന്നു , സോമാലിയയിലെ പ്രശങ്ങളെ പറ്റി കുറച്ചു അയാള്‍ നേരം എന്നോട് സംസാരിച്ചു . ബോളിവുഡ് സിനിമകളെ കുറിച്ചറിയാന്‍ ആയിരുന്നു കക്ഷിയ്ക്ക് ഏറെ താല്പര്യം .സൊമാലിയയുടെ തെരുവോരങ്ങളില്‍ കൂടി നടന്നാല്‍ നിങ്ങള്‍ക്ക് ഹിന്ദി സിനിമ ഗാനങ്ങള്‍ കേള്‍ക്കാം എന്നയാള്‍ പറഞ്ഞു. ഷാരൂഖ്‌ ഖാനും അമീര്‍ ഖാനും അടങ്ങിയ പുതു തലമുറ ആണ് ഏറെപെരുടെയും ഇഷ്ട താരങ്ങള്‍. പല ഹിന്ദി സിനിമകളും സോമാലിയന്‍ ഭാഷയിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇറാനികള്‍ അടക്കമുള്ള മറ്റു ചിലര്‍ക്ക് അമിതാഭ് ബച്ചനോടാണ് ആണ് പ്രിയം. എന്തായാലും ഇന്ത്യന്‍ സിനിമകളോട് മറ്റു രാജ്യക്കര്‍ക്കുള്ള അഭിനിവേശം എന്നെ അതിശയിപ്പിച്ചു കാരണം ഞാന്‍ ഹിന്ദി സിനിമകളൊന്നും ഏറെ കാണുമായിരുന്നില്ല.

ഇറാന്‍,തുര്‍ക്കി, ഇറാക്ക് ലെബനന്‍, സുഡാന്‍, ഏറിത്രിയ, കെനിയ, മൊറോക്കോ, തായ്‌ലാന്ഡ്, വിയറ്റ്നാം, ഫിലിപൈന്‍, ബ്രസില്‍, പോളണ്ട് മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നൊല്ലാം നിരവധി പേര്‍ അവിടെ ഭാഷ പഠിച്ചിരുന്നു . ഇന്ത്യക്കാരി ആയി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുളൂ .ജോലി ചെയ്യുന്നവര്‍ക്കായി സായാഹ്ന ക്ലാസുകളും നടത്തിയിരുന്നു. മറ്റു രാജ്യങ്ങളുടെ ഭാഷ, സംസ്കാരം, വേഷം ഇവയെല്ലാം മനസ്സിലാക്കുവാന്‍ സാധിച്ചത് ഒരു ഭാഗ്യമായി എനിക്ക് തോന്നി.
ഇഗ്ലീഷ്‌ അക്ഷരമാല തന്നെ ആയിരുന്നു സ്വീഡിഷ് ഭാഷയിലും ഉപയോഗിച്ചിരുന്നത്, അതുകൊണ്ട് ഭാഷ പഠനം എനിക്ക് കുറച്ചുകൂടി എളുപ്പമായി തോന്നുകയും ചെയ്തു. മിക്ക വാക്കുകളും ഇഗ്ലീഷ് വാക്കുകളോട് സാമ്യം തോന്നിച്ചിരുന്നു വെങ്കിലും ഉച്ചാരണം വ്യത്യസ്തമായിരുന്നു.

എന്തെങ്ങിലും ജോലി നേടാനാകും എന്ന വിശ്വാസത്തോടെ അഡീ ക്കോ എന്ന റിക്രൂട്ട്മെന്റ് കമ്പനിയില്‍ ഞാന്‍ പേര് രജിസ്റ്റര്‍ ചെയ്തു. അവിടെ വെച്ച് കമ്പനിയുടെ ഇന്‍ ചാര്‍ജ് ആയ തോമസ്‌ ലാനര്‍ എന്ന വ്യക്തിയെ പരിച്ചയപ്പെട്ടു .ഒരു തവണ ഇന്ഗ്ലീഷില്‍ ഇന്റര്‍വ്യൂ നടത്തിയ ശേഷം ഭാഷപഠനം നിര്‍ബന്ധം ആണെന്ന വസ്തുത അറിയിച്ചു കൊണ്ട് എന്നെ മടക്കി അയച്ചു.
പിന്നീടു ഞാന്‍ എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിലും പേര്‍ രജിസ്റ്റര്‍ ചെയ്തു.ഇടയ്ക്ക് മിത്ത് യുണിവെസ്ടി (മിഡ് യുനിവേര്സിറ്റി) യുടെ ഒരു പ്രവേശന പരീക്ഷക്കായി അപേക്ഷ അയച്ചു അതിനു വേണ്ടി 67 കിലോമീറ്റര്‍ അകലെ ഉള്ള വെസ്തരൂസ് എന്ന വലിയ പട്ടണത്തിലേക്ക് ആദ്യമായി ട്രെയിന്‍യാത്ര ചെയ്തത്. ഒരൊറ്റ കംപാര്‍ട്ട്മെന്റ് മാത്രം ഉള്ള അകം ശീതീകരിച്ച ട്രെയില്‍. ടിക്കറ്റ്‌ അകത്തു നിന്ന് തന്നെ വാങ്ങാം.ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോള്‍ കുറച്ചൊരു അങ്കലാപ്പ് തോന്നാതെ ഇരുന്നില്ല എങ്കിലും ഒരു മണികൂര്‍ നീണ്ട ആ ട്രെയിന്‍ യാത്ര വളരെ രസകരമായിരുന്നു.
ഭാഷ വേണ്ടത്ര വശമാകാത്തതുകൊണ്ട് കൊണ്ട് സ്വെന്‍സ്കയില്‍ ഉള്ള മിഡ് യൂണിവേര്‍സിറ്റിയുടെ ആ പ്രവേശന പരീക്ഷയിലും നിരാശ ആയിരുന്നു ഫലം.

ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ വളരെയേറെ വ്യക്തികളെ ഞാന്‍ നേരിട്ട് പരിചയപെട്ടു .പാര്‍ക്കിലും, പൊതുസ്ഥലങ്ങളിലും എല്ലാം വളരെ പ്രസന്ന മുഖഭാവത്തോടെ ഉള്ള ആളുകള്‍. വളരെ ക്ഷമാശീലമുള്ളവര്‍ ഉള്ളവരാണ് സ്വെന്‍സ്കര്‍ എന്നും മനസ്സിലാക്കാം. വളരെ നല്ല പെരുമാറ്റവും, സഹകരണവും എവിടെയും ദൃശ്യമാണ്. സ്ത്രീകളില്‍ പലരും പുക വലിക്കുന്നതായി കണ്ടു. പുരുഷന്മാരെക്കല്‍ കൂടുതല്‍ സ്ത്രീകള്‍ പുകവലിക്കുന്ന ഒരു രാജ്യമാണ് സ്വീഡന്‍.
ഫാഗസ്റ്റയില്‍ സ്ഥിരതാമസം ആക്കിയ ആദ്യത്തെ ഇന്ത്യന്‍ കുടുംബവും, ആദ്യ മലയാളി കുടുംബവും ആയിരുന്നു ഞങ്ങളുടേത്, ഒരുപക്ഷെ അവിടുത്തുകാര്‍ ആദ്യമായി കാണുന്ന മലയാളികളും ഞങ്ങള്‍ ആകാം.നാട്ടിന്‍പുറത്തിന്റെ എല്ലാ വിശുദ്ധിയും ഉള്ള പ്രദേശം ആകയാല്‍ ഏറെ തിരക്കില്ലാത്ത ഒരു ജീവിത ശൈലി ഉള്ള ആളുകളാണ് ഫാഗസ്റ്റക്കാര്‍ എന്ന് തോന്നി. പരിഷ്കാരത്തിന്റെ കടന്നുകയറ്റം ഒട്ടും മോശമാക്കാത്ത ആളുകള്‍ ആയിരുന്നു സ്വെന്‍സ്കര്‍. പട്ടണത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു തടാകങ്ങളുടെ തീരങ്ങളിലും വന പ്രദേശത്തോടു ചേര്‍ന്ന് വീടുകള്‍ ഉണ്ടാക്കി ജീവിക്കുവാനാണ് അധികം പേരും ഇഷ്ടപെടുന്നത്. ഒഴിവു സമയങ്ങളില്‍ തടാകങ്ങളില്‍ നിന്ന് മീന്‍ പിടിക്കയും, വാട്ടര്‍ സ്കേറ്റിംഗ് പോലുള്ള ജല വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ചിലര്‍ മത്സ്യങ്ങളെ ചൂണ്ടയിട്ടു പിടിക്കയും തിരിച്ചു വെള്ളത്തിലേക്ക് തന്നെ തന്നെ വിടുകയും ചെയ്യുന്നതും കാണാം.
.
വളരെ അധ്വാനശീലര്‍ കൂടിയായ ഇവര്‍ എന്ത് കഠിനമായ ജോലിയും ചെയ്യും. ജീവിക്കാനുള്ള വരുമാനം ഉണ്ടെങ്കില്‍ യാതൊരു ജോലിയും ചെയ്യാന്‍ തയ്യാറാകാത്തവരാണല്ലോ നമ്മളില്‍ അധികം പേരും എന്ന കാര്യം അപ്പോള്‍ മാത്രം ആണ് എനിക്ക് ഓര്മ വന്നത്. ശരീര വ്യായാമം പലര്‍ക്കും ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആണ് . എല്ലാ ജോലികളും സ്വയം ചെയ്യുന്ന ഇവര്‍ താമസിക്കുന്ന വീടുകള്‍ പോലും സ്വന്തമായി ഉണ്ടാക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ വിദ്യഭ്യാസവും ലഭിക്കുന്നതുകൊണ്ടാണിത്.

അടിസ്ഥാന ഭാഷാ പഠനത്തിനു ശേഷം വീണ്ടും തുടര്‍ന്ന് പഠിക്കുവാന്‍ തീരുമാനിച്ചു സ്വീഡനില്‍ ജീവിക്കേണ്ടി വരുന്ന ഓരോ പൌരനും അവിടുത്തെ നിയമങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത് വളരെ അതാവശ്യമാണ്. രാജ്യത്തെ കുറിച്ച കൂടുതല്‍ മനസ്സിലാക്കാന്‍ തുടര്‍ പഠനം എന്നെ സഹായിച്ചു. രാജ്യത്തെ നിയമങ്ങള്‍ ഓരോ പൌരനും കര്‍ശനമായി പാലിച്ചിരിക്കണം എന്ന് നിര്‍ബന്ധം ആണ്. നിയമങ്ങളില്‍ ചിലത് ഞാനിവിടെ വിവരിക്കുന്നു……….. മറ്റു രാജ്യങ്ങളില്‍ നിന്നും ഈ രാജ്യത്തേക്ക് വരുന്ന ഓരോ വ്യക്തിയേയും രാജ്യത്തുള്ളവര്‍ സമതുല്യരായി കാണണം , സ്വീഡനില്‍ ജനിച്ച ഓരോ കുട്ടിയും ഏഴു വയസ്സ് മുതല്‍ പതിനാറു വയസ്സ് വരെ സ്കൂള്‍ പഠനം നിബന്ധമായും ചെയ്തിരിക്കണം. പേപ്പര്‍ പോലുള്ള വസ്തുക്കള്‍ റോഡിലോ മറ്റോ വലിചെരിഞ്ഞാല്‍ പിഴയോ അല്ലെങ്ങില്‍ വേസ്റ്റ് സാധങ്ങള്‍ വഴിയരികില്‍ ഉപേക്ഷിച്ചാല്‍ ഒരു വര്ഷം വരെ തടവിലിടാനൊ നിയമം ഉണ്ട്. പകരുന്ന അസുഖങ്ങള്‍ മറ്റുള്ളവരില്‍ നിന്നും നിന്നും മറച്ചു വെയ്ക്കുന്നത് നിയമവിരുദ്ധം ആണ്.കുട്ടികളെ ഉപദ്രവിക്കുന്നതും കര്‍ശനമായി തടയപെട്ടിരിക്കുന്നു. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹ ബന്ധം അനുവദിക്കപെട്ടിരിക്കുന്നു.പതിനെട്ടു വയസ്സിനു മുന്‍പ് മദ്യം, സിഗരറ്റ് പോലുള്ള വസ്തുക്കള്‍ വാങ്ങിക്കുവാനും നിയമം അനുവദിക്കുന്നില്ല.

വളരെ നല്ലൊരു ജനാധിപത്യരാജ്യം കൂടിയാണ് സ്വീഡന്‍. രാജ്യ തലവന്‍ പ്രധാനമന്ത്രി ആണെങ്കിലും ഔപചാരികമായ എല്ലാ ചടങ്ങുകളുടെയും തലവന്‍ രാജാവാണ്. കാള്‍ ഗുസ്താവ് ആണ് സ്വീഡനിലെ ഇപ്പോളത്തെ രാജാവ്. ഗുസ്താവിന്റെ മൂത്ത മകള്‍ ആയ വിക്ടോറിയ ആണ് സ്വീഡനിലെ രാജകുമാരി.
ഓരോ പാര്‍ട്ടിയും നിര്‍ദേശിക്കുന്ന നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നാല് വര്ഷം കൂടുമ്പോള്‍ ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കുന്ന പാര്‍ല്യമെന്റിലേക്കും, ലാന്‍ഡ്‌ സ്റ്റിംഗ് എന്ന് വിളിക്കപെടുന്ന 21 ഭരണ പ്രവിശ്യകളിലേക്കും , മുന്‍സിപാലിറ്റികളിലേക്കും പതിനെട്ടു വയസ്സ് പൂര്‍ത്തിയായ ഓരോ പൗരനും വോട്ട് ചെയ്യാം.ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗത്വമുള്ള വ്യക്തിയ്ക്ക് മാത്രമേ തിരഞ്ഞെടുപ്പിന് മത്സരിക്കുവാന്‍ ആകൂ.ഇന്ത്യയിലെ പോലെ തന്നെ രഹസ്യ ബാലറ്റ് സമ്പ്രദായത്തിലൂടെ ആണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ലോക്സഭയുടെ അദ്ധ്യക്ഷന്‍ സ്പീക്കര്‍ ആണ്. നാല് ശതമാനത്തില്‍ കുറയാതെ വോട്ട് എങ്കിലും ലഭിച്ച പാര്‍ട്ടിയ്ക്ക് മാത്രമേ പാര്‍ല്യമെന്റില്‍ പ്രവേശനം ഉള്ളൂ. 349 സീറ്റുകള്‍ ആണ് പാര്‍ല്യമെന്റില്‍ ഉള്ളത് 1900 മാണ്ടില്‍ അഞ്ചു പാര്‍ട്ടികള്‍ക്കു മാത്രമേ പാര്‍ലിമെന്റില്‍ അംഗത്തം ഉണ്ടായിരുന്നുള്ളൂ വാന്‍സ്റ്റര്‍പാര്‍ട്ടി (ഇടതു പാര്‍ട്ടി) എന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി , സോഷ്യല്‍ ഡെമോക്രാറ്റിക്‌ , സെന്റര്‍ പാര്‍ട്ടി, ഫോള്‍ക്ക് പാര്‍ട്ടി എന്ന ലിബറല്‍ പാര്‍ട്ടി, മോഡറെറ്റര്‍ന എന്നീ പാര്‍ട്ടികള്‍ ആയിരുന്നു അത്. പിന്നീടു വന്നവയാണ് ക്രിസ്ത് ഡെമോക്രാറ്റെര്‍ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌) മില്യോ പാര്‍ട്ടി, സ്വെറിയെ ഡെമോക്രാറ്റര്‍ന (സ്വീഡിഷ് ഡെമോക്രാറ്റിക്‌) എന്നീ പാര്‍ട്ടികള്‍. ഓരോ പാര്‍ട്ടികള്‍ക്കും പ്രവര്ത്തിക്കുന്നതിനായി സ്റ്റേറ്റ് തന്നെ സാമ്പത്തിക സഹായം നല്‍കി വരുന്നു. പാര്‍ട്ടി നേതാക്കന്മാര്‍ എല്ലാം തന്നെ അഴിമതി വിമുക്തരാണ്. പാര്‍ല്യമെന്റില്‍ ഇപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ല. ഏറ്റവും കൂടുതല്‍ സീറ്റ്‌ നേടിയ (107) മോഡരേറ്റര്‍ന പാര്‍ട്ടിയുടെ ഫ്രെഡ്രിക് റെയില്‍ഫെല്‍റ്റ് ആണ് ഇപ്പോള്‍ സ്വീഡനിലെ പ്രധാനമന്ത്രി.

ജൂണ്‍ ആദ്യം മുതല്‍ മദ്ധ്യവേനല്‍ ആഘോഷങ്ങള്‍ തുടങ്ങുകയായി.ജൂണ്‍ 19 നും 25 നും ഇടയ്ക്കായിരിക്കും മിഡ് സൊമ്മര്‍ ഡാഗ്(മിഡ്സമ്മര്‍ ഡേ) എന്ന മദ്ധ്യവേനല്‍ ആഘോഷം. ഈ ദിവസം സ്വെന്‍സ്കര്‍ പൂക്കള്‍ കൊണ്ട് റീത്ത് പോലെ ഉണ്ടാക്കി ശിരസ്സില്‍ ധരിക്കുന്നു . മരം കൊണ്ടുള്ള വലിയ കൊടിമരത്തില്‍ പൂക്കളും ഇലകളും കൊണ്ട് അലങ്കരിച്ചു ഉയര്‍ത്തുന്ന പരമ്പരാഗതമായ ഒരു ആഘോഷം ആണ് ഇതു. മെയ്പോള്‍ എന്നാന്നു ഈ കൊടിമരത്തിനു പറയുക. പിന്നീടു എല്ലാവരും ചേര്‍ന്ന് മെയ്‌പോളിന് ചുറ്റും പരമ്പരാഗത നൃത്തം വെയ്ക്കുകയും ചെയ്യുന്നു.

ഹെറിംഗ് (ഒരു തരം മത്തി) മത്സ്യത്തിന്റെ അച്ചാറും, പുഴുങ്ങിയ ഉരുളക്കിഴങ്ങും, പോര്‍ക്കിന്റെ വാരിയെല്ല് ഗ്രില്‍ ചെയ്തതും, പുകച്ച സാല്‍മന്‍ മത്സ്യം ,ബ്രൌണ്‍സോസ് ചേര്‍ത്ത മീറ്റ്‌ബാള്‍സ്, ലിന്ഗോന്‍ബെറിജാം ചേര്‍ത്ത പാന്‍കേക്ക് ഇതൊകെ സ്വെന്‍സ്കരുടെ പ്രധാന ആഹാരം. ആടിന്റെയും, ഗോക്കളുടെയും എല്ലാം വാരിയെല്ല് ആണത്രേ ഏറ്റവും രുചികരമായ ഭാഗം.ബീഫ് ദോശകല്ലില്‍ വെച്ച് തിരിച്ചും മറിച്ചും വേവിച്ചെടുക്കുന്ന സ്റ്റീക്ക് വളരെ രുചികരം ആണ്.
ഉണങ്ങിയ റോട്ടിക്കിടയില്‍ മാംസത്തിന്റെ പാളി വെച്ച സ്മോര്‍ഗോസ് എന്ന സാന്‍ഡവിച്ചും, പുളിയിലാത്ത തൈരോ പാലോ ചേര്‍ത്ത കോണ്‍ഫ്ലേക്സും,വിവിധതരം ധാന്യങ്ങളും ഉണങ്ങിയ പഴങ്ങളും ചേര്‍ത്ത യോഗര്‍ട്ട് ഇതൊക്കെ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. കൂടാതെ പുകച്ച മത്സ്യങ്ങള്‍, മാംസങ്ങള്‍ ഒക്കെ ആണ് ഇവരുടെ പ്രിയപ്പെട്ട ആഹാര സാധനങ്ങള്‍.. വളരെയേറെ കാപ്പി കുടിക്കുന്ന ശീലക്കാരാണ് സ്വെന്‍സ്കര്‍.ഒരു ദിവസം 2 ലിറ്റര്‍ കാപ്പി വരെ കുടിക്കുന്നവരുണ്ട് പോലും.കഠിനമായ തനുപ്പിന്റെ ആധിക്യം കൊണ്ടോ ,ഏറെ കാപ്പി കുടിക്കുന്നതു ശീലം കൊണ്ടോ എന്തോ സ്വെന്‍സ്കരില്‍ പലരുടെയും പല്ലുകള്‍ കറ പിടിച്ചു വൃത്തിയില്ലാത്തത് പോലെ തോന്നിച്ചു.
ഈ യുഗത്തിലും കാടുമായി ബന്ധപെട്ടു ജീവിക്കുവാന്‍ ഇഷ്ടപെടുന്നവരാണ് അധികം പേരും. ആപ്പിള്‍,പിയര്‍ തുടങ്ങിയ അപൂര്‍വ്വം ചില ഫലങ്ങളെ ഇവിടെ കാണാനാകൂ.ആപ്പിള്‍ മരങ്ങള്‍ ധാരാളം കണ്ടു വരുന്നു, വഴിയരികിലും ഒഴിഞ്ഞ പ്രദേശങ്ങളിലും കാണുന്ന ആപ്പിള്‍ മരങ്ങളില്‍ നിന്നും ആര്‍ക്ക് വേണമെങ്കിലും പറിക്കാം. വേനല്‍ക്കാലങ്ങളില്‍ കാടുകളില്‍ കണ്ടുവരുന്ന പലതരം ബെറികള്‍ ഉപയോഗിച്ച് ജാമുകളും, മറ്റും ഉണ്ടാക്കി സൂക്ഷിക്കുന്നു. ലിന്ഗോന്‍ ബെറി, ഹാലോന്‍, ക്രാന്‍ബെറി,ബ്ലൂബെറി എന്നിവയാണ് കാടുകളില്‍ കാണപ്പെടുന്ന ബെറികള്‍. കൂടാതെ പലതരം കൂണുകളും കാടുകളില്‍ നിന്ന് ശേഖരിക്കുന്നു. കന്ടറല്‍ എന്ന മഞ്ഞ നിറമുള്ള ഒരു തരം കൂണ് ആണ് കാടുകളില്‍ ഏറെയും കണ്ടു വരുന്നത്. ഈ കൂണുകള്‍ എല്ലായിടത്തും കാണുവാനാകില്ല. അനിക എന്ന സഹപ്രവര്‍ത്തകയുടെ സഹായത്തോടെ ഈ കൂണ്‍ ശേഖരിക്കുന്നത് എങ്ങിനെ എന്ന് ഞങ്ങളും പഠിച്ചു.വിഷമുള്ള കൂണുകള്‍ ഏതെന്നു അനിക വിവരിച്ചു തന്നു.ഹേമന്ത കാലങ്ങളില്‍ ഉപയോഗിക്കുന്നതിനായി കൂണുകള്‍ ഉണക്കിയും പഴങ്ങളും, പച്ചക്കറികളും സംസ്കരിച്ചും മത്സ്യങ്ങള്‍ പുകച്ചും സൂക്ഷിക്കുന്നു. ശിശിരകാലതോടെ കൂണുകളും, ബെറികളും അപ്രത്യക്ഷമാകുന്നു.

ആദ്യ ജനവിഭാഗം
ബി സി 6000 നു മുന്‍പാണ് സ്വീഡനില്‍ ജനവിഭാഗം എത്തി തുടങ്ങിയത് അതുവരെ ഹിമനിരകളാല്‍ മൂടപ്പെട്ടു കിടന്ന ഒരു പ്രദേശം ആയിരുന്നു ഇത്.പിന്നീടു മഞ്ഞുരുകുകയും സസ്യങ്ങള്‍ക്കും , ജീവജാലങ്ങള്‍ക്കും ജീവിക്കുവാനുള്ള അന്തരീക്ഷം സ്രിഷ്ടിക്കപ്പെടുകയും ഉണ്ടായി.ശിലായുഗത്തില്‍ മനുഷ്യന്‍ അവന്റെ സവിശേഷ ബുദ്ധി ഉപയോഗിച്ച് കല്ലുകള കൊണ്ടും, മരങ്ങള്‍ കൊണ്ടും ഉണ്ടാക്കിയ ആയുധങ്ങള്‍ ഉപയോഗിച്ച് വേട്ടയാടിയും, മീന്‍ പിടിച്ചും മറ്റും ജീവിച്ചു പോന്നു. അയോയുഗത്തിനു ശേഷം ആണ് ഇവര്‍ കൃഷിയെ ആശ്രയിച്ചു തുടങ്ങിയത്.രാജ്യത്തെ സമ്പന്നമാക്കിയത് ഇരുമ്പയിര്‍ നിക്ഷേപങ്ങള്‍ ആയിരുന്നു.ഇരുമ്പു കൂടാതെ ചെമ്പും, വെള്ളിയും ഖനനം ചെയ്തിരുന്നു. ഏറെ ചിലവേറിയ ഒരു പ്രക്രിയ ആയതിനാല്‍ മൈനുകള്‍ ഒന്നും തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇന്നിപ്പോള്‍ എല്ലാ മൈനുകളും ടൂറിസ്റ്റ് സഞ്ചാര കേന്ദ്രങ്ങള്‍ മാത്രം ആണ്.

സാമിയര്‍

സ്വീഡനിലെ ആദ്യ ജനവിഭാഗങ്ങളില്‍ പെടുന്നവരാണ് സാമിയര്‍.നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്‌,റഷ്യ എന്നിവിടങ്ങളില്‍ കുടിയേറി താമസമാക്കിയ ഇവരുടെ നാടിനെ സാപ്മി എന്നാണ് അറിയപ്പെട്ടിരുന്നത്. ഏറ്റവും ഉത്തര ഭാഗത്ത് തണുപ്പിനെ അതിജീവിച് കൂടാരങ്ങള്‍ കെട്ടി കഴിഞ്ഞിരുന്ന ഇവര്‍ ആദ്യകാലങ്ങളില്‍ കാടുകളെ ആശ്രയിച്ചു മാത്രം ആണ് കഴിഞ്ഞിരുന്നത് . ആദ്യമൊക്കെ ഭക്ഷണത്തിനായി കാടുകളില്‍ നിന്നും വേട്ടയാടി പിടിച്ചിരുന്ന റിയനനുകള്‍ എന്ന് വിളിക്കപെടുന്ന റെയിന്‍ ഡിയര്‍ മാനുകളെ (ഉത്തരധ്രുവപ്രദേശങ്ങളില്‍ കണ്ടു വരുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ പോലെ കൊമ്പുകള്‍ ഉള്ള ഒരുതരം കലമാന്‍) വളര്‍ത്തുന്നത് പിന്നീടു കുലത്തൊഴില്‍ ആയി സ്വീകരിച്ചു. വസ്ത്ര നിര്‍മാണത്തിന് മാനിന്റെ തോലും, ആഹാരത്തിനു മാംസവും ഉപയോഗിച്ചിരുന്നു, അങ്ങിനെ റിയനനുകള്‍ ഇവരുടെ സമ്പത്തായി തീര്‍ന്നു. ഇന്ന് ഇരുപതു ശതമാനം സാമിയറുകള്‍ മാത്രം ആണ് റെയിന്‍ ഡിയറുകളെ വളര്‍ത്തുന്നത്.
പ്രകൃതി ശക്ത്തികളെ ആയിരുന്നു സാമിയര്‍ ആരാധിച്ചു പോന്നിരുന്നത്. പിന്നീടു ഇവര്‍ കത്തോലിക്ക മതവിഭാഗത്തിലെക്ക് നിര്‍ബന്ധ പൂര്‍വ്വം ചേര്‍ക്കപെടുകയുണ്ടായി.അതിനു വേണ്ടി പള്ളികളില്‍ ബൈബിള്‍ സാമിസ്ക എന്ന സാമിയരുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും, സാമിയര്‍ സമുദായത്തിലെ യുവാക്കളെ പുരോഹിതന്മാര്‍ ആക്കുകയും ചെയ്തു. ഇപ്പോള്‍ സ്വെന്‍സ്കരെ പോലെ തന്നെ കത്തോലിക്ക മത വിഭാഗത്തില്‍ നിന്നും വേര്‍പെട്ടു സ്വതന്ത്ര ജനവിഭാഗം ആണിവര്‍.

മദ്ധ്യയുഗത്തില്‍ കല്ലുകള്‍കൊണ്ടായിരുന്നു വീടുകള്‍ പണിതിരുന്നത്‌. ഇതുപോലെ നിര്‍മ്മിച്ച കെട്ടിടങ്ങളും പള്ളികളും രാജ്യത്തുടനീളം കാണാം. കിഴക്ക് ബാള്‍ട്ടിക്ക് കടലില്‍ കിടക്കുന്ന രണ്ടു പ്രധാനപെട്ട ദ്വീപുകള്‍ ആണ് ഓലാന്‍ഡ്‌, ഗോത്ത് ലാന്‍റ് . സ്വീഡനിലെ ഒരു പ്രധാനപെട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ഗോത്ത് ലാന്‍ഡ്‌ ആണ് വലിയ ദ്വീപ്. ഇവിടുത്തെ പ്രധാന പട്ടണമായ വിസ്ബിയിലേക്ക് കപ്പല്‍ മാര്‍ഗമോ, വിമാന മാര്‍ഗമോ പോകാം. തകര്‍ന്ന കെട്ടിടങ്ങളുടെയും, റോസപൂക്കളുടെയും നാട് എന്നാണ് വിസ്ബി അറിയപ്പെടുന്നത്. മദ്ധ്യയുഗത്തില്‍ പണികഴിപ്പിച്ച അനേകം കെട്ടിടങ്ങളും പള്ളികളും ഇവിടെ കാണാം. കാല്‍കീന്‍ എന്ന് വിളിക്കപ്പെടുന്ന കല്ലുകള്‍ ഗോത്ത് ലാന്റ്റില്‍ ധാരാളം കണ്ടു വരുന്നു. പ്രധാനമായും സിമെന്റ് നിര്‍മാണത്തിനു വേണ്ടി ഇതുപയോഗിക്കുന്നു.

ലാപ്പ് ലാന്‍ഡ്‌

ഏറ്റവും ഉത്തരഭാഗത്ത് ഫിന്‍ലന്‍ഡുമായി കൂടിച്ചേരുന്ന ഭാഗത്താണ് ലാപ്പുവര്‍ഗക്കാരുടെ നാടായ ലാപ്പ് ലാന്‍ഡ്. തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ് ഇത്. ഇന്നിപ്പോള്‍ ഇവിടുത്തെ കാടുകളില്‍ മാത്രമാണ് റെയിന്‍ഡിയര്‍ മാനുകളെ കണ്ടു വരുന്നത്. കഠിനാധ്വാനികളായ ലാപ്പുകള്‍ ഹേമന്തകാലത്ത് റെയിന്‍ഡിയര്‍ മാനുകളുടെ തോലും, മാംസവും മറ്റും കമ്പോളങ്ങളില്‍ വിറ്റഴിക്കുവാനായി മഞ്ഞില്കൂടി വലിച്ചു കൊണ്ടുപോകുന്ന ചക്രങ്ങള്‍ ഇല്ലാത്ത വണ്ടി ഉപയോഗിച്ചിരുന്നു. സംഗീതപ്രിയരായ ആളുകള്‍ ആണ് സ്വെന്‍സ്കര്‍. 600,000 പേരെങ്കിലും വിവിധ ഗായക സംഘങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. സ്വീഡന്റെ യോര്‍ഗന്‍ എലോഫ്സന്‍ , മാക്സ് മാര്‍ട്ടിന്‍ എന്നിവര്‍ ലോകത്തെ തന്നെ പ്രസിദ്ധ സംഗീത രചയിതാക്കളില്‍ രണ്ടുപേരാണ്. ലോക പ്രസിദ്ധമായ സംഗീത ഗ്രൂപ്പായ സ്വീഡന്റെ അബ്ബ അമേരിക്കയിലും പ്രശസ്തമായിരുന്നു.

സന്താന നിയന്ത്രണം ഇവിടെ ഇല്ല, മാത്രമല്ല സന്താനവര്‍ദ്ധന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ജനിക്കുന്ന ആദ്യത്തെ കുട്ടിക്ക് സര്‍ക്കാരില്‍ നിന്നും ഒരു നിശ്ചിത തുക അലവന്‍സ് ലഭിക്കുന്നു. രണ്ടാമത്തെ കുട്ടിക്ക് അതിലും കൂടുതല്‍ തുക ലഭിക്കുന്നു. ഇങ്ങിനെ കുട്ടികളുടെ എണ്ണം അനുസരിച് അലവന്‍സും കൂടി കൊണ്ടിരിക്കും. സ്വെന്‍സ്കരുടെ കുടുംബജീവിതം രസകരമായി നമുക്ക് തോന്നും. 90 ശതമാനം കുട്ടികളും വിവാഹം കഴിക്കാത്ത അച്ഛനമ്മമാരുടെ കൂടെ ജീവിക്കുന്നു . ഇതില്‍ മുപ്പതു ശതമാനം കുട്ടികളും തങ്ങളുടെ രണ്ടാനമ്മയുടെയോ രണ്ടാനച്ചന്റെയോ കൂടെ കഴിയുന്നവരായിക്കും. ജീവിതത്തില്‍ പരസ്പരം യോചിക്കുവാന്‍ കഴിയില്ലെങ്ങില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കാതെ പിരിഞ്ഞു പോകുന്ന ഒരു പതിവാണ് ഇവിടെ. ജോലിയില്ലാത്ത ഒരു സ്ത്രീ ആണെങ്ങില്‍ വീടും,ധനസഹായവും ലഭിക്കുന്നു .വൈരാഗ്യമോ, പരസപര മത്സരമോ ഇവര്‍ക്കിടയില്‍ കാണുന്നില്ല അതുകൊണ്ട് തന്നെ ഇത്തരം പിരിയലുകള്‍ കുട്ടികളുടെ ജീവിതത്തെ ബാധിക്കാറുമില്ല, അച്ഛനമ്മമാര്‍ പിരിഞ്ഞു കഴിഞ്ഞാലും നിയമം അനുസരിച് കുട്ടികള്‍ ഓരോ ആഴ്ചയിലും മാറി മാറി രണ്ടു പേരുടെ കൂടെയും ജീവിക്കുന്നു. കുടുംബ ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്ന നമുക്ക് ഇത് അന്ഗീകരിക്കാന്‍ വളരെ പ്രയാസം തോന്നമെങ്കിലും ഇത്തരം പ്രശങ്ങള്‍ ഇവരുടെ ജീവിതത്തെ ഒരു തരത്തിലും ബാധിച്ചു കണ്ടിട്ടില്ല. എണ്‍പത്തി ഒന്ന് ശതമാനം അമ്മമാരും തൊന്നൂറ്റി രണ്ടു ശതമാനം പിതാക്കന്മാരും ജോലി ചെയ്യുന്നവരാണ്… ഒരു കുട്ടി ജനിച്ചാല്‍ 480 ദിവസത്തെ അവധിയും മാതാപിതാക്കള്‍ക്ക് ലഭിക്കുന്നു..

കൂടാതെ 16 വയസ്സുവരെ സര്‍ക്കാരില്‍ നിന്നും ആനുകൂല്യമായി കുട്ടികളുടെ പേരില്‍ ഒരു തുക അമ്മമാര്‍ക്ക് ലഭിക്കുന്നു . സംഗീതം ആസ്വദിക്കാനും, കൂട്ടുകാരുടെ കൂടെ സമയം ചിലവഴിക്കാനും ആണ് ഏറെ കുട്ടികള്‍ക്കും ഇഷ്ടം. അറുപതു ശതമാനം കുട്ടികളും എന്തെങ്കിലും സംഗീത ഉപകരണം പഠിക്കുന്നവരാണ്. സ്പോര്‍ട്സില്‍ വളരെ തല്പരര്‍ ആയ സ്വെന്‍സ്കര്‍ കുട്ടികളെയും ആ വഴിക്ക് തന്നെ പോകുവാന്‍ പ്രേരണ കൊടുക്കാറുണ്ട് .ഐസ്ഹോക്കി, നീന്തല്‍, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ജിംനാസ്റ്റിക്സ്‌ എന്നിവയാണ് പ്രധാന വിനോദങ്ങളെങ്കിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കായിക വിനോദം ഫുട്ബോള്‍ തന്നെ. കുട്ടികളുടെ കഴിവുകളെ കണ്ടറിയുന്ന തരത്തിലുള്ള ഒരു പഠന രീതിയാണ് ഇവിടെ. ടെക്നോളജിയിലും, വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും ഉള്ള യുവതലമുറയുടെ അഭിരുചിയെ ഏറെ പ്രോത്സാഹിപ്പിക്കയും, അതിനുവേണ്ടി സ്കൂളുകള്‍ വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കയും ചെയ്യുന്നു. ജൂലൈ മാസത്തോടെ മണ്‍സൂണ്‍ ആരഭിക്കുന്നു.ചെറിയ ചാറ്റല്‍ മഴ അല്ലാതെ ശക്തമായ മഴയൊന്നുംഇവിടെ ഉണ്ടാകാറില്ല. വേനല്‍ക്കാലത്തിന്റെ അവസാനത്തോടുകൂടി ശിശിരകാലം ആരംഭിക്കുന്നു..
മരങ്ങളൊക്കെയും വിവിധ വര്‍ണങ്ങളില്‍ ഉള്ള ഇലകള്‍ കൊണ്ട് മനോഹരമാകും, മഞ്ഞയും പച്ചയും, ചുവപ്പും നിറങ്ങളില്‍ പ്രകൃതി ഒട്ടാകെ വിസ്മയിപ്പിക്കുന്ന ഒരു മനോഹാരിതയാണ്. വര്ണ പരവതാനി വിരിച്ചതുപോലെ നിരത്തുകള്‍ ഒക്കെയും ഇലകള്‍ കൊണ്ട് മൂടും. ഏക്ക് എന്ന് വിളിക്കപ്പെടുന്ന മേപ്പിള്‍ മരങ്ങള്‍ ആണ് ഏറ്റവും മനോഹരം. കാടുകളില്‍ നിന്നും കൂണുകളും, കൊടും ശൈത്യത്തില്‍ നിന്നും രക്ഷനേടാനായി ദേശാടനപക്ഷികള്‍ ദക്ഷിണ ഭാഗത്തെ രാജ്യങ്ങളിലേക്ക് യാത്രതിരിക്കുന്നതും ശിശിരകാലത്തിന്റെ അവസാനത്തോടെ ആണ് .ശിശിരകാലത്തിന്റെ ഒടുവില്‍ ഹേമന്ത കാലത്തിന്റെ വരവറിയിച്ചുകൊണ്ട് നരച്ച പകലുകള്‍ ആരംഭിക്കുകയായി. ഇടയ്ക്കിടയ്യ്ക്കുള്ള മഴയും, അസഹനീയമായ കാറ്റും , തണുപ്പും സൂര്യനുധിക്കാത്ത പകലുകളും കൊണ്ട് വിരസമായ പ്രതീതി തോന്നും. നവംബര്‍ മദ്ധ്യത്തോടെ മഞ്ഞു പൊഴിയുന്ന ഹേമന്തകാലം വരവായി.പഞ്ഞി കഷണങ്ങള്‍ പോലെയുള്ള ഹിമകഷണങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും താഴേയ്ക്ക് പാറി വീഴുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്.. നിരത്തുകളിലും, മരങ്ങളിലും, കെട്ടിടങ്ങളുടെ മുകളിലും നനഞ്ഞ പഞ്ചസാരപോലെയുള്ള ഹിമകണങ്ങള്‍ വന്നു മൂടും. രാത്രിയില്‍ ഈ മഞ്ഞുകണങ്ങള്‍ വജ്രം പോലെ വെട്ടിതിളങ്ങും, മാത്രമല്ല പ്രകൃതിയ്ക്ക് നല്ലൊരു ശോഭയും ഉണ്ടായിരിക്കും. ഹേമന്ത കാലത്ത് പകലുകള്‍ക്ക്‌ നീളം കുറയുന്നു. നാലോ അഞ്ചോ മണിക്കൂര്‍ മാത്രമേ പകല്‍ വെളിച്ചം ലഭിക്കുകയുളൂ. ജനുവരിയോടുകൂടി തണുപ്പിന്റെ ആധിക്യം കൂടുതലാകുന്നു . വീടുകളില്‍ ചൂടിനു വേണ്ടി ഏറെപേരും വിറകടുപ്പുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഫ്ലാറ്റുകളില്‍ സര്‍ക്കാരിന്റെ സെന്‍ട്രല്‍ ഹീറ്റിംഗ് സംവിധാനം തന്നെയാണ്. മധ്യസ്വീഡനില്‍ മൈനസ് 30 വരെ ആകുമ്പോള്‍ ഉത്തര ഭാഗത്ത് മൈനസ് 50, 60 വരെ തണുപ്പ് കൂടാറുണ്ട്.
പഞ്ചസാരപോലെയുള്ള മഞ്ഞിലൂടെ നടക്കുന്നത് നല്ല രസമുള്ളതാണെങ്കിലും ചിലയിടങ്ങളില്‍ അപകടവും ഉണ്ട്. ദിവസം തോറും വീണുകൊണ്ടിരികുന്ന മഞ്ഞു ഉറച്ചു കട്ടിയായി ഉപരിഭാഗം വഴുക്കല്‍ ഉള്ളതാകുന്നു ഇതിലൂടെ ചവിട്ടി നടക്കുമ്പോള്‍ കാല്‍ വഴുതി വീഴാന്‍ സാധ്യത ഏറെയാണ്. മഞ്ഞില്‍ തെന്നി വീണു പരിക്ക് പറ്റുന്നത് ഈ കാലത്ത് നിത്യസംഭവമാണ്. ഡിസംബറിന്റെ തുടക്കത്തോടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങുകയായി. ക്രിസ്തുമസിനെ യൂള്‍ എന്നാണു സ്വെന്‍സ്കര്‍ പറയുന്നത് , ക്രിസ്തുമസ്ട്രീയെ യൂള്‍ഗ്രാന്‍ എന്നും വിളിക്കുന്നു. മത വിശ്വാസികള്‍ അല്ലെങ്കിലും ക്രിസ്തുമസ് ആഘോഷം ഇവര്‍ക്ക് പ്രധാനം ആണ്. വീടുകളും കടകളും നിരത്തുകളും എല്ലാം മനോഹരമായി അലങ്കരച്ചിരിക്കും. പള്ളികളില്‍ ഈ ദിവസങ്ങളില്‍ സംഗീത പരിപാടികളും മറ്റും സംഘടിപ്പിക്കുന്നു. ക്രിസ്തുമസ്‌ ആഘോഷം ഒരു കുടുംബ കൂട്ടായ്മ മാത്രം ആണിവര്‍ക്ക്. പോര്‍ക്കിന്റെ തുടഭാഗം ആണ് ക്രിസ്തുമസിന്റെ പ്രധാന വിഭവം.കൂടാതെ യൂള്‍മുസ്റ്റ്‌ എന്ന ഒരു പാനീയവും, കേക്ക്, പുഴുങ്ങിയ ഉരുളകിഴങ്ങ് , സാല്‍മന്‍ മത്സ്യം, പോര്‍ക്ക്‌പൈ, പ്രിന്‍സ്കോര്‍വ് എന്ന് വിളിക്കുന്ന സോസേജ്, കാല്കൂണ്‍ എന്ന് വിളിക്കുന്ന ബേക്ക് ചെയ്ത ടര്‍ക്കികോഴി പലതരം റൊട്ടികള്‍ ഇതൊക്കെയും ക്രിസ്തുമസിന്റെ പ്രധാന വിഭവങ്ങള്‍ തന്നെ.ക്രിസ്തുമസ്‌ പോലെ തന്നെ പൂസ്ക് എന്ന് വിളിക്കപെടുന്ന ഈസ്റ്റരും പ്രധാന ആഘോഷമാണ്.
സൂര്യസ്പര്‍ശം ഏല്‍ക്കാത്ത ഘോരവനങ്ങളും, മനോഹരമായ തടാകങ്ങളും, പരദേശികളെ തങ്ങള്‍ക്ക് തുല്യരായി കണ്ടുകൊണ്ടു സന്തോഷത്തോടെ സ്വീകരിക്കുന്ന ശുദ്ധഹൃദയരായ മനുഷ്യരെയും ലോകത്ത് മറ്റെവിടെയെങ്ങിലും കാണുവാന്‍ ആകുമോ എന്ന് എനിക്ക് സംശയമാണ്. അതുകൊണ്ട് തന്നെ ഈ നാട് എനിക്ക് എന്ന പോലെ തന്നെ ഇവിടെ വരുന്നവര്‍ക്കെല്ലാം ഇഷ്ടപെടുവാന്‍ ഏറെ കാലതാമസം വേണ്ടി വരില്ല. പ്രവാസത്തിന്റെ സുഖ ദുഃഖങ്ങള്‍ പങ്കിട്ട് ഇന്നാട്ടില്‍ ഇനിയെത്ര കാലം ഇവിടെ എന്ന ചോദ്യത്തിനു ഇനിയും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മനസ്സ് സംതൃപ്തമാണ്. സ്വീഡന്‍ സംസ്കാരവും സൌന്ദര്യവും പോലെ തന്നെ..

 

37 Comments

 1. നല്ലൊരു വിവരണം നല്ല വായന സുഖം ചില കാര്യങ്ങള്‍ അറിവില്ലത്തവ ആയിരുന്നു നന്ദീ ബിന്ദു ജയകുമാര്‍

 2. കുറച്ചുകൂടി കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒന്നു വലുതാക്കുകയും കുറച്ചുചിത്രങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്താല്‍ ഒരു ബുക്ക് ഇറക്കുന്നതിന് സ്‌കോപ്പുണ്ട് ബിന്ദു. ലേഖനം നന്നായിട്ടുണ്ട്. എഴുത്ത് കളയാതെ സൂക്ഷിക്കുക.

 3. Hi Bindu Chechi…I never expected this from you…to be very frank, it was a big surprise !
  Your writing is simply superb ! Hope you can do wonders in this field…God Bless You!

 4. സ്വീഡനെ കുറിച്ച് , കുറച്ചല്ല നല്ല ഒരു വിവരണം തന്നെ തന്നതില്‍ ബിന്ദുവിനു നന്ദി ..പാതിരാക്കും സൂര്യനെ കാണുന്ന നാട് ..നല്ലൊരു വിദ്യാര്‍ഥിയെ കൂടി ബിന്ദുവില്‍ കാണാന്‍ കഴിഞ്ഞു …നന്നായി എഴുതുന്നു ബിന്ദു …എഴുത്ത് വിടെണ്ടാ….

 5. എഴുത്തു ഇങ്ങനെയും കൂടിയാണ്. കണ്ണാടിപോലെ പ്രതിഫലിപ്പിക്കണം…. ഓരോ പുല്‍കൊടി തുമ്പും അനുഭവവേദ്യമാവണം. വായനക്കാരനെ സ്വന്തം ഭാഷക്കൊപ്പം നടത്തിക്കണം. ഇത്ര നീണ്ടത്, വായനയോടുള്ള വെല്ലുവിളിയാണ്. മുഷിയാത്തതും ലളിതവുമായ വര്‍ണ്ണനയാല്‍ കൂടേ കൂട്ടാന്‍ കഴിഞ്ഞതില്ലൂടെ ആ വെല്ലുവിളി വായനക്കാര്‍ അറിയാതേ അലിയിച്ചുകളഞ്ഞതാണ് ഈ എഴുത്തിലെ ഭായുടെ വിജയം… ഒരു രാജ്യത്തിന്റെ മണ്ണും വിണ്ണും നിറങ്ങളും സംസ്കാരവുമെല്ലാം ഹൃദയത്തിലേക്ക് പകര്‍ത്തി തന്നതിനും, അതിനു അവസരമൊരുക്കിയ വെട്ടത്തിനും ഒരു പാട് നന്ദി!!!

  • എഴുത്തു ഇങ്ങനെയും കൂടിയാണ്.

   കണ്ണാടിപോലെ പ്രതിഫലിപ്പിക്കണം….

   ഓരോ പുല്‍കൊടി തുമ്പും അനുഭവവേദ്യമാവണം.

   വായനക്കാരനെ സ്വന്തം ഭാഷക്കൊപ്പം നടത്തിക്കണം.

   ഇത്ര നീണ്ടത്, വായനയോടുള്ള വെല്ലുവിളിയാണ്.

   മുഷിയാത്തതും ലളിതവുമായ വര്‍ണ്ണനയാല്‍ കൂടേ കൂട്ടാന്‍ കഴിഞ്ഞതില്ലൂടെ ആ വെല്ലുവിളി വായനക്കാര്‍ അറിയാതേ അലിയിച്ചുകളഞ്ഞതാണ് ഈ എഴുത്തിലെ ഭാഷയുടെ വിജയം…

   ഒരു രാജ്യത്തിന്റെ മണ്ണും വിണ്ണും നിറങ്ങളും സംസ്കാരവുമെല്ലാം ഹൃദയത്തിലേക്ക് പകര്‍ത്തി തന്നതിനും, അതിനു അവസരമൊരുക്കിയ വെട്ടത്തിനും ഒരു പാട് നന്ദി!!!

 6. സ്വീഡൻ എന്ന രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും എന്തോ ഒരിഷ്ടം നേരത്തെ തോന്നിയിരുന്നു !
  ബയോണ്‍ ബോര്ഗ് എന്ന ലോക പ്രശസ്ത ടെന്നീസ് കളിക്കാരന്റെ നാടുകൂടിയാണ് സ്വീഡൻ എന്നാണ്
  എന്റെ ഓര്മ !എന്തായാലും ഈ യാത്രാവിവരണം ആ രാജ്യത്തോടുണ്ടായിരുന്ന മമത ഒന്നുകൂടി
  ദൃഡമായി !കണ്ടിട്ടില്ലാത്ത രാജ്യങ്ങളെപ്പറ്റിയുള്ള വിവരണങ്ങൾ നമുക്ക് ചെറിയ യാത്രാനുഭവങ്ങൾ
  നല്കും !നന്നായിട്ടുണ്ട് ഈ ചെറു യാത്രാ വിവരണം .ചുരുക്കിയെഴുതുവാൻ പരമാവധി ശ്രമിച്ചതായി
  തോന്നുന്നു !ഒരു ചാനലിൽ വരുന്ന യാത്രാവിവരണ ശൈലി സ്വാധീനിച്ചിട്ടുണ്ടോ എന്ന നേരിയ ഒരു
  സംശയം ഉള്ളിലുണ്ടായി !

 7. ബിന്ദു എഴുത്ത് നന്നായിട്ടുണ്ട് , വളരെ വ്യക്തതയോടെ എഴുതി , അഭിനന്തനം .
  (എന്തായാലും ഇന്ത്യന്‍ സിനിമകളോട് മറ്റു രാജ്യക്കര്‍ക്കുള്ള അഭിനിവേശം എന്നെ അതിശയിപ്പിച്ചു കാരണം ഞാന്‍ ഹിന്ദി സിനിമകളൊന്നും ഏറെ കാണുമായിരുന്നില്ല.) തുറന്നു സമ്മതിക്കല്‍ ..

 8. പുതിയ അറിവുകള്‍ പകര്‍ന്നു തന്ന ബിന്ദു ചേച്ചിക്ക് അഭിനന്ദനങ്ങള്‍ ..വായിച്ചു കഴിഞ്ഞപ്പോള്‍ അടുത്ത ജന്മത്തില്‍ എങ്കിലും അവിടെ ജനിക്കണം എന്ന് തോന്നി ..എന്തായാലും അവിടെ ചെന്ന് പെട്ട മലയാളി ഒരു സഹൃദയത്വമുള്ള മലയാളി ആയത് കൊണ്ട് ഇതെല്ലം വായിക്കാന്‍ പറ്റി….ഒരു കാര്യം കൂടി ചേര്‍ത്താല്‍ നന്നായിരിക്കും അവിടുത്തെ തൊഴില്‍ ജീവിതവും നിയമങ്ങളും ..തൊഴിലാളികളോടുള്ള സമീപനവും മറ്റും ..

 9. വളരെ നന്നായി എഴുതി. കുറച്ച് നല്ല സ്വീഡൻ ജീവിതാനുഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ നല്ലൊരു പുസ്തകമാക്കി ഇറക്കാം. All the very best.

 10. യൂറോപ്പ്യൻ രാജ്യങ്ങൾ ഔദ്യോ ഗപരമായി സന്ദര്ശിയ്ക്കുമ്പോൾ ,എ പ്പോഴും തോന്നിയ ഒരു കാര്യമുണ്ട് ..അവർ എത്ര സ്നേഹ സമ്പന്നരും അച്ചടക്കവും ..എത്ര ചിട്ടയും ഉള്ളവരാണെന്ന് (എല്ലാ രാജ്യക്കാരും അല്ല ) അതിനു ഒരു പക്ഷെ ഈ മതവിശ്വാസ്സമില്ലായ്മ എന്നാ ഒരു വലിയ ഗുണം തന്നെയാകും കാരണം അവർ കളങ്കി തരും നുണ പാരായണവും നടത്തുന്നില്ലലോ ….

 11. ചേചി അടിപൊളി

  സ്വീടൻ മുഴുവൻ നടന്നു കണ്ട ഒരു ഫീലിങ്

 12. അങ്ങനെ ഞാൻ സ്വീഡനിലും പോയി വന്നു വളരെ നല്ല വിവരണം ചേച്ചീ… ഇനിയും പ്രതീക്ഷിക്കുന്നു…അഭിനന്ദനങ്ങള്‍

 13. വലിയ കൗതുകത്തോടെയാണ് ബിന്ദു ജയകുമാറിന്റെ സ്വീഡനെ ക്കുറിച്ചുള്ള വിവരണം വായിച്ചതു . ഒരു രാജ്യത്തിൻറെ ചരിത്രവും സാമൂഹ്യ ജീവിതസവിശേഷതകളും പഠിച്ചും മനസ്സിലാക്കിയും ഒരു മലയാളിക്ക് അത്യാവശ്യം താല്പര്യമുള്ള സംഗതികളെല്ലാം ചേർത്തും നന്നായി എഴുതിയിരിക്കുന്നു . .അഭിനന്ദനങ്ങൾ ………….ഇനിയും എഴുതുമല്ലോ .

 14. ചേച്ചീ അടിപൊളി…..ഇനി ഞാനില്ല ചേച്ചിയുടെ നാട്ടിലേക്കു……സ്വീഡൻ എന്റരികിൽ എത്തി…

 15. നല്ല വിവരണം.വായനയുടെ കൂടെ ആ സ്ഥലങ്ങളില്‍ എത്താന്‍ പറ്റി

Leave a Reply

Your email address will not be published.


*


*